പ്രഥമ സൂക്തത്തിലുള്ള هُمَزَة എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
പ്രഥമ സൂക്തത്തിലുള്ള هُمَزَة എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ഈ സൂറ മക്കയിലവതരിച്ചതാണെന്ന കാര്യത്തില്‍ എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും യോജിച്ചിരിക്കുന്നു. ഉള്ളടക്കവും ശൈലിയും പരിശോധിച്ചാലും മക്കയിലെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് മനസ്സിലാവും.
ജാഹിലിയ്യാ സമൂഹത്തിലെ ധനപൂജകരായ സമ്പന്നരില്‍ കണ്ടുവന്നിരുന്ന ചില ധാര്‍മിക ദൂഷ്യങ്ങളെ ആക്ഷേപിച്ചിരിക്കുകയാണിതില്‍. ആ തിന്മകള്‍ തങ്ങളുടെ സമൂഹത്തില്‍ നടമാടുന്നതായി ഓരോ അറബിക്കും അറിയാമായിരുന്നതാണ്. അവ തിന്മകള്‍തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതൊക്കെ നല്ലതാണെന്ന വിചാരം ആര്‍ക്കുമുണ്ടായിരുന്നില്ല. ആ ജുഗുപ്‌സാവഹമായ ചെയ്തികള്‍ എടുത്തുകാണിച്ചശേഷം അവ അനുവര്‍ത്തിക്കുന്നവരുടെ പാരത്രിക പര്യവസാനം എന്തായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുകയാണ്. അത്തരം നടപടികളുടെ അനന്തരഫലം അതുതന്നെയാണ് ആയിരിക്കേണ്ടത് എന്ന ബോധത്തില്‍ അനുവാചക മനസ്സ് സ്വയം എത്തിച്ചേരുന്ന രീതിയിലാണ് ഈ രണ്ടു കാര്യങ്ങളും (ആ ചെയ്തികളും അവയുടെ പാരത്രിക പര്യവസാനവും) വിവരിച്ചിട്ടുള്ളത്. ഈ വക തിന്മകളനുവര്‍ത്തിക്കുന്നവര്‍ ഭൗതികലോകത്ത് ഒരു ശിക്ഷയുമനുഭവിക്കാതെ സുഖിച്ചു മദിക്കുന്നതായി കാണപ്പെടുന്നതിനാല്‍ പരലോകത്തെങ്കിലും തീര്‍ച്ചയായും അതനുഭവിക്കേണ്ടത് അനിവാര്യമാണെന്ന് ചിന്താശക്തിയുള്ളവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. ഈ സൂറയെ, സൂറ അസ്സില്‍സാല്‍ മുതല്‍ ഇതുവരെയുള്ള സൂറകളുടെ നിരയില്‍വെച്ചു പരിശോധിച്ചാല്‍ മക്കയിലെ ആദ്യനാളുകളില്‍ ഇസ്‌ലാമികാദര്‍ശങ്ങളും അതിന്റെ ധാര്‍മികാധ്യാപനങ്ങളും ഏതു രീതിയിലാണ് ജനങ്ങളെ ഗ്രഹിപ്പിച്ചിരുന്നതെന്ന് നമുക്കു വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. സൂറ അസ്സില്‍സാലില്‍ പറഞ്ഞു: പരലോകത്ത് മനുഷ്യന്റെ കര്‍മരേഖകളത്രയും അവന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. ഇഹലോകത്ത് അവനില്‍നിന്നുണ്ടായ അണുഅളവ് നന്മയോ തിന്മയോ അതില്‍നിന്നു വിട്ടുപോയിട്ടുണ്ടാവില്ല. സൂറ അല്‍ആദിയാത്തില്‍, അറബികള്‍ക്കിടയില്‍ സര്‍വത്ര നടമാടിയിരുന്ന കൊള്ളയും കവര്‍ച്ചയും കൊലയും സംഘട്ടനങ്ങളും സൂചിപ്പിച്ചിരിക്കുന്നു. പിന്നെ ദൈവത്തിങ്കല്‍നിന്നു ലഭിച്ച കഴിവുകളെ ഈവിധം വിനിയോഗിക്കുന്നത് ഗുരുതരമായ നന്ദികേടാണെന്ന ബോധമുണര്‍ത്തിയ ശേഷം ജനങ്ങളോടു പറയുന്നു: ഈ നടപടികളൊന്നും ഈ ലോകംകൊണ്ട് അവസാനിച്ചുപോകുന്നില്ല. മരണാനന്തര ജീവിതത്തില്‍ നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമല്ല, അവക്കു പിന്നിലുള്ള ഉദ്ദേശ്യങ്ങള്‍ പോലും കണിശമായി പരിശോധിക്കപ്പെടുന്നതാണ്. ആര്, എന്തു സമീപനമര്‍ഹിക്കുന്നുവെന്ന് നിങ്ങളുടെ റബ്ബിന് നന്നായറിയാം. സൂറ അല്‍ഖാരിഅയില്‍ അന്ത്യനാളിനെ വര്‍ണിച്ചശേഷം മനുഷ്യരോടുണര്‍ത്തുന്നു: പരലോകത്ത് മനുഷ്യന്റെ പരിണതി നല്ലതോ ചീത്തയോ ആകുന്നത് അവന്റെ നന്മകളുടെ തട്ട് ഭാരിച്ചതോ ഭാരശൂന്യമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സൂറ അത്തകാസുറില്‍, ആളുകളെ അന്ത്യശ്വാസംവരെ പരസ്പരം മത്സരിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ ഐഹികലാഭങ്ങളും സുഖാഡംബരങ്ങളും സ്ഥാനമാനങ്ങളും വാരിക്കൂട്ടാന്‍ ത്വരിപ്പിക്കുന്ന ഭൗതികപൂജാപരമായ മാനസികാവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നു. തുടര്‍ന്ന് ഈ പ്രജ്ഞാശൂന്യതയുടെ അനന്തരഫലം ഇപ്രകാരമായിരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു: ഈ ലോകം, ആര്‍ക്കും എങ്ങനെ വേണമെങ്കിലും എത്ര വേണമെങ്കിലും കൈയിട്ടുവാരാവുന്ന ഒരനാഥക്കുടമൊന്നുമല്ല. ഇവിടെ ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും നിങ്ങളതെങ്ങനെ ആര്‍ജിച്ചുവെന്നും, ആര്‍ജിച്ചത് എങ്ങനെയൊക്കെയാണ് വിനിയോഗിച്ചതെന്നും നിങ്ങള്‍ റബ്ബിനോട് ഉത്തരം പറയേണ്ടതുണ്ട്. സൂറ അല്‍അസ്വ്‌റില്‍ തികച്ചും അസന്ദിഗ്ധമായ ശൈലിയില്‍ പ്രസ്താവിക്കുന്നു: മനുഷ്യവംശത്തിലെ ഓരോ വ്യക്തിയും ഓരോ സമുദായവും, അങ്ങനെ മുഴുവന്‍ മാനുഷ്യകവും മഹാനഷ്ടത്തിലകപ്പെടുന്നു--അതിലെ അംഗങ്ങള്‍ സത്യം വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും അവരുടെ സമൂഹത്തില്‍ പരസ്പരം സത്യമുപദേശിക്കുകയും ക്ഷമയും സഹനവും പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍. അനന്തരം സൂറ അല്‍ഹുമസയില്‍ ജാഹിലിയ്യാ നേതൃത്വത്തിന്റെ പ്രകടമായ ചില ദുശ്ശീലങ്ങള്‍--അത്തരം ദുശ്ശീലങ്ങളനുവര്‍ത്തിക്കുന്നവര്‍ നഷ്ടത്തിലകപ്പെടാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കുന്നതുപോലെ--ജനങ്ങളുടെ മുന്നില്‍ എടുത്തുകാട്ടിയിരിക്കുകയാണ്.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.