Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

الإِخْلاَص സൂറയുടെ പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാകുന്നു. തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതില്‍ പറയുന്നത്. മറ്റു ഖുര്‍ആന്‍ സൂറകള്‍ക്ക് പൊതുവില്‍ നിശ്ചയിക്കപ്പെട്ട പേരുകള്‍ അവയില്‍ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ്. എന്നാല്‍, ഇഖ്‌ലാസ്വ് എന്ന പദം ഈ സൂറയില്‍ എവിടെയും വന്നിട്ടില്ല. ഈ സൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശിര്‍ക്കില്‍നിന്ന് മുക്തരാകുന്നു എന്ന നിലക്കാണ് ഇതിന് അല്‍ഇഖ്‌ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

നാമം

الإِخْلاَص സൂറയുടെ പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാകുന്നു. തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതില്‍ പറയുന്നത്. മറ്റു ഖുര്‍ആന്‍ സൂറകള്‍ക്ക് പൊതുവില്‍ നിശ്ചയിക്കപ്പെട്ട പേരുകള്‍ അവയില്‍ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ്. എന്നാല്‍, ഇഖ്‌ലാസ്വ് എന്ന പദം ഈ സൂറയില്‍ എവിടെയും വന്നിട്ടില്ല. ഈ സൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശിര്‍ക്കില്‍നിന്ന് മുക്തരാകുന്നു എന്ന നിലക്കാണ് ഇതിന് അല്‍ഇഖ്‌ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.


അവതരണകാലം

ഇത് മക്കയിലവതരിച്ചതാണോ മദീനയിലവതരിച്ചതാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഇതിന്റെ അവതരണകാരണം സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ട നിവേദനങ്ങളാണ് ഈ തര്‍ക്കത്തിനാധാരം. നാമതു ക്രമപ്രകാരം താഴെ ഉദ്ധരിക്കുന്നു: 1. ത്വബറാനിN1476 അബ്ദുല്ലാഹിബ്‌നു മസ്ഊദിN1341ല്‍നിന്നു നിവേദനം ചെയ്യുന്നു:H1035 ഖുറൈശികള്‍ നബി (സ)യോട് അദ്ദേഹത്തിന്റെ റബ്ബിന്റെ വംശം (ഒരന്യനെ പരിചയപ്പെടാനുദ്ദേശിച്ചാല്‍ إنْسِبْهُ لَنا (അദ്ദേഹത്തിന്റെ വംശം ഞങ്ങള്‍ക്ക് പറഞ്ഞുതരൂ) എന്നു പറയുകയായിരുന്നു അറബികളുടെ സമ്പ്രദായം. കാരണം, പരിചയപ്പെടുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് അയാള്‍ ഏതു വംശക്കാരന്‍ (തറവാട്ടുകാരന്‍), ഏതു ഗോത്രക്കാരന്‍ എന്നൊക്കെയാണെന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് താങ്കളുടെ റബ്ബ് ആരാണ്, എങ്ങനെയുള്ളവനാണ് എന്ന് മുഹമ്മദി(സ)നോടന്വേഷിക്കാന്‍ അവര്‍ പറഞ്ഞത് إِنْسِبْ لَنا رَبَّكَ (താങ്കളുടെ റബ്ബിന്റെ വംശം ഞങ്ങള്‍ക്ക് പറഞ്ഞുതരൂ) എന്നായിരുന്നു.) പറഞ്ഞു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോഴാണ് ഈ സൂറ അവതരിച്ചത്. 2. ഉബയ്യുബ്‌നു കഅ്ബ്N1511 മുഖേന അബുല്‍ആലിയN125 നിവേദനം ചെയ്യുന്നു:H1036 ''മുശ്‌രിക്കുകള്‍ റസൂല്‍ തിരുമേനിയോടു പറഞ്ഞു: 'താങ്കളുടെ റബ്ബിന്റെ വംശം ഞങ്ങള്‍ക്ക് പറഞ്ഞുതരൂ.' അപ്പോള്‍ അല്ലാഹു ഈ സൂറ അവതരിപ്പിച്ചു'' (മുസ്‌നദ് അഹ്മദ്N751, ഇബ്‌നു അബീഹാതിംN1430, ഇബ്‌നു ജരീര്‍N1477‍, തിര്‍മിദിN477, ബുഖാരി ഫിത്താരീഖി, ഇബ്‌നുല്‍മുന്‍ദിര്‍N1428‍, ഹാകിംN1211, ബൈഹഖിN674). ഈ ആശയം അബുല്‍ആലിയയില്‍നിന്ന് ഉദ്ധരിക്കുന്ന തിര്‍മിദിയുടെ ഒരു നിവേദനത്തില്‍ ഉബയ്യുബ്‌നു കഅ്ബിനെ അവലംബിച്ചിട്ടില്ല. അദ്ദേഹം അതു സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. 3. അബൂയഅ്‌ലN130, ഇബ്‌നുജരീര്‍, ഇബ്‌നുല്‍മുന്‍ദിര്‍, ത്വബ്‌റാനിN1476 (അല്‍ ഔസത്വ്), ബൈഹഖി, അബൂനുഐം (അല്‍ഹില്‍യ) എന്നിവര്‍ അബ്ദുല്ലാഹിബ്‌നു ജാബിറിനെN417 ഉദ്ധരിക്കുന്നു:H1037 ''ഒരു അഅ്‌റാബി (ചില നിവേദനങ്ങളില്‍ ജനം) നബി(സ)യോട് അദ്ദേഹത്തിന്റെ റബ്ബിന്റെ വംശം പരിചയപ്പെടുത്തിക്കൊടുക്കാനാവശ്യപ്പെട്ടു. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു ഈ സൂറ അവതരിപ്പിച്ചത്.'' 4. ഇബ്‌നു അബീഹാതിമും ഇബ്‌നുഅദിയ്യും 'അല്‍അസ്മാഉ വസ്സ്വിഫാത്തി'ല്‍ ബൈഹഖിയും, ഇക്‌രിമN154 ഇബ്‌നു അബ്ബാസിN1342നെ ഉദ്ധരിച്ചതായി നിവേദനം ചെയ്യുന്നു:H1038 ''ഒരു പറ്റം ജൂതന്മാര്‍ പ്രവാചക സന്നിധിയില്‍ വന്നു. കൂട്ടത്തില്‍ കഅ്ബുബ്‌നു അശ്‌റഫ്N262, ഹുയയ്യുബ്‌നു അഖ്ത്വബ്N1218 തുടങ്ങിയവരുണ്ടായിരുന്നു. അവര്‍ പറഞ്ഞു: 'ഓ മുഹമ്മദ്, താങ്കളെ നിയോഗിച്ച റബ്ബ് എങ്ങനെയുള്ളവനാണെന്ന് ഞങ്ങള്‍ക്കൊന്നു പരിചയപ്പെടുത്തിത്തരൂ.' അപ്പോള്‍ അല്ലാഹു ഈ സൂറ അവതരിപ്പിച്ചു.'' ഇതു കൂടാതെ കൂടുതല്‍ ചില നിവേദനങ്ങള്‍ ഇബ്‌നുതൈമിയ്യN1536 സൂറതുല്‍ ഇഖ്‌ലാസ്വിനുള്ള തന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. അവ: 5. അനസ് (റ)N1300 പ്രസ്താവിച്ചു: ''ഖൈബറിലെ ചില ജൂതന്മാര്‍ റസൂല്‍ തിരുമേനിയെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു: 'ഓ, അബുല്‍ഖാസിം! അല്ലാഹു മലക്കുകളെ തിരശ്ശീലയുടെ പ്രകാശത്തില്‍നിന്നും ആദമിനെ കുഴഞ്ഞ കളിമണ്ണില്‍നിന്നും ഇബ്‌ലീസിനെ അഗ്‌നിജ്വാലയില്‍നിന്നും ആകാശത്തെ ധൂമത്തില്‍നിന്നും ഭൂമിയെ വെള്ളത്തിന്റെ നുരയില്‍നിന്നും സൃഷ്ടിച്ചു. ഇനി താങ്കളുടെ റബ്ബിനെക്കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞുതരൂ (അവന്‍ എന്തില്‍നിന്നുണ്ടായവനാണെന്ന്).' നബി (സ) ഈ അന്വേഷണത്തിന് ഒരു മറുപടിയും പറഞ്ഞില്ല. അനന്തരം ജിബ്‌രീല്‍ ആഗതനായി. അത് തിരുമേനിയോട് പറഞ്ഞു: 'ഓ മുഹമ്മദ് ഇവരോട് പറഞ്ഞാലും .... هُوَاللهُ أحَد " 6. ''ആമിറുബ്‌നു തുഫൈല്‍ നബി(സ)യോടു പറഞ്ഞു: 'ഓ മുഹമ്മദ്, താങ്കള്‍ എന്തിലേക്കാണ് ഞങ്ങളെ ക്ഷണിക്കുന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിങ്കലേക്ക്.' ആമിര്‍: 'എന്നാല്‍ ശരി, അവന്‍ എങ്ങനെയുള്ളവനാണെന്ന് ഒന്നു പറഞ്ഞുതരൂ. അവന്‍ സ്വര്‍ണത്തില്‍നിന്നുണ്ടായവനാണോ, വെള്ളിയില്‍നിന്നുണ്ടായവനാണോ, അതല്ല ഇരുമ്പില്‍നിന്നാണോ?' അപ്പോഴാണ് ഈ സൂറ അവതരിച്ചത്.'' 7. ദഹ്ഹാക്കുംN1488 ഖതാദN1513യും മുഖാതിലുംN749 പ്രസ്താവിച്ചു: ''ചില ജൂതപണ്ഡിതന്മാര്‍ തിരുമേനിയുടെ സന്നിധിയില്‍ വന്നിട്ടു പറഞ്ഞു: 'ഓ മുഹമ്മദ്, താങ്കളുടെ റബ്ബിന്റെ സ്വഭാവം ഞങ്ങള്‍ക്കു പറഞ്ഞുതരൂ. ഒരുപക്ഷേ, ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചേക്കും. അല്ലാഹു അവന്റെ ഗുണങ്ങള്‍ തൗറാത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. താങ്കള്‍ പറയൂ, അവന്‍ എന്തില്‍നിന്നുണ്ടായവനാണ്? ഏതു വര്‍ഗത്തില്‍നിന്ന്? സ്വര്‍ണത്തില്‍നിന്നുണ്ടായവനാണോ, അതല്ല ചെമ്പില്‍നിന്നോ പിത്തളയില്‍നിന്നോ ഇരുമ്പില്‍നിന്നോ വെള്ളിയില്‍നിന്നോ? അവന്‍ എന്തൊക്കെയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്? ആരില്‍നിന്നാണവന്ന് ലോകം അനന്തരാവകാശമായി ലഭിച്ചത്? അവന്നുശേഷം ആരായിരിക്കും അവകാശി?' അപ്പോള്‍ അല്ലാഹു ഈ സൂറ അവതരിപ്പിച്ചു.'' 8. ഇബ്‌നുഅബ്ബാസ് പ്രസ്താവിച്ചു: ''നജ്‌റാനിലെN547 ക്രിസ്ത്യാനികളുടെ ഒരു പ്രതിനിധിസംഘം അവരുടെ ഏഴ് പുരോഹിതന്മാരോടൊപ്പം നബി(സ)യെ സന്ദര്‍ശിച്ചു. അവര്‍ നബി(സ)യോട് ചോദിച്ചു: 'ഞങ്ങള്‍ക്ക് പറഞ്ഞുതരൂ, താങ്കളുടെ റബ്ബ് എങ്ങനെയുള്ളവനാണ്, എന്തില്‍നിന്നുണ്ടായവനാണ്?' തിരുമേനി പറഞ്ഞു: 'എന്റെ റബ്ബ് ഒരു വസ്തുവില്‍നിന്നും ഉണ്ടായവനല്ല. അവര്‍ എല്ലാ വസ്തുക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്നവനാണ്.' അപ്പോള്‍ അല്ലാഹു ഈ സൂറ അവതരിപ്പിച്ചു.'' ഈ നിവേദനങ്ങളില്‍നിന്ന് മനസ്സിലാകുന്നതിതാണ്: പല സന്ദര്‍ഭങ്ങളില്‍ പലയാളുകള്‍ നബി(സ)യോട്, അദ്ദേഹം ജനങ്ങളോട് ആരാധിക്കാന്‍ പറയുന്ന ദൈവത്തിന്റെ സ്വഭാവവും സത്തയും അന്വേഷിച്ചിട്ടുണ്ട്. എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം മറുപടിയായി അല്ലാഹുവിന്റെ കല്‍പനപ്രകാരം ഈ സൂറ കേള്‍പ്പിക്കുകയാണ് ചെയ്തിരുന്നത്. ആദ്യം മക്കയിലെ ഖുറൈശികള്‍ തിരുമേനിയോട് ഈ ചോദ്യമുന്നയിച്ചു. അതിനു മറുപടിയായി ഈ സൂറ അവതരിച്ചു. പിന്നീട് മദീനയില്‍ ചിലപ്പോള്‍ ജൂതന്മാരും ചിലപ്പോള്‍ ക്രിസ്ത്യാനികളും ചിലപ്പോള്‍ അറബികളായ മറ്റു ചിലരും തിരുമേനിയോട് ഇതേ മട്ടിലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. മറുപടിയായി ഈ സൂറ കേള്‍പ്പിക്കാനാണ് എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിങ്കല്‍നിന്ന് സൂചനയുണ്ടായത്. ഈ നിവേദനങ്ങളിലോരോന്നിലുമുള്ള തല്‍സന്ദര്‍ഭങ്ങളിലാണ് ഈ സൂറ അവതരിച്ചത് എന്ന പ്രസ്താവന കണ്ട് ഈ നിവേദനങ്ങളെല്ലാം പരസ്പര വിരുദ്ധങ്ങളാണെന്ന് ആരും വിചാരിക്കേണ്ടതില്ല. വസ്തുതയിതാണ്: ഒരു വിഷയത്തെ സംബന്ധിച്ച് നേരത്തേ അവതരിച്ച ഒരു സൂറയോ സൂക്തമോ ഉണ്ടെങ്കില്‍ പിന്നീട് റസൂല്‍ (സ) തിരുമേനിയുടെ മുന്നില്‍ അതേ പ്രശ്‌നം ഉയര്‍ന്നുവരുമ്പോള്‍, അതിനുള്ള പരിഹാരം ഇന്ന സൂറത്തിലോ ആയത്തിലോ ഉണ്ടെന്നോ അല്ലെങ്കില്‍ പരിഹാരമായി ഇന്ന സൂക്തമോ സൂറയോ ജനങ്ങളെ കേള്‍പ്പിക്കണമെന്നോ അല്ലാഹുവിങ്കല്‍നിന്ന് സൂചന ലഭിക്കാറുണ്ടായിരുന്നു. ഹദീസ്‌നിവേദകന്മാര്‍ അത്തരം സംഭവങ്ങളെ ഇന്ന സംഭവമുണ്ടായപ്പോള്‍ അല്ലെങ്കില്‍ ഇന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ഈ സൂറ അല്ലെങ്കില്‍ സൂക്തം അവതരിച്ചു എന്ന മട്ടില്‍ നിവേദനം ചെയ്യുന്നു. ഇതിനെ അവതരണത്തിന്റെ ആവര്‍ത്തനമെന്നും പറയാറുണ്ട്. അതായത്, ഒരു സൂറയോ സൂക്തമോ പലവട്ടം അവതരിച്ചുവെന്ന്. ഈ സൂറ മക്കയില്‍ അവതരിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ഉള്ളടക്കം വീക്ഷിച്ചാല്‍ മക്കയില്‍ത്തന്നെ ആദ്യഘട്ടത്തിലവതരിച്ചതാണിതെന്നു മനസ്സിലാകും. അല്ലാഹുവിന്റെ സത്തയും ഗുണങ്ങളും വര്‍ണിക്കുന്ന വിശദമായ ഖുര്‍ആന്‍സൂക്തങ്ങള്‍ അന്നവതരിച്ചിരുന്നില്ല. റസൂല്‍ തിരുമേനിയുടെ പ്രബോധനം കേട്ടവര്‍, ഞങ്ങള്‍ ഇബാദത്തു ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആ ദൈവം എങ്ങനെയുള്ളവനാണെന്നറിയാന്‍ താല്‍പര്യപ്പെട്ടു. ഇത് പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ വളരെ ആദ്യഘട്ടത്തില്‍ അവതരിച്ചതാണെന്നതിന് ഒരു തെളിവുകൂടിയുണ്ട്. അതിതാണ്: മക്കയില്‍ ഹ. ബിലാലി(റ)N670ന്റെ യജമാനനായ ഉമയ്യതുബ്‌നു ഖലഫ്N201 അദ്ദേഹത്തെ ചുട്ടുപഴുത്ത മണലില്‍ കിടത്തി മീതെ ഒരു വലിയ കല്ലുകയറ്റിവെച്ചു മര്‍ദിക്കാറുണ്ടായിരുന്നു. അപ്പോള്‍ അഹദ്, അഹദ് എന്നാണദ്ദേഹം നിലവിളിച്ചിരുന്നത്. ഈ 'അഹദ്' ശബ്ദം ഈ സൂറയില്‍നിന്ന് സ്വീകരിച്ചതായിരുന്നു.


ഉള്ളടക്കം

അവതരണകാരണം സംബന്ധിച്ച ഉപരിസൂചിത നിവേദനങ്ങളില്‍ ഒരൊറ്റനോട്ടം നടത്തിയാല്‍ത്തന്നെ, നബി (സ) ഏകദൈവത്വസന്ദേശവുമായി രംഗപ്രവേശം ചെയ്ത കാലത്ത് ലോകത്തുണ്ടായിരുന്ന ദൈവസങ്കല്‍പങ്ങളെന്തൊക്കെയായിരുന്നുവെന്ന് മനസ്സിലാക്കാം. കല്ല്, മരം, സ്വര്‍ണം, വെള്ളി തുടങ്ങിയ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിച്ച ദൈവങ്ങളെയാണ് വിഗ്രഹാരാധകരായ ബഹുദൈവവിശ്വാസികള്‍ ആരാധിച്ചിരുന്നത്. അവക്ക് രൂപവും ആകാരവും ജഡവുമുണ്ടായിരുന്നു. ദേവീദേവന്മാരുടെ വ്യവസ്ഥാപിതമായ വംശങ്ങള്‍ നിലനിന്നു. ദേവിമാര്‍ക്കൊക്കെ ഭര്‍ത്താക്കന്മാരുമുണ്ട്. ഇണയില്ലാത്ത ദേവന്മാരാരുമില്ല. അവര്‍ക്ക് തിന്നാനും കുടിക്കാനും വേണമായിരുന്നു. ഭക്തന്മാരാണ് അതൊക്കെ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നത്. ബഹുദൈവവിശ്വാസികളില്‍ വലിയൊരു വിഭാഗം, ദൈവം മനുഷ്യരൂപം ധരിച്ചു പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിച്ചു. ചില മനുഷ്യര്‍ ദൈവാവതാരങ്ങളായിരുന്നു. ക്രൈസ്തവര്‍ ഏകദൈവവിശ്വാസം അവകാശപ്പെട്ടിരുന്നുവെങ്കിലും അവരുടെ ദൈവത്തിന് ചുരുങ്ങിയത് ഒരു പുത്രനെങ്കിലും ഉണ്ടായിരുന്നു. പിതാവിനും പുത്രനുമൊപ്പം റൂഹുല്‍ഖുദ്‌സിനും ദിവ്യത്വത്തില്‍ പങ്കാളിത്തം ലഭിച്ചിരുന്നു. പോരാ, ദൈവത്തിന് മാതാവും അമ്മായിയും കൂടിയുണ്ടായിരുന്നു. ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ് ജൂതന്മാരും. പക്ഷേ, അവരുടെ ദൈവവും പദാര്‍ഥത്തില്‍നിന്നും ജഡത്തില്‍നിന്നും മറ്റു മാനുഷികഗുണങ്ങളില്‍നിന്നും മുക്തനായിരുന്നില്ല. അവന്‍ അലസമായി ചുറ്റിക്കറങ്ങി നടക്കുന്നു. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ ദാസനുമായി ദ്വന്ദ്വയുദ്ധം നടത്തുകപോലും ചെയ്യുന്നു. ഉസൈര്‍ എന്ന ഒരു പുത്രന്റെ പിതാവുമാണ്. ഈ മതഗ്രൂപ്പുകള്‍ക്ക് പുറമെ മജൂസികള്‍ അഗ്‌നിയെ ആരാധിച്ചു. സാബികള്‍ നക്ഷത്രങ്ങളെ ആരാധിച്ചു. ഈ പരിതഃസ്ഥിതിയില്‍ പങ്കുകാരനില്ലാത്ത ഏകദൈവത്തില്‍ വിശ്വസിക്കുക എന്നുദ്‌ബോധിപ്പിക്കപ്പെട്ടാല്‍ ജനമനസ്സില്‍ ഇത്തരം ചോദ്യം ഉയരുക സ്വാഭാവികമായിരുന്നു: മറ്റെല്ലാ റബ്ബുകളെയും ആരാധ്യരെയും കൈവെടിഞ്ഞ്, തങ്ങളോട് അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന ഈ ഒരേയൊരു ദൈവം ഏതു ജാതിയാണ്? ഏതാനും പദങ്ങളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയത് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയത്രേ. അത് ദൈവാസ്തിത്വത്തിന്റെ വ്യക്തമായ വിഭാവനമുളവാക്കുന്നു. ബഹുദൈവത്വപരമായ എല്ലാ ദൈവസങ്കല്‍പങ്ങളെയും അട്ടിമറിക്കുന്നു. ദൈവസത്തയെ സൃഷ്ടിഗുണങ്ങളിലൊരു ഗുണത്തിന്റെയും മാലിന്യം തീണ്ടാതെ സംശുദ്ധമായി, തെളിമയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.


ശ്രേഷ്ഠതയും പ്രാധാന്യവും

മേല്‍ പറഞ്ഞ കാരണങ്ങളാല്‍ നബി(സ)യുടെ ദൃഷ്ടിയില്‍ ഈ സൂറ വളരെ മഹത്തരമായിരുന്നു. തിരുമേനി പല മട്ടില്‍ മുസ്‌ലിംകളെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്--അവരത് ധാരാളമായി പാരായണം ചെയ്യാനും ബഹുജനങ്ങളില്‍ പ്രചരിപ്പിക്കാനും. കാരണം, മനുഷ്യമനസ്സിലേക്ക് എളുപ്പത്തില്‍ ഇറങ്ങിച്ചെല്ലുകയും അവരുടെ നാവില്‍ തത്തിക്കളിക്കുകയും ചെയ്യുന്ന നാലു കൊച്ചുവാക്യങ്ങളിലൂടെ, ഇസ്‌ലാമിന്റെ പ്രഥമ അസ്തിവാരമായ ഏകദൈവവിശ്വാസത്തെ വിശദീകരിച്ചിരിക്കുകയാണിതില്‍. ഈ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്നിന് തുല്യമാണെന്ന്, നബി (സ) നിരവധി സന്ദര്‍ഭങ്ങളില്‍ പലമട്ടില്‍ പ്രസ്താവിച്ചതായി ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.H1043 ബുഖാരിN1514, മുസ്‌ലിംN1462, അബൂദാവൂദ്N1393, നസാഇN1478, മുസ്‌നദ് അഹ്മദ്N751, തിര്‍മിദിN477, ഇബ്‌നുമാജN1458, ത്വബ്‌റാനിN1476 തുടങ്ങിയവര്‍ ഈ ആശയത്തിലുള്ള നിരവധി ഹദീസുകള്‍ അബൂസഈദില്‍ ഖുദ്‌രിN38, അബൂഹുറയ്‌റN1331, അബൂഅയ്യൂബല്‍ അന്‍സ്വാരിN128, അബുദ്ദര്‍ദാഅ്N2, മുആദുബ്‌നു ജബല്‍N825‍, ജാബിറുബ്‌നു അബ്ദില്ലN417, ഉബയ്യുബ്‌നുകഅ്ബ്N1511, ഉമ്മുകുല്‍സൂം ബിന്‍തു ഉഖ്ബതബ്‌നി അബീമുഐത്, ഇബ്‌നു ഉമര്N1344‍, ഇബ്‌നുമസ്ഊദ്N1341, ഖതാദതുബ്‌നു നുഅ്മാന്‍, അനസുബ്‌നു മാലിക്N1300, അബൂമസ്ഊദ് (റ)N80 എന്നീ സ്വഹാബിവര്യന്മാരില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. ഈ പ്രവാചക വചനങ്ങള്‍ക്ക് ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ ഒരുപാട് വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നമ്മുടെ ദൃഷ്ടിയില്‍ ലളിതവും സ്പഷ്ടവുമായിട്ടുള്ളത് ഇതാണ്: വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദീനിന്റെ അസ്തിവാരം മൂന്നു മൗലികാദര്‍ശങ്ങളിലധിഷ്ഠിതമാകുന്നു. ഒന്ന്, ഏകദൈവത്വം. രണ്ട്, പ്രവാചകത്വം. മൂന്ന്, പരലോകം. ഈ സൂറ കറയറ്റ തൗഹീദിനെ വിവരിക്കുന്നതിനാല്‍ റസൂല്‍(സ) തിരുമേനി ഇതിനെ ഖുര്‍ആനിന്റെ മൂന്നിലൊന്നിനു തുല്യമായി പ്രഖ്യാപിച്ചു. ബുഖാരിയും മുസ്‌ലിമും മറ്റു ചില ഹദീസ്ഗ്രന്ഥങ്ങളും ഹ. ആഇശ(റ)N1413യെ ഉദ്ധരിക്കുന്നു:H1044 ''റസൂല്‍ (സ) ഒരു സ്വഹാബിയെ ഒരു സംരംഭത്തിന്റെ നായകനായി നിയോഗിച്ചു. ആ യാത്രയില്‍ അദ്ദേഹം എല്ലാ നമസ്‌കാരങ്ങളിലും സ്ഥിരമായി 'ഖുല്‍ ഹുവല്ലാഹു' ഓതി ഖുര്‍ആന്‍ പാരായണം അവസാനിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഈ നടപടിയെക്കുറിച്ച് നബി(സ)യെ ഉണര്‍ത്തി. നബി (സ) പറഞ്ഞു: 'അദ്ദേഹത്തോടുതന്നെ ചോദിക്കൂ, എന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന്.' അതുപ്രകാരം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതില്‍ റഹ്മാന്റെ (കരുണാമയനായ അല്ലാഹുവിന്റെ) ഗുണങ്ങള്‍ വര്‍ണിച്ചിരിക്കുന്നു. അതിനാല്‍, അതിന്റെ പാരായണം എനിക്ക് വളരെ ഇഷ്ടമാണ്.' ഇതു കേട്ടപ്പോള്‍ റസൂല്‍ (സ) ആളുകളോട് പറഞ്ഞു: 'അദ്ദേഹത്തോടു പറയൂ, പരമോന്നതനായ അല്ലാഹു അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്ന്.'' ഇതുപോലൊരു സംഭവം ബുഖാരി ഹ. അനസില്‍നിന്ന് ഉദ്ധരിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു:H1045 അന്‍സ്വാരികളിN12ലൊരാള്‍ മസ്ജിദ് ഖുബാN777യില്‍ നമസ്‌കരിക്കുകയായിരുന്നു. ഓരോ റക്അത്തിലും ആദ്യം 'ഖുല്‍ ഹുവല്ലാഹു'വും കൂടെ മറ്റേതെങ്കിലും സൂറത്തും ഓതുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു: 'എന്തു പണിയാണ് നിങ്ങളീ ചെയ്യുന്നത്? ഖുല്‍ ഹുവല്ലാഹു ഓതിയിട്ട് അത് പോരെന്ന് വിചാരിച്ച് അതിന്റെ കൂടെ മറ്റൊരു സൂറത്തുകൂടി ചേര്‍ക്കുകയോ? അതു ശരിയല്ല. ഒന്നുകില്‍ അതു മാത്രം ഓതുക. അല്ലെങ്കില്‍ അത് ഒഴിവാക്കി മറ്റേതെങ്കിലും സൂറത്ത് ഓതണം.' അദ്ദേഹം പറഞ്ഞു: 'അതൊഴിവാക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലേ ഞാന്‍ നിങ്ങള്‍ക്കു നമസ്‌കരിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ ഇമാമത്ത് ഒഴിവാക്കിക്കൊള്ളൂ.' പക്ഷേ, അദ്ദേഹത്തിനു പകരം മറ്റൊരാളെ ഇമാമായി നിശ്ചയിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഒടുവില്‍ പ്രശ്‌നം നബി(സ)യുടെ സന്നിധിയിലെത്തി. തിരുമേനി(സ) അയാളോടു ചോദിച്ചു: 'നിങ്ങളുടെ കൂട്ടുകാരുടെ അഭിപ്രായം സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം? എല്ലാ റക്അത്തിലും ഈ സൂറ പാരായണം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?' അദ്ദേഹം ബോധിപ്പിച്ചു: 'എനിക്കതിനോട് വലിയ ഇഷ്ടമാണ്.' തിരുമേനി പറഞ്ഞു: حُبُّكَ إِيَّاهَا أَدْخَلَكَ الْجَنَّة (അതിനോടുള്ള നിങ്ങളുടെ പ്രേമം നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു.)

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.