Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

41-ആം സൂക്തത്തില്‍ مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ എന്ന വാക്യത്തില്‍നിന്നാണ് ഈ നാമം സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അന്‍കബൂത്ത് എന്ന വാക്കുള്ള അധ്യായം എന്നു താല്‍പര്യം.

നാമം

41-ആം സൂക്തത്തില്‍ مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ എന്ന വാക്യത്തില്‍നിന്നാണ് ഈ നാമം സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അന്‍കബൂത്ത് എന്ന വാക്കുള്ള അധ്യായം എന്നു താല്‍പര്യം.


അവതരണ പശ്ചാത്തലം

ഈ അധ്യായം, അബിസീനിയന്‍ ഹിജ്‌റയുടെ അല്‍പം മുമ്പ് അവതരിച്ചിട്ടുണ്ടെന്ന് 56 മുതല്‍ 60 29:56 വരെയുള്ള സൂക്തങ്ങളില്‍നിന്ന് വ്യക്തമാകുന്നു. ശിഷ്ടം ഉള്ളടക്കത്തിന്റെ ആന്തരികസാക്ഷ്യം അതിനെ ബലപ്പെടുത്തുന്നുമുണ്ട്. കാരണം, പശ്ചാത്തലത്തില്‍ മുഴച്ചുകാണുന്നത് ആ ഘട്ടത്തിലെ അവസ്ഥകളാണ്. ഈ സൂറ, കപടവിശ്വാസികളെ പരാമര്‍ശിക്കുന്നു എന്നതും കപടവിശ്വാസികളുണ്ടായിരുന്നത് മദീനയിലായിരുന്നു എന്നതും മാത്രം കണക്കിലെടുത്ത് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതിന്റെ ആരംഭത്തിലെ പത്ത് സൂക്തങ്ങള്‍ മദീനയിലും ബാക്കി മക്കയിലും അവതരിച്ചതാണെന്ന് അനുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ കപടന്മാര്‍ എന്നുപറയുന്നത് നിഷേധികളുടെ അക്രമങ്ങളും ശാരീരികപീഡനവും ഭയന്ന് കപടമായ നിലപാട് സ്വീകരിച്ചവരെക്കുറിച്ചാണ്. ഈ നിലക്കുള്ള കാപട്യം മക്കയിലേ ഉണ്ടായിരുന്നുള്ളൂ, മദീനയിലുണ്ടായിരുന്നില്ല എന്നതും പ്രസക്തമാണ്. ഇതുപോലെ ഈ സൂറയില്‍ ഹിജ്‌റക്ക് ആഹ്വാനം നല്‍കിയിട്ടുള്ളത് പരിഗണിച്ച്, മക്കാഘട്ടത്തില്‍ ഏറ്റവും ഒടുവില്‍ അവതരിച്ച സൂറ ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, മദീനയിലേക്കുള്ള ഹിജ്‌റക്കുമുമ്പ് മുസ്‌ലിംകള്‍ അബിസീനിയയിലേക്ക് ഹിജ്‌റ ചെയ്തിട്ടുണ്ട്. ഈ നിഗമനങ്ങളൊന്നും ഏതെങ്കിലും നിവേദനങ്ങളെ ആസ്പദിച്ചുള്ളതല്ല; ഉള്ളടക്കം വിലയിരുത്തി രൂപവത്കരിക്കപ്പെട്ടതാണ്. പക്ഷേ, ഉള്ളടക്കത്തെ സമഗ്രമായി അഭിവീക്ഷിക്കുമ്പോള്‍ മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലെ സാഹചര്യങ്ങളല്ല, അബിസീനിയന്‍ ഹിജ്‌റാഘട്ടത്തിലെ സാഹചര്യങ്ങളാണ് തെളിഞ്ഞുകാണുന്നത്.


ഉള്ളടക്കം

അധ്യായം വായിക്കുമ്പോള്‍ ഇതവതരിച്ചത്, മക്കയില്‍ മുസ്‌ലിംകള്‍ വല്ലാതെ മര്‍ദനപീഡനങ്ങളനുഭവിച്ചുകൊണ്ടിരുന്ന കാലത്താണെന്നു വ്യക്തമാകുന്നു. അവിശ്വാസികളുടെ ഇസ്‌ലാം വിരോധം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. വിശ്വാസികളുടെ നേരെ അക്രമങ്ങളും മര്‍ദനങ്ങളും ആക്ഷേപങ്ങളും നിരന്തരം നടമാടിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ അധ്യായം അവതരിപ്പിച്ചത് യഥാര്‍ഥ വിശ്വാസികളില്‍ നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും ജനിപ്പിക്കുന്നതിനും ദുര്‍ബലവിശ്വാസികളെ നാണംകെടുത്തുന്നതിനുമാണ്. അതോടൊപ്പം സത്യവിരോധത്തിന്റെ പാത തെരഞ്ഞെടുത്തവര്‍ എക്കാലത്തും അഭിമുഖീകരിച്ചിട്ടുള്ള ദുഷ്പരിണതി വിളിച്ചുവരുത്തരുതെന്ന് മക്കയിലെ അവിശ്വാസികളെ ശക്തിയായി താക്കീത് ചെയ്തിട്ടുമുണ്ട്. ഈ സൂറയില്‍ അക്കാലത്തെ യുവജനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരിക്കുന്നു. ഉദാഹരണമായി, യുവവിശ്വാസികളുടെ രക്ഷിതാക്കള്‍ അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു: 'നിങ്ങള്‍ മുഹമ്മദ് നബിയുമായുള്ള സഹവാസം ഉപേക്ഷിക്കണം. സ്വന്തം ദീനില്‍ത്തന്നെ നിലകൊള്ളണം. നിങ്ങള്‍ വിശ്വസിക്കുന്ന ഖുര്‍ആനിലും മാതാപിതാക്കളുടെ അവകാശം അലംഘനീയമാണെന്നുതന്നെയാണല്ലോ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് ഞങ്ങള്‍ പറയുന്നത് കേള്‍ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ നിലപാട് സ്വന്തം വിശ്വാസത്തിനുതന്നെ വിരുദ്ധമാകും.' ഇതിന്റെ മറുപടി 8-ആം 29:8 സൂക്തത്തില്‍ നല്‍കിയിരിക്കുന്നു. ചില പുതുമുസ്‌ലിംകളോട് അവരുടെ ഗോത്രക്കാര്‍ പറയാറുണ്ടായിരുന്നു: 'ശിക്ഷയും രക്ഷയുമൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം. നിങ്ങള്‍ ആ മനുഷ്യനെ വെടിഞ്ഞ് ഞങ്ങള്‍ പറയുന്നതനുസരിച്ചാല്‍ മതി. ദൈവം നിങ്ങളെ പിടികൂടുകയാണെങ്കില്‍ ഞങ്ങള്‍ പറയും: ദൈവമേ, ഈ പാവങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യവിശ്വാസം ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിച്ചത് ഞങ്ങളായിരുന്നു. അതുകൊണ്ട് ഞങ്ങളെ ശിക്ഷിച്ചുകൊള്ളുക.' ഇതിന്റെ മറുപടി 12-13 29:12 സൂക്തങ്ങളില്‍ നല്‍കിയിരിക്കുന്നു. ഈ സൂറയില്‍ പറഞ്ഞ കഥകളിലും ഈ വശം മികച്ചുനില്‍ക്കുന്നുണ്ട്. അതായത്, പൂര്‍വപ്രവാചകന്മാരെ നോക്കുക. അവര്‍ എന്തൊക്കെ ക്ലേശങ്ങള്‍ തരണംചെയ്യേണ്ടിവന്നു? എത്രയെത്ര പീഡനങ്ങളാണനുഭവിക്കേണ്ടിവന്നത്? പിന്നെ ഒടുവില്‍ അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. അതുകൊണ്ട്, പരിഭ്രമിക്കേണ്ട. ദൈവികസഹായം വന്നെത്തുകതന്നെ ചെയ്യും. എന്നാല്‍, പരീക്ഷണത്തിന്റെ ഒരു ഘട്ടം തീര്‍ച്ചയായും തരണംചെയ്യേണ്ടതുണ്ട്. മുസ്‌ലിംകളെ ഈ പാഠം പഠിപ്പിക്കുന്നതോടൊപ്പം ഈ കഥകള്‍ അവിശ്വാസികളെ ഇപ്രകാരം ഉണര്‍ത്തുന്നുമുണ്ട്: 'അല്ലാഹുവിന്റെ ശിക്ഷ വന്നെത്താന്‍ താമസിക്കുന്നു എന്നതുകൊണ്ട് അതൊരിക്കലും ഉണ്ടാകാന്‍പോകുന്നില്ല എന്നു നിങ്ങള്‍ ധരിക്കേണ്ട. ഉന്മൂലനം ചെയ്യപ്പെട്ട പൂര്‍വ സമുദായങ്ങളുടെ അടയാളങ്ങള്‍ നിങ്ങളുടെ മുമ്പിലുണ്ട്. നോക്കുവിന്‍! അവസാനം അവര്‍ക്ക് ദുര്‍വിധി വന്നെത്തുകതന്നെ ചെയ്തു. ദൈവം അവന്റെ പ്രവാചകന്മാരെ സഹായിക്കുകയും ചെയ്തു.' അനന്തരം മുസ്‌ലിംകളെ ഉപദേശിക്കുകയാണ്: 'അക്രമങ്ങളും മര്‍ദനങ്ങളും തീരേ അസഹ്യമായിത്തീരുകയാണെങ്കില്‍, അപ്പോള്‍ വിശ്വാസം വെടിയുകയല്ല, പകരം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ് നിങ്ങള്‍ വേണ്ടത്. ദൈവത്തിന്റെ ഭൂമി വിശാലമാണ്. എവിടെ ദൈവത്തിന് ഇബാദത്ത് ചെയ്യാന്‍ കഴിയുമോ അവിടേക്ക് പൊയ്‌ക്കൊള്ളുക.' ഈ സംഗതികളോടൊപ്പം അവിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിലും കുറവ് വരുത്തിയിട്ടില്ല. ഏകദൈവത്വം, പരലോകം എന്നീ രണ്ട് യാഥാര്‍ഥ്യങ്ങളെ തെളിവ് സഹിതം അവരെ ഗ്രഹിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ബഹുദൈവത്വത്തെ ഖണ്ഡിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ച്, ഈ അടയാളങ്ങളെല്ലാം നമ്മുടെ ദൂതന്‍ നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന തത്ത്വങ്ങളെ സത്യപ്പെടുത്തുന്നുവെന്ന് വിശദീകരിക്കുന്നു.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.