9-ആം സൂക്തത്തിലെ ذَلِكَ يَوْمُ التَّغَابُن എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം. 'തഗാബുന്‍' എന്ന പദമുള്ള സൂറ എന്നു താല്‍പര്യം.
9-ആം സൂക്തത്തിലെ ذَلِكَ يَوْمُ التَّغَابُن എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ നാമം. 'തഗാബുന്‍' എന്ന പദമുള്ള സൂറ എന്നു താല്‍പര്യം.
ഈ സൂറയുടെ കുറെ ഭാഗം മക്കയിലും കുറെ ഭാഗം മദീനയിലുമാണ് അവതരിച്ചതെന്ന് മുഖാതിലുംN749 കല്‍ബിയും പ്രസ്താവിച്ചിരിക്കുന്നു. ആരംഭം മുതല്‍ 13-ആം സൂക്തം വരെ മക്കയിലും 14 മുതല്‍ അവസാനം വരെയുള്ള സൂക്തങ്ങള്‍ മദീനയിലും അവതരിച്ചുവെന്നാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസുംN1342 അത്വാഉബ്‌നു യസാറും പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍, ഈ സൂറ മുഴുവന്‍ മദനിയാണ് എന്നത്രെ അധിക മുഫസ്സിറുകളുടെയും പക്ഷം. അവതരണകാലം നിര്‍ണയിക്കാനുതകുന്ന സൂചനകളൊന്നും സൂറയില്‍ കാണാനില്ലെങ്കിലും ഉള്ളടക്കം പരിശോധിച്ചുനോക്കിയാല്‍ ഈ സൂറ മിക്കവാറും മദീനാ ഘട്ടത്തിന്റെ ആദ്യനാളുകളില്‍ അവതരിച്ചതായിരിക്കാം എന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെയാണ് ഇതില്‍ കുറെയൊക്കെ മക്കീ സൂറകളുടെയും കുറെയൊക്കെ മദനീ സൂറകളുടെയും സ്വഭാവം പ്രകടമാകുന്നത്.
വിശ്വാസത്തിലേക്കും അനുസരണത്തിലേക്കും ക്ഷണിക്കുകയും വിശിഷ്ട ധര്‍മങ്ങള്‍ പഠിപ്പിക്കുകയുമാണ് ഈ സൂറയുടെ ഉള്ളടക്കം. വചനക്രമം ഇപ്രകാരമാകുന്നു: ആദ്യത്തെ നാല് സൂക്തങ്ങള്‍ എല്ലാ മനുഷ്യരെയും അഭിസംബോധനചെയ്യുന്നു. തുടര്‍ന്ന് അഞ്ചാം സൂക്തംമുതല്‍ പത്താം സൂക്തംവരെ സംബോധിതര്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം അംഗീകരിക്കാത്തവരാണ്. അനന്തരം പതിനൊന്നാം സൂക്തം മുതല്‍ സൂറാന്ത്യം വരെ പ്രഭാഷണം ഉന്നംവെക്കുന്നത് ഈ സന്ദേശം അംഗീകരിച്ചവരെയാണ്. മുഴുവന്‍ മനുഷ്യരെയും സംബോധന ചെയ്തുകൊണ്ടുള്ള ഏതാനും സംക്ഷിപ്ത വാക്യങ്ങളില്‍ ഈ നാലു മൗലിക യാഥാര്‍ഥ്യങ്ങള്‍ ഉണര്‍ത്തുകയാണ്: ഒന്ന്, നിങ്ങള്‍ വാഴുന്ന ഈ പ്രപഞ്ചം ദൈവരഹിതമല്ല. അതിന് സ്രഷ്ടാവും ഉടമയും നിയന്താവുമായി സര്‍വശക്തനായ ഒരു ദൈവമുണ്ട്. അവന്‍ സര്‍വസദ്ഗുണ സമ്പൂര്‍ണനും അന്യൂനനുമാണെന്ന് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും സാക്ഷ്യംവഹിക്കുന്നു. രണ്ട്, ഈ പ്രപഞ്ചം ലക്ഷ്യശൂന്യമോ യുക്തിരഹിതമോ അല്ല; പ്രത്യുത, തികച്ചും യുക്തിപൂര്‍ണമായിട്ടാണ് അതിന്റെ സ്രഷ്ടാവ് അത് സൃഷ്ടിച്ചിട്ടുള്ളത്. ഇത് നിരര്‍ഥകമായി ആരംഭിച്ച് നിരര്‍ഥകമായി അവസാനിക്കുന്ന ഒരു വെറും തമാശയാണെന്ന തെറ്റുധാരണയില്‍ ഇവിടെ അകപ്പെട്ടുപോകരുത്. മൂന്ന്, നിങ്ങളെ ദൈവം വിശിഷ്ടരൂപത്തില്‍ സൃഷ്ടിക്കുകയും എന്നിട്ട് ഈ വിധത്തില്‍ കുഫ്‌റും ഈമാനും തെരഞ്ഞെടുക്കാന്‍ വിട്ടയക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു നിഷ്ഫലമോ ഉദ്ദേശ്യരഹിതമോ ആയ കാര്യമല്ല. നിങ്ങള്‍ കുഫ്ര്‍ സ്വീകരിച്ചാലും കൊള്ളാം, ഈമാന്‍ സ്വീകരിച്ചാലും കൊള്ളാം. അതിനൊന്നും ഒരു അനന്തരഫലവും ഉണ്ടാവാനില്ല എന്ന് വിചാരിച്ചുപോകരുത്. തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ എവ്വിധം ഉപയോഗിക്കുന്നു എന്ന് വീക്ഷിച്ചുകൊണ്ടിരിക്കയാണ് വാസ്തവത്തില്‍ ദൈവം. നാല്, നിങ്ങള്‍ ഉത്തരവാദിത്വമില്ലാത്തവരോ വിചാരണചെയ്യപ്പെടാത്തവരോ അല്ല. അവസാനം നിങ്ങള്‍ സ്രഷ്ടാവിന്റെ സന്നിധിയിലേക്ക് തിരിച്ചുപോകേണ്ടിവരും. പ്രപഞ്ചത്തിലെ സകല സംഗതികളെക്കുറിച്ചും അഭിജ്ഞനായ ആ അസ്തിത്വം നിങ്ങളെ ചോദ്യംചെയ്യുകതന്നെ ചെയ്യും. നിങ്ങളുടെ ഒരു കാര്യവും അവന്ന് ഗോപ്യമായിരിക്കുകയില്ല. ഹൃദയങ്ങളിലൊളിച്ചുവെച്ച വിചാരങ്ങള്‍ പോലും അവന്ന് വെളിപ്പെടുന്നതാകുന്നു. പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച നാലു മൗലിക തത്ത്വങ്ങള്‍ പ്രസ്താവിച്ച ശേഷം പ്രഭാഷണമുഖം സത്യനിഷേധം തെരഞ്ഞെടുത്ത ആളുകളുടെ നേരെ തിരിക്കുന്നു. മനുഷ്യ ചരിത്രത്തിലാകമാനം തുടര്‍ച്ചയായി കണ്ടുവരുന്ന ചരിത്ര ദൃശ്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ജനതകള്‍ക്കു പിറകെ ജനതകള്‍ ഉയര്‍ന്നുവരുന്നു. ഒടുവില്‍ അവരൊന്നൊന്നായി നാശത്തില്‍ പതിച്ചുപോകുന്നു. മനുഷ്യന്‍ അവരുടെ ബുദ്ധികൊണ്ട് ഈ ദൃശ്യങ്ങളെ പലവിധത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍, യഥാര്‍ഥ വിശദീകരണം അല്ലാഹു നല്‍കുന്നതാകുന്നു. അതിതത്രേ: ജനതകളുടെ വിനാശത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ രണ്ടെണ്ണമേയുള്ളൂ: ഒന്ന്, അവരുടെ മാര്‍ഗദര്‍ശനാര്‍ഥം ദൈവം നിയോഗിച്ച ദൂതന്‍മാരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അല്ലാഹുവും അവരെ ആ അവസ്ഥയില്‍ ഉപേക്ഷിക്കുകയും അവര്‍ സ്വയംതന്നെ തങ്ങളുടേതായ തത്ത്വശാസ്ത്രങ്ങള്‍ കെട്ടിച്ചമച്ച് ഒരു ദുര്‍മാര്‍ഗത്തില്‍നിന്ന് മറ്റൊരു ദുര്‍മാര്‍ഗത്തിലേക്ക് മാറിപ്പോവുകയും ചെയ്തു എന്നതായിരുന്നു അതിന്റെ ഫലം. രണ്ട്, അവര്‍ പരലോകവിശ്വാസത്തെയും നിഷേധിച്ചു. ഈ ഭൗതികജീവിതത്തിനപ്പുറം യാതൊന്നുമില്ലെന്നായിരുന്നു അവരുടെ വാദം. ഈ ജീവിതത്തിനു ശേഷം സ്വകര്‍മങ്ങള്‍ക്ക് ദൈവത്തിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുന്ന മറ്റൊരു ജീവിതം ഇല്ല; ഈ നിലപാട് അവരുടെ ജീവിത വീക്ഷണത്തെ പൂര്‍ണമായും തകരാറാക്കി. അവരുടെ സ്വഭാവചര്യകളെ അത് മലീമസമാക്കുകയും ചെയ്തു. എത്രത്തോളമെന്നാല്‍, ഒടുവില്‍ അല്ലാഹുവിന്റെ ശിക്ഷതന്നെ ആഗതമായി, ഈ ലോകത്തെ അവരുടെ സാന്നിധ്യത്തില്‍നിന്ന് ശുദ്ധമാക്കേണ്ടിവന്നു. മാനവചരിത്രത്തിന്റെ ഈ രണ്ടു ചിന്തോദ്ദീപകമായ പാഠങ്ങള്‍ വിശദീകരിച്ചശേഷം സത്യനിഷേധികളെ ഉദ്‌ബോധിപ്പിക്കുന്നു: ഉത്തിഷ്ഠരാവുക! നാമാവശേഷമായ പൂര്‍വ സമുദായങ്ങളുടെ പര്യവസാനം ആഗ്രഹിക്കുന്നില്ലെങ്കില്‍, അല്ലാഹുവിലും അവന്റെ ദൂതനിലും, അല്ലാഹു വിശുദ്ധ ഖുര്‍ആനിന്റെ രൂപത്തില്‍ അരുളിയിട്ടുള്ള സന്‍മാര്‍ഗപ്രകാശത്തിലും വിശ്വസിക്കുക. അതോടൊപ്പം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു: അവസാനം ആദി മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരേയും ഒരുമിച്ചുകൂട്ടുന്ന ഒരുനാള്‍ വന്നണയുകതന്നെ ചെയ്യും. നിങ്ങളോരോരുത്തരുടെയും ലാഭനഷ്ടങ്ങള്‍ എല്ലാവരുടെയും മുന്നില്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യും. തുടര്‍ന്ന് എല്ലാ മനുഷ്യരുടെയും എന്നെന്നേക്കുമുള്ള ഭാഗധേയം വിധിക്കപ്പെടുന്നതാണ്. സത്യവിശ്വാസത്തിന്റേയും സല്‍ക്കര്‍മത്തിന്റേയും വഴി സ്വീകരിച്ചതാര്, അവിശ്വാസത്തിന്റേയും സത്യനിഷേധത്തിന്റേയും വഴിയേപോയതാര് എന്നതിനെ ആധാരമാക്കിയായിരിക്കും ആ വിധിയുണ്ടാവുക. ഒന്നാമത്തെ വിഭാഗം ശാശ്വതസ്വര്‍ഗത്തിനവകാശികളാകുന്നു. രണ്ടാമത്തെ വിഭാഗത്തിന്റെ വിഹിതമാകട്ടെ, നിത്യനരകമായിരിക്കും. അനന്തരം, വിശ്വാസം സ്വീകരിച്ചവരെ അഭിമുഖീകരിച്ച് ഏതാനും നിര്‍ദേശങ്ങളരുളിയിരിക്കുന്നു: ഒന്ന്, ഈ ലോകത്ത് നേരിടേണ്ടിവരുന്ന ഏത് വിപത്തും അല്ലാഹുവിന്റെ അനുമതിയോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സത്യവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്നവരുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗ ദര്‍ശനമരുളുന്നതാണ്. അല്ലാതെ പരിഭ്രാന്തനും ചഞ്ചലചിത്തനുമായി, വിശ്വാസത്തിന്റെ വഴിയില്‍നിന്ന് വ്യതിചലിച്ചുപോകുന്നവന്‍ നേരിടുന്ന വിപത്തുകളെ അല്ലാഹുവിന്റെ അനുമതി കൂടാതെ ദൂരീകരിക്കാനാവില്ല. ആ ചാഞ്ചല്യവും വ്യതിചലനവും മറ്റൊരു വിപത്താകുന്നു. എന്നല്ല, മറ്റെന്തു വിപത്തിനേക്കാളും ഭയങ്കരമായ വിപത്തിനെ വിലയ്ക്കു വാങ്ങുകയാണത്. അതായത്, അവന്റെ മനസ്സ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം വിലക്കപ്പെട്ടതായിത്തീരുന്നു. രണ്ട്, വിശ്വാസിയുടെ കര്‍മം കേവലം വിശ്വാസം കൈക്കൊള്ളലല്ല. വിശ്വാസം കൈക്കൊണ്ട ശേഷം അയാള്‍ പ്രായോഗികമായി അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകകൂടി ചെയ്യേണ്ടതുണ്ട്. അയാള്‍ അനുസരണത്തില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ സ്വന്തം കുറ്റങ്ങളുടെ ഉത്തരവാദി അയാള്‍തന്നെയായിരിക്കും. കാരണം, സന്ദേശം എത്തിച്ചുതരുന്നതോടെ ദൈവദൂതന്റെ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മൂന്ന്, വിശ്വാസിയുടെ അവലംബം സ്വന്തം ശക്തിയോ ഈ ലോകത്തെ മറ്റേതെങ്കിലും ശക്തിയോ അല്ല; മറിച്ച്, അല്ലാഹു മാത്രമായിരിക്കണം. നാല്, വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ധനവും കുടുംബവും വലിയ പരീക്ഷണമാകുന്നു. കാരണം, അവയോടുള്ള സ്‌നേഹമാണ് മനുഷ്യനെ ഏറിയ കൂറും ഈമാനിന്റെയും അനുസരണത്തിന്റെയും മാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്നത്. അതുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ജാഗ്രതയുള്ളവരായിരിക്കണം. അവരെ സംബന്ധിച്ചിടത്തോളം അവ നേരിട്ടോ പരോക്ഷമായോ ദൈവിക സരണിയിലെ കൊള്ളക്കാരായിത്തീര്‍ന്നുകൂടാ. അവര്‍ തങ്ങളുടെ സമ്പത്ത് ദൈവികസരണിയില്‍ വ്യയംചെയ്യേണ്ടതുണ്ട്. അങ്ങനെ അവര്‍ ലോഭത്തിന്റെയും സ്വാര്‍ഥതയുടെയും നാശങ്ങളില്‍നിന്ന് സുരക്ഷിതരാവണം. അഞ്ച്, ഓരോ മനുഷ്യന്നും തന്റെ കഴിവിന്റെ പരിധിയിലൊതുങ്ങുന്ന ബാധ്യതയേ ഉള്ളൂ. മനുഷ്യന്‍ അവന്റെ കഴിവിനപ്പുറം പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നില്ല. മനുഷ്യന്‍ പരിശ്രമിക്കേണ്ടത് ഇതിനുമാത്രമാകുന്നു: തന്റെ കഴിവിന്റെ പരമാവധി അല്ലാഹുവിനെ സൂക്ഷിച്ചു ജീവിതം നയിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക. സ്വന്തം കുറ്റങ്ങള്‍ നിമിത്തം ഭാഷണത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം അല്ലാഹുവിന്റെ പരിധി ലംഘിക്കാനിടവരാതിരിക്കുക.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.