Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Mujadila — Ayah 22

لَّا تَجِدُ قَوۡمٗا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ يُوَآدُّونَ مَنۡ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوۡ كَانُوٓاْ ءَابَآءَهُمۡ أَوۡ أَبۡنَآءَهُمۡ أَوۡ إِخۡوَٰنَهُمۡ أَوۡ عَشِيرَتَهُمۡۚ أُوْلَٰٓئِكَ كَتَبَ فِي قُلُوبِهِمُ ٱلۡإِيمَٰنَ وَأَيَّدَهُم بِرُوحٖ مِّنۡهُۖ وَيُدۡخِلُهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ رَضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ أُوْلَٰٓئِكَ حِزۡبُ ٱللَّهِۚ أَلَآ إِنَّ حِزۡبَ ٱللَّهِ هُمُ ٱلۡمُفۡلِحُونَ ٢٢
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സമൂഹം അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവരുമായി ആത്മബന്ധം സ്ഥാപിക്കുന്നത് നീ കാണുകയില്ല. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കൾ ഇനി അവരുടെ പിതാക്കളോ, സന്താനങ്ങളോ, സഹോദരങ്ങളോ, അവർ ചേർന്നു നിൽക്കുന്ന കുടുംബക്കാരോ തന്നെയായിരുന്നാലും. കാരണം അവരുടെ (ഇസ്ലാമിലുള്ള) വിശ്വാസം അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് അവരെ തടയും. അതോടൊപ്പം (ഇസ്ലാമിക) വിശ്വാസത്തിൻ്റെ അടിത്തറയിലുള്ള ബന്ധം മറ്റെല്ലാ ബന്ധങ്ങളെക്കാളും ശക്തവുമാണ്. ഈ രണ്ട് ബന്ധങ്ങളും എതിരെ വന്നാൽ (ഇസ്ലാമിക) ബന്ധമാണ് മുൻപിൽ വെക്കേണ്ടത്. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കാത്തവർ; അവരുടെ ഹൃദയങ്ങളിലാണ് മാറ്റം സംഭവിക്കാത്ത തരത്തിൽ അല്ലാഹു വിശ്വാസം ഊട്ടിയുറപ്പിച്ചിരിക്കുന്നത്. അവനിൽ നിന്നുള്ള തെളിവുകളും സാക്ഷ്യങ്ങളും കൊണ്ട് അവർക്ക് അവൻ ശക്തി പകർന്നിരിക്കുന്നു. പരലോകത്ത് അവരെ സ്വർഗപ്പൂന്തോപ്പുകളിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ എന്നെന്നേക്കുമായി വസിക്കും. അതിലെ അനുഗ്രഹങ്ങൾ എന്നെങ്കിലും നിന്നു പോവുകയോ, തീരുകയോ ഇല്ല. ഇനിയൊരിക്കലും ദേഷ്യപ്പെടാത്ത വിധം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവസാനിക്കാത്ത അനുഗ്രഹങ്ങൾ അവർക്ക് നൽകിയ അല്ലാഹുവിനെയും അവർ തൃപ്തിപ്പെട്ടിരിക്കുന്നു. ആ അനുഗ്രഹങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ അവർക്ക് കാണാൻ കഴിഞ്ഞു എന്നത്! ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവരാണ് അല്ലാഹുവിൻ്റെ സൈന്യം! അവൻ കൽപ്പിച്ചത് പ്രാവർത്തികമാക്കുകയും, അവൻ വിരോധിച്ചതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർ. അറിയുക! അല്ലാഹുവിൻ്റെ സൈന്യം തന്നെയാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, ഭയപ്പാട് നീങ്ങുകയും ചെയ്യുന്നതിലൂടെ (അന്തിമ) വിജയികളായി തീരുക.