Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

'ശൂറാ' എന്ന നാമം അധ്യായത്തിലെ 38-ആം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.

നാമം

'ശൂറാ' എന്ന നാമം അധ്യായത്തിലെ 38-ആം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.


അവതരണകാലം

പ്രബലമായ നിവേദനങ്ങളിലൂടെ വ്യക്തമാകുന്നില്ലെങ്കിലും ഉള്ളടക്കത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ അധ്യായം സൂറ ഹാമീം അസ്സജദയുടെ അവതരണത്തിന് തൊട്ടുടനെ അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഒരുവശത്ത് പ്രസ്തുത സൂറയുടെ ഒരു പൂരകമാണിതെന്നു തോന്നും. ആദ്യം ഹാമീം അസ്സജദ ശ്രദ്ധാപൂര്‍വം വായിക്കുകയും തുടര്‍ന്ന് ഈ സൂറ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ ആദ്യ സൂറയില്‍ കാണുന്നതിതാണ്: ഖുറൈശി നേതാക്കളുടെ അന്ധവും ബധിരവുമായ സത്യനിഷേധത്തിന് കനത്ത ആഘാതമേല്‍പിക്കുന്നു. മക്കയിലും പരിസരത്തും ധര്‍മബോധവും മാന്യതയും യുക്തിവിചാരവും അല്‍പമെങ്കിലും അവശേഷിച്ചിട്ടുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതുവഴി സമുദായ നേതാക്കള്‍ മുഹമ്മദ് നബി (സ)യെ എതിര്‍ക്കുന്നതില്‍ എന്തുമാത്രം നീചവും നികൃഷ്ടവുമായ ചെയ്തികളാണവലംബിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനെതിരെ നബി(സ) സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം മാന്യവും സംസ്‌കാരസമ്പന്നവും ബുദ്ധിപൂര്‍വവുമാണ്. ഈ ഉണര്‍ത്തലിന്റെ ഉടനെ ഈ സൂറയില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കപ്പെടുന്നു. ഹൃദയാവര്‍ജകമായ രീതിയില്‍ മുഹമ്മദീയ ദൗത്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നു. ഹൃദയാന്തരാളത്തില്‍ അല്‍പമെങ്കിലും സത്യത്തോടുള്ള താല്‍പര്യം നിലനില്‍ക്കുന്നവരും ജാഹിലിയ്യത്തിനോടുള്ള പ്രേമത്താല്‍ തികച്ചും അന്ധരായിത്തീരാത്തവരുമായ ആര്‍ക്കും അതിന്റെ സ്വാധീനം സ്വീകരിക്കാതിരിക്കാനാവില്ല.


ഉള്ളടക്കം

തുടങ്ങുന്നതിങ്ങനെയാണ്: നമ്മുടെ ദൂതന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ നിങ്ങള്‍ എന്തെല്ലാം വിതണ്ഡവാദങ്ങളാണുന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സന്ദേശം പുതിയതോ വിചിത്രമായതോ അല്ല. ഒരു മനുഷ്യന്ന് ദിവ്യബോധനം ലഭിക്കുക, അദ്ദേഹം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശകനാക്കപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ചരിത്രത്തില്‍ ആദ്യമായുണ്ടാകുന്ന അപൂര്‍വ സംഭവവുമല്ല. ഇതേ ദിവ്യസന്ദേശങ്ങളും ഇതേ രീതിയിലുള്ള മാര്‍ഗദര്‍ശനങ്ങളുമായി അല്ലാഹു ഇദ്ദേഹത്തിനു മുമ്പും തുടര്‍ച്ചയായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആകാശഭൂമികളുടെ ഉടമയും അധിപനുമായവന്‍ ആരാധ്യനായ ദൈവമായി അംഗീകരിക്കപ്പെടുക എന്നതല്ല അദ്ഭുതാവഹമായ പുതുമ. മറിച്ച്, ആകാശഭൂമികള്‍ക്കുടയവന്റെ അടിമകളായിക്കൊണ്ട്, അവന്റെ ദിവ്യത്വത്തിന്‍ കീഴില്‍ വാണുകൊണ്ട് മറ്റുള്ളവര്‍ക്ക് ആരാധ്യതയും ദിവ്യത്വവും അംഗീകരിച്ചുകൊടുക്കുക എന്നതത്രേ വിചിത്രമായ സംഗതി. ഏകദൈവത്വം പ്രചരിപ്പിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുന്നു. എന്നാല്‍, ദൈവത്തിന് പങ്കാളികളെ ആരോപിക്കുക വഴി നിങ്ങള്‍ ചെയ്യുന്നത് ആകാശം ഇടിഞ്ഞുവീഴത്തക്ക ഭയങ്കരമായ പാപമാകുന്നു. നിങ്ങളുടെ ഈ ധാര്‍ഷ്ട്യത്തില്‍ മലക്കുകള്‍ വിഹ്വലരാകുന്നു. എപ്പോഴാണ് നിങ്ങളുടെ മേല്‍ ദൈവകോപം പൊട്ടിവീഴുന്നതെന്ന് ഭയന്നുകൊണ്ടിരിക്കുകയാണവര്‍. അനന്തരം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഒരാള്‍ പ്രവാചകനായി നിയുക്തനാവുകയും അയാള്‍ നബി എന്ന നിലയില്‍ രംഗത്തുവരുകയും ചെയ്യുന്നതിന്, അയാള്‍ ദൈവദാസന്മാരുടെ ഭാഗധേയങ്ങള്‍ക്കുടയവനാക്കപ്പെട്ടിരിക്കുന്നുവെന്നോ അങ്ങനെയൊരു വാദവുമായാണയാള്‍ രംഗത്തുവരുന്നതെന്നോ അര്‍ഥമില്ല. ഭാഗധേയങ്ങളൊക്കെ അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. പ്രജ്ഞാശൂന്യരെ ഉണര്‍ത്താനും വഴിപിഴച്ചവരെ നേര്‍വഴിയിലേക്ക് നയിക്കാനും മാത്രമാകുന്നു പ്രവാചകന്മാര്‍ ആഗതരാകുന്നത്. അദ്ദേഹത്തിന്റെ സന്ദേശം തിരസ്‌കരിച്ചവരെ വിചാരണ ചെയ്യുക, അനന്തരം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക എന്നതൊക്കെ അല്ലാഹുവിന്റെ സ്വന്തം ചുമതലകളില്‍പെട്ട കാര്യമാകുന്നു. അത്തരം കാര്യങ്ങളൊന്നും പ്രവാചകന്മാരില്‍ ഏല്‍പിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിങ്ങളുടെ കൃത്രിമ മതാചാര്യന്മാരും സിദ്ധന്മാരും മറ്റും തങ്ങളുടെ വാക്ക് സ്വീകരിക്കാതിരിക്കുകയോ മഹത്ത്വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ കരിച്ചു ഭസ്മമാക്കിക്കളയും എന്നും മറ്റും ജല്‍പിക്കുന്നതുപോലെയുള്ള വാദങ്ങളുമായി വരുന്ന ഒരാളാണ് പ്രവാചകന്‍ എന്ന തെറ്റിദ്ധാരണ മസ്തിഷ്‌കത്തില്‍നിന്ന് തുടച്ചുനീക്കണം. നിങ്ങള്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ഗം നാശത്തിലേക്കുള്ളതാണ് എന്ന് മുന്നറിയിപ്പു നല്‍കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ തിന്മയല്ല കാംക്ഷിക്കുന്നത്, അദ്ദേഹം നിങ്ങളുടെ ഗുണകാംക്ഷി മാത്രമാകുന്നു എന്നും ഇക്കൂട്ടത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. തുടര്‍ന്ന്, അല്ലാഹു എല്ലാ മനുഷ്യരെയും ജന്മനാതന്നെ സന്മാര്‍ഗ ബദ്ധരാക്കാതെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ഭിന്നിക്കുന്ന പ്രവണതയുള്ളവരാക്കിയതിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുകൊടുക്കുന്നു. ഈ പ്രകൃതിയുടെ ഫലമായിട്ടാണല്ലോ ജനം പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിശദീകരണമിതാണ്: ഈ പ്രകൃതിവിശേഷത്തിന്റെ ഫലമായിട്ടാണ് മനുഷ്യന്ന് തന്റെ അബോധമായ ജന്മവാസന എന്ന നിലയ്ക്കല്ലാതെ ബോധപൂര്‍വം അല്ലാഹുവിനെ തന്റെ രക്ഷിതാവായി വരിക്കാന്‍ കഴിയുന്നത്. ഇത് അവന്റെ ബോധശൂന്യമായ സൃഷ്ടികള്‍ക്കൊന്നുമില്ലാത്ത ഇച്ഛയും സ്വാതന്ത്ര്യവുമുള്ളവര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക അനുഗ്രഹമാകുന്നു. ഈ നിലപാട് സ്വീകരിക്കുന്നവരെ അല്ലാഹു സഹായിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു. അവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ക്കുതവിയേകി തന്റെ സവിശേഷ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ഏത് മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ രക്ഷകരല്ലാത്തവരെ, രക്ഷകരായിരിക്കുക സാധ്യമല്ലാത്തവരെ തന്റെ രക്ഷകരായി വരിക്കുന്നുവോ അവന്ന് ഈ കാരുണ്യം വിലക്കപ്പെടുന്നു. ഇവ്വിഷയകമായി ഇതുകൂടി വിശദീകരിക്കുന്നുണ്ട്; മനുഷ്യന്റെയും മറ്റെല്ലാ സൃഷ്ടികളുടെയും യഥാര്‍ഥ രക്ഷകന്‍ അല്ലാഹു മാത്രമാകുന്നു. രക്ഷകനായി മറ്റാരുമില്ല. രക്ഷകന്റെ ചുമതല നിര്‍വഹിക്കാനുള്ള ശക്തിയും മറ്റാര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യമുപയോഗിച്ച് രക്ഷിതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കുക എന്നതാണ് മനുഷ്യവിജയത്തിന്റെ അച്ചുതണ്ട്. അവന്‍ തന്റെ രക്ഷകനായി വരിക്കുന്നത് യഥാര്‍ഥ രക്ഷകനെത്തന്നെ ആയിരിക്കണം. തുടര്‍ന്ന്, മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന ദീനിന്റെ യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കുന്നു. ഒന്നാമത്തെ അടിസ്ഥാനതത്ത്വമിതാണ്: അല്ലാഹു പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും ഉടമസ്ഥനും യഥാര്‍ഥ രക്ഷിതാവുമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശാസനാധികാരിയും അവന്‍ മാത്രമാകുന്നു. മനുഷ്യന്ന് ദീനും ശരീഅത്തും (പ്രമാണവും കര്‍മവ്യവസ്ഥയും) നിര്‍ദേശിക്കാനും മനുഷ്യര്‍ തമ്മിലുള്ള ഭിന്നിപ്പുകളില്‍ സത്യമേത്, അസത്യമേത് എന്നു വിധിക്കാനുമുള്ള അധികാരവും അവന്നു മാത്രമേയുള്ളൂ. മറ്റു യാതൊരസ്തിത്വത്തിനും മനുഷ്യന്റെ നിയമദാതാവായിരിക്കാനുള്ള അവകാശമില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയിലുള്ള വിധികര്‍ത്തൃത്വമെന്ന പോലെ നിയമനിര്‍ദേശങ്ങളിലുള്ള വിധികര്‍ത്തൃത്വവും അവന്ന് മാത്രമുള്ളതാണ്. മനുഷ്യന്നോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലുമോ ഈ വിധികര്‍ത്തൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. വല്ലവരും അല്ലാഹുവിന്റെ ഈ വിധികര്‍ത്തൃത്വം മാത്രം അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ല. ഈയടിസ്ഥാനത്തില്‍ അല്ലാഹു ആദിമുതലേ മനുഷ്യന്ന് ഒരു ദീന്‍ നിശ്ചയിച്ചിട്ടുണ്ട്. ആ ദീന്‍തന്നെയാണ് എല്ലാ കാലത്തും എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിപ്പോന്നിട്ടുള്ളത്. ഒരു പ്രവാചകനും വ്യതിരിക്തമായ ഏതെങ്കിലും മതത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല. മനുഷ്യാരംഭം മുതല്‍ അല്ലാഹു അവര്‍ക്കായി നിശ്ചയിച്ച ദീന്‍ ഏതാണോ ആ ദീനിന്റെത്തന്നെ അനുകര്‍ത്താക്കളും പ്രചാരകരുമായിരുന്നു സകല പ്രവാചകവര്യന്മാരും. ആ ദീന്‍ അയച്ചിട്ടുള്ളത്, അത് വിശ്വസിച്ചിട്ട് മനുഷ്യന്‍ വെറുതെ കുത്തിയിരിക്കാനല്ല. മറിച്ച്, എക്കാലത്തും ആ ദീനിനെ ഈ ഭൂമിയില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രായോഗികമാക്കാനുമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനല്ലാതെ മറ്റൊരു ഘടനയും വ്യവസ്ഥയും നടക്കാവതല്ല. പ്രവാചകന്മാര്‍ നിയുക്തരായിട്ടുള്ളത് ഈ ദീന്‍ പ്രബോധനം ചെയ്യാന്‍ മാത്രമല്ല, അതിനെ സംസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സേവനത്തിനു കൂടിയാകുന്നു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ സാക്ഷാല്‍ മതം. പക്ഷേ, പ്രവാചകന്മാര്‍ക്കുശേഷം എന്നും സംഭവിച്ചിട്ടുള്ളതിതാണ്: സ്വാര്‍ഥികളും തന്നിഷ്ടക്കാരും സ്വാഭിപ്രായക്കാരുമായ ആളുകള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഭിന്നിപ്പുകളുണ്ടാക്കി. പുതിയ പുതിയ മതങ്ങളുണ്ടാക്കി. ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ മതങ്ങളും ആ ഏകമതം വികൃതമാക്കി നിര്‍മിക്കപ്പെട്ടതാണ്. ഇപ്പോള്‍, മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യമിതാണ്: ഈ വ്യത്യസ്ത മാര്‍ഗങ്ങളുടെയും കൃത്രിമ മതങ്ങളുടെയും മനുഷ്യനിര്‍മിത ദീനുകളുടെയും സ്ഥാനത്ത് സാക്ഷാല്‍ ദീനിനെ ജനസമക്ഷം അവതരിപ്പിക്കുക, അത് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിന്റെ പേരില്‍ ദൈവത്തോട് നന്ദിയുള്ളവരാകുന്നതിനു പകരം അതിനെ താറുമാറാക്കാനും അതിനെതിരില്‍ പോരാടാനുമാണ് ഒരുമ്പെടുന്നതെങ്കില്‍ അത് നിങ്ങളുടെ അവിവേകവും മൗഢ്യവുമാകുന്നു. ഈ മൂഢത കണ്ട് പ്രവാചകന്‍ അദ്ദേഹത്തിന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിയാന്‍ പോവുന്നില്ല. സ്വന്തം നിലപാടില്‍ അചഞ്ചലനായി ഉറച്ചുനില്‍ക്കാനും നിശ്ചിത ദൗത്യം പൂര്‍ത്തീകരിക്കാനും കല്‍പിക്കപ്പെട്ടവനാണദ്ദേഹം. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പണ്ട് ദൈവിക ദീനിനെ ദുഷിപ്പിച്ച ഊഹാപോഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അരുനില്‍ക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹുവിന്റെ ദീന്‍ തള്ളിക്കളഞ്ഞ് ഇതരന്മാരുടെ കൃത്രിമ ദീനും പ്രമാണവും കൈക്കൊള്ളുക എന്നത് അല്ലാഹുവിനെതിരിലുള്ള എത്ര വലിയ ധിക്കാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അതൊരു സാധാരണ സംഗതിയായാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അതില്‍ ഒരു ദൗഷ്ട്യവും നിങ്ങള്‍ കാണുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ ഭൂമിയില്‍ സ്വന്തം വക ദീന്‍ നടത്തുകയും അതിനെ അനുസരിക്കുകയും ചെയ്യുക എന്നത് അവന്റെ ദൃഷ്ടിയില്‍ കഠിനശിക്ഷയര്‍ഹിക്കുന്ന ഏറ്റവും ദുഷിച്ച ശിര്‍ക്കും ഏറ്റവും വഷളായ കുറ്റവുമാകുന്നു. ഇപ്രകാരം ദീനിന്റെ വ്യക്തവും സ്പഷ്ടവുമായ ഒരു വിഭാവനം അവതരിപ്പിച്ചശേഷം അരുളുന്നു: നിങ്ങള്‍ക്ക് നേര്‍മാര്‍ഗം മനസ്സിലാക്കിത്തരാന്‍ സാധ്യമായതില്‍വെച്ച് ഏറ്റവും വിശിഷ്ടമായ മാര്‍ഗം ഏതാണോ അത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുവശത്ത്, അല്ലാഹു അവന്റെ വേദം ഇറക്കിത്തന്നു. അത് ഹൃദയഹാരിയായ ശൈലിയില്‍ നിങ്ങളുടെ ഭാഷയില്‍ യാഥാര്‍ഥ്യം വിവരിച്ചുതരുന്നു. മറുവശത്ത്, മുഹമ്മദ് നബിയുടെയും ശിഷ്യന്മാരുടെയും ജീവിതം നിങ്ങളുടെ കണ്‍മുമ്പില്‍തന്നെയുണ്ട്. ഈ വേദം എങ്ങനെയുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് അവരെ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും സന്മാര്‍ഗം പ്രാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് യാതൊന്നിനും നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ നൂറ്റാണ്ടുകളായി അകപ്പെട്ടിരിക്കുന്ന അപഭ്രംശത്തില്‍ത്തന്നെ തുടരുകയായിരിക്കും അതിന്റെ ഫലം. എങ്കില്‍ അത്തരം ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ദുഷ്പരിണതി തന്നെ നിങ്ങളും അനുഭവിക്കേണ്ടിവരുകയും ചെയ്യും. ഈ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടക്കിടക്ക് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകളും ചൂണ്ടിക്കാണിക്കുന്നു. ഭൗതികപൂജയുടെ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. പാരത്രിക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നു. നിഷേധികള്‍ സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നതിന്റെ യഥാര്‍ഥ കാരണമായ ധാര്‍മിക ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന കാര്യങ്ങള്‍ പറയുന്നു: ഒന്ന്: മുഹമ്മദ് നബി(സ)ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല്‍പതാണ്ടുകളില്‍ വേദത്തെക്കുറിച്ചോ വിശ്വാസപ്രശ്‌നങ്ങളെക്കുറിച്ചോ ഒരറിവും സങ്കല്‍പവുമുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം പെട്ടെന്ന് ഈ രണ്ടു കാര്യങ്ങളുമായി ജനമധ്യത്തിലേക്ക് വരുന്നു. ഇതുതന്നെ അദ്ദേഹം പ്രവാചകനാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. രണ്ട്: അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങള്‍ ദൈവിക പാഠങ്ങളാണ് എന്നതിന് അദ്ദേഹം നിരന്തരമായി അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നതായി അര്‍ഥമില്ല. മറ്റെല്ലാ പ്രവാചകന്മാര്‍ക്കുമെന്നപോലെ ദൈവം ഈ പ്രവാചകന്നും പാഠങ്ങള്‍ നല്‍കിയിട്ടുള്ളത് മൂന്നു മാര്‍ഗങ്ങളിലൂടെയാകുന്നു. ഒന്ന്: ദിവ്യബോധനം, രണ്ട്: മറയ്ക്കുപിന്നില്‍നിന്നുള്ള ശബ്ദം, മൂന്ന്: മലക്കുകള്‍ മുഖേനയുള്ള സന്ദേശം. നബി അല്ലാഹുവുമായി നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നതായി പ്രതിയോഗികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കിട്ടാതിരിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാഹു പ്രവാചകത്വ പദവിയില്‍ അവരോധിക്കുന്നവര്‍ക്ക് അവന്‍ ഏതെല്ലാം രൂപത്തിലാണ് മാര്‍ഗദര്‍ശനമരുളുന്നതെന്നു സത്യാന്വേഷികളായ ആളുകള്‍ അറിഞ്ഞിരിക്കേണ്ടതിനു വേണ്ടിയും.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.