10-ആം സൂക്തത്തിലെ يَومَ تَأْتِى السَّمَاءُ بِدُخَانٍ مُّبِينٍ എന്ന വാക്യത്തിലെ ദുഖാന്‍ എന്ന പദമാണ് അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടത്. ദുഖാന്‍ എന്ന പദമുള്ള സൂറഃ എന്ന് താല്‍പര്യം.
10-ആം സൂക്തത്തിലെ يَومَ تَأْتِى السَّمَاءُ بِدُخَانٍ مُّبِينٍ എന്ന വാക്യത്തിലെ ദുഖാന്‍ എന്ന പദമാണ് അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടത്. ദുഖാന്‍ എന്ന പദമുള്ള സൂറഃ എന്ന് താല്‍പര്യം.
ഈ അധ്യായത്തിന്റെയും അവതരണകാലം പ്രബലമായ നിവേദനങ്ങളിലൂടെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ സൂറയും, സൂറതു സുഖ്‌റുഫും അതിനു മുമ്പുള്ള ഏതാനും സൂറകളും അവതരിച്ച കാലത്തുതന്നെയാണവതരിച്ചതെന്ന് ഉള്ളടക്കത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ആ സൂറകളുടെ അല്‍പം പിന്നിലാണിതെന്നു മാത്രം. ചരിത്രപശ്ചാത്തലം ഇതാണ്: മക്കയിലെ നിഷേധികളുടെ എതിര്‍പ്പ് അതിരൂക്ഷമായിത്തീര്‍ന്നപ്പോള്‍ നബി(സ) പ്രാര്‍ഥിച്ചു: 'അല്ലാഹുവേ! യൂസുഫി(അ)ന്റെ കാലത്തുണ്ടായ ക്ഷാമംപോലൊരു ക്ഷാമംകൊണ്ട് നീ എന്നെ സഹായിക്കണമേ!'H566 ആപത്തണയുമ്പോള്‍ ജനം അല്ലാഹുവിനെ ഓര്‍ക്കുകയും തന്റെ ഉപദേശം സ്വീകരിക്കാന്‍ മാത്രം തരളിതരാവുകയും ചെയ്യുമെന്നായിരുന്നു അവിടത്തെ പ്രതീക്ഷ. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു. നാട് മുഴുവന്‍ കടുത്ത ക്ഷാമം ബാധിച്ചു. ആളുകള്‍ വെപ്രാളം കൊണ്ടു. ഒടുവില്‍ കുറെ ഖുറൈശി പ്രമാണിമാര്‍ നബി(സ)യെ സമീപിച്ചു. അക്കൂട്ടത്തില്‍ അബൂസുഫ്‌യാനുംN39 ഉണ്ടായിരുന്നുവെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)N1341 പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. അവര്‍ പ്രവാചകനോടപേക്ഷിച്ചു: 'സ്വജനത്തെ ഈ ആപത്തില്‍നിന്ന് മോചിപ്പിക്കാന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.' ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഈ സൂറ അവതരിപ്പിച്ചത്.
ഈ സന്ദര്‍ഭത്തില്‍ മക്കയിലെ അവിശ്വാസികളെ ഉദ്‌ബോധിപ്പിക്കാനായി തിരുനബി(സ)ക്ക് അവതരിച്ച പ്രഭാഷണത്തിന്റെ ആമുഖം ഏതാനും സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, ഈ ഖുര്‍ആന്‍ മുഹമ്മദ്(സ) സ്വയം രചിച്ചതാണെന്ന നിങ്ങളുടെ വിചാരം തെറ്റാണ്. ഇത് മനുഷ്യനിര്‍മിതമല്ല, സര്‍വലോക നാഥനായ ദൈവത്തിന്റെ വേദമാണെന്ന് ഈ ഗ്രന്ഥം സ്വയം സാക്ഷ്യം വഹിക്കുന്നുണ്ട്. രണ്ട്, ഈ വേദത്തിന്റെ മൂല്യവും മഹത്ത്വവും മനസ്സിലാക്കുന്നതിലും നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. നിങ്ങളുടെ വീക്ഷണത്തില്‍ ഇത് നിങ്ങള്‍ക്ക് വന്നുഭവിച്ച ഒരു വിപത്താണല്ലോ. എന്നാല്‍, അല്ലാഹു അവന്റെ ദൂതനെ നിങ്ങളിലേക്ക് അയക്കാനും അദ്ദേഹത്തിന് തന്റെ വേദം അവതരിപ്പിച്ചുകൊടുക്കാനും തീരുമാനിച്ച സമയം യഥാര്‍ഥത്തില്‍ അത്യന്തം അനുഗൃഹീതമായ സമയമത്രെ. മൂന്ന്, നിങ്ങള്‍ മൗഢ്യംമൂലം ഈ ദൈവദൂതനെയും വേദത്തെയും എതിര്‍ത്തു തോല്‍പിക്കാമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. പക്ഷേ, ഈ ദൈവദൂതന്റെ നിയോഗവും വേദത്തിന്റെ അവതരണവും അല്ലാഹു ഭാഗധേയങ്ങള്‍ നിശ്ചയിക്കുന്ന വിശേഷ സന്ദര്‍ഭത്തില്‍ത്തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. അല്ലാഹുവിന്റെ തീരുമാനമാകട്ടെ, തോന്നുന്നവര്‍ക്ക് മാറ്റിമറിക്കാവുന്ന വിധം ദുര്‍ബലമല്ലതാനും. അബദ്ധമാകാനോ അപാകമാകാനോ സാധ്യതയുണ്ടാകുമാറ് അജ്ഞതയിലോ മൂഢതയിലോ അധിഷ്ഠിതവുമല്ല അത്. സര്‍വജ്ഞനും യുക്തിമാനും സര്‍വശ്രോതാവുമായ പ്രപഞ്ചപരിപാലകന്റെ പരിപക്വവും ഉറച്ചതുമായ തീരുമാനമാണത്. അതിനോടെതിര്‍ക്കുകയെന്നത് കളിയൊന്നുമല്ല. നാല്, അല്ലാഹു ആകാശഭൂമികളുടെയും പ്രാപഞ്ചിക വസ്തുക്കളഖിലത്തിന്റെയും ഉടമയും പരിപാലകനുമാണെന്ന് നിങ്ങള്‍തന്നെ സമ്മതിക്കുന്നു. ജനിമൃതികള്‍ അവന്റെ അധികാരത്തില്‍പെട്ടതാണെന്നും സമ്മതിക്കുന്നു. പക്ഷേ, എന്നിട്ടും നിങ്ങള്‍ മറ്റുള്ളവരെ ആരാധ്യരായി വരിക്കുന്നതില്‍ ശഠിച്ചുനില്‍ക്കുകയാണ്. അതിന് നിങ്ങള്‍ക്കുള്ള ന്യായമാകട്ടെ, പൂര്‍വ പിതാക്കളുടെ കാലത്ത് ഇങ്ങനെയാണ് നടന്നുവന്നിട്ടുള്ളത് എന്നതു മാത്രവും. എന്നാല്‍, അല്ലാഹുവാണ് ഉടമസ്ഥനും പരിപാലകനും ജനിമൃതികള്‍ക്കധികാരമുള്ളവനും എന്ന് ബോധപൂര്‍വം ഉറപ്പിക്കുന്ന ഒരാള്‍ക്കും അവനല്ലാതെ, അല്ലെങ്കില്‍ അവന്റെ കൂടെ മറ്റുള്ളവര്‍ കൂടി ആരാധ്യരാവാമെന്ന് സന്ദേഹിക്കാന്‍ പോലും സാധ്യമല്ല. നിങ്ങളുടെ പൂര്‍വികര്‍ അങ്ങനെയൊരു വിഡ്ഢിത്തം ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളും കണ്ണടച്ച് അതുതന്നെ അനുവര്‍ത്തിച്ചുകൊള്ളണമെന്നതിന് ഒരു ന്യായവുമില്ല. യഥാര്‍ഥത്തില്‍ നിങ്ങളുടെ റബ്ബായ ഏകദൈവംതന്നെയാണ് അവരുടെയും റബ്ബ്. നിങ്ങള്‍ അടിമപ്പെടേണ്ട ഏകദൈവത്തിനുതന്നെയായിരുന്നു അവരും അടിമപ്പെടേണ്ടിയിരുന്നത്. അഞ്ച്, അല്ലാഹുവിന്റെ ദിവ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും താല്‍പര്യം നിങ്ങളെ തീറ്റിപ്പോറ്റുക എന്നതു മാത്രമല്ല, നിങ്ങള്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക എന്നതും അതിന്റെ താല്‍പര്യംതന്നെയാകുന്നു. ഈ സന്മാര്‍ഗ ദര്‍ശനത്തിനുവേണ്ടിയാകുന്നു അവന്‍ ദൈവദൂതനെ അയച്ചതും വേദം അവതരിപ്പിച്ചതും. ഈ ആമുഖത്തിനു ശേഷം, അന്നുണ്ടായിരുന്ന ക്ഷാമത്തെക്കുറിച്ച് പറയുന്നു. നാം നേരത്തെ പറഞ്ഞപോലെ ഈ ക്ഷാമം നബി(സ)യുടെ പ്രാര്‍ഥനയുടെ ഫലമായുണ്ടായതാണ്. നബി (സ) അതിനുവേണ്ടി പ്രാര്‍ഥിച്ചത്, ആപത്തണയുമ്പോള്‍ സത്യനിഷേധികളുടെ എഴുന്നുനില്‍ക്കുന്ന കഴുത്ത് അല്‍പം വളഞ്ഞേക്കുമെന്നും അപ്പോള്‍ തന്റെ സദുപദേശങ്ങള്‍ അവരില്‍ ഏശുമെന്നും കരുതിയിട്ടായിരുന്നു. ഈ പ്രതീക്ഷ അന്ന് ഒരളവോളം സഫലമാകുന്നതായി കണ്ടിരുന്നു. എന്തുകൊണ്ടെന്നാല്‍, മഹാ അഹങ്കാരികളായ സത്യവിരോധികള്‍ പരവശരായി വിലപിച്ചുകൊണ്ടിരുന്നു: 'നാഥാ, ഈ ശിക്ഷ ഞങ്ങളില്‍നിന്ന് നീക്കിക്കളയേണമേ. എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളായിക്കൊള്ളാം.' ഇതേപ്പറ്റി ഒരുവശത്ത് നബി(സ)യോട് പറയുന്നു: ഇത്തരം വിപത്തുകള്‍കൊണ്ട് ഇക്കൂട്ടര്‍ എവിടന്ന് പാഠം പഠിക്കാനാണ്! ഇവര്‍ ദൈവദൂതനില്‍നിന്ന്, അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന്, ചര്യയില്‍നിന്ന്, വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും പുറംതിരിയുമ്പോള്‍ അദ്ദേഹം ഉറപ്പായും ദൈവദൂതനാണെന്ന് പരസ്യമായി വെളിവായിട്ടുണ്ട്. എന്നിരിക്കെ ഇപ്പോഴൊരു ക്ഷാമംകൊണ്ട് അവരുടെ പ്രജ്ഞാശൂന്യത എങ്ങനെ ദൂരീകരിക്കപ്പെടാനാണ്! മറുവശത്ത്, നിഷേധികളെ അഭിസംബോധന ചെയ്തുകൊണ്ടരുളുന്നു: ഈ ശിക്ഷ നീക്കംചെയ്യപ്പെട്ടാല്‍ വിശ്വാസികളായിക്കൊള്ളാമെന്ന് നിങ്ങള്‍ തികച്ചും കള്ളം പറയുകയാകുന്നു. നാമീ ശിക്ഷ നീക്കിക്കളഞ്ഞാല്‍ അപ്പോഴറിയാം നിങ്ങള്‍ സ്വന്തം വാഗ്ദാനത്തില്‍ എത്രത്തോളം സത്യസന്ധരാണെന്ന്. നിങ്ങളുടെ തലയില്‍ ഭാഗ്യഹീനത കളിയാടുകയാണ്. നിങ്ങള്‍ക്ക് ഒരു മഹാപ്രഹരമാണാവശ്യം. ലഘുവായ തലോടല്‍കൊണ്ടൊന്നും നിങ്ങളുടെ മസ്തിഷ്‌കം നേരെയാവാന്‍ പോകുന്നില്ല. ഈ രീതിയില്‍ മുന്നോട്ടുപോയി ഫറവോനെയും ഫറവോന്‍ സമൂഹത്തെയും പരാമര്‍ശിക്കുന്നു. അക്കൂട്ടരും ഇപ്പോള്‍ ഖുറൈശി നിഷേധികള്‍ അഭിമുഖീകരിക്കുന്ന ഇതേ പരീക്ഷണത്തെ അഭിമുഖീകരിക്കുകയുണ്ടായി. അവര്‍ക്കിടയിലും ഒരു മഹാനായ പ്രവാചകന്‍ ആഗതനായിരുന്നു. അദ്ദേഹം അല്ലാഹുവിനാല്‍ നിയുക്തനാണെന്ന് സ്പഷ്ടമാക്കുന്ന ഖണ്ഡിതമായ ദൃഷ്ടാന്തങ്ങളും ലക്ഷണങ്ങളും അവര്‍ കാണുകയും ചെയ്തിരുന്നു. അവരും ഒന്നിനു പിറകെ ഒന്നായി ദൃഷ്ടാന്തങ്ങള്‍ കണ്ടുകൊണ്ടിരുന്നതല്ലാതെ തങ്ങളുടെ സത്യവിരോധത്തില്‍നിന്ന് പിന്‍മാറാന്‍ കൂട്ടാക്കുകയുണ്ടായില്ല. എത്രത്തോളമെന്നാല്‍, ഒടുവില്‍ അവര്‍ ദൈവദൂതനെ വധിക്കാനൊരുമ്പെട്ടു. തദ്ഫലമായി എക്കാലത്തേക്കും പാഠമായിത്തീര്‍ന്ന ഒരു പരിണതി കാണേണ്ടിവരുകയും ചെയ്തു. അനന്തരം മക്കയിലെ നിഷേധികള്‍ രൂക്ഷമായി നിഷേധിച്ചിരുന്ന രണ്ടാമത്തെ വിഷയമായ പരലോകത്തെക്കുറിച്ച് പറയുന്നു. അവര്‍ വാദിച്ചു: 'ഞങ്ങളിലാരും മരണാനന്തരം ഉയിര്‍ത്തെഴുന്നേറ്റതായി കാണുന്നില്ല. രണ്ടാമതൊരു ജീവിതമുണ്ടെന്ന നിന്റെ വാദം സത്യമാണെങ്കില്‍ ഞങ്ങളുടെ മരിച്ചുപോയ പൂര്‍വ പിതാക്കളെ ഒന്നുയിര്‍ത്തെഴുന്നേല്‍പിച്ചു കാണിക്ക്.' ഇതിന് മറുപടിയായി പരലോക വിശ്വാസത്തിന് രണ്ട് തെളിവുകള്‍ സംക്ഷിപ്തമായി നല്‍കിയിരിക്കുന്നു. പരലോക നിഷേധം എപ്പോഴും ധാര്‍മിക നാശമാണെന്ന് തെളിയുന്നു എന്നതാണൊന്ന്. രണ്ടാമതായി, ഈ പ്രപഞ്ചം ഒരു കളിക്കുട്ടിയുടെ കളിക്കോപ്പല്ല. പ്രത്യുത, ഒരു പാഴ്‌വേലയിലുമേര്‍പ്പെടാത്ത ഒരു യുക്തിമാന്റെ യുക്തിപൂര്‍ണമായ ആസൂത്രണമാണ്. പിന്നീട്, പൂര്‍വികരെ ഉയിര്‍ത്തെഴുന്നേല്‍പിക്കണമെന്ന, നിഷേധികളുടെ ആവശ്യത്തിന് മറുപടി പറയുന്നു. അക്കാര്യം ദിനേന ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് ഉണ്ടാകുന്നതല്ല. അതിന് അല്ലാഹു ഒരു സമയം നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. അന്ന് മനുഷ്യവംശത്തെ ആകമാനം ഒരുമിച്ചുകൂട്ടുകയും തന്റെ കോടതിയില്‍ വിസ്തരിക്കുകയും ചെയ്യുന്നതാണ്. ആ സമയത്തെക്കുറിച്ച് വല്ലവരും ചിന്തിക്കണമെങ്കില്‍ ചിന്തിച്ചുകൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍, ആരും സ്വന്തം ഊറ്റംകൊണ്ട് അവിടെ രക്ഷപ്പെടാന്‍ പോകുന്നില്ല. ആരുടെയെങ്കിലും രക്ഷപ്പെടുത്തല്‍ കൊണ്ടും അന്ന് രക്ഷപ്പെടുകയില്ല. തുടര്‍ന്ന്, അല്ലാഹുവിന്റെ നീതിനിര്‍വഹണത്തെ സ്പര്‍ശിച്ചുകൊണ്ട്, അവിടെ കുറ്റവാളികളായി വിധിക്കപ്പെടുന്നവരുടെ പര്യവസാനമെന്തായിരിക്കുമെന്നും വിജയികളായി പ്രഖ്യാപിക്കപ്പെടുന്നവര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങള്‍ ലഭിക്കുമെന്നും വിവരിച്ചിരിക്കുന്നു. അനന്തരം പ്രഭാഷണം സമാപിക്കുന്നത് ഇപ്രകാരം വ്യക്തമാക്കിക്കൊണ്ടാണ്: നിങ്ങളെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ ഖുര്‍ആന്‍ ഋജുവും വ്യക്തവുമായ ഭാഷയില്‍, നിങ്ങളുടെ മാതൃഭാഷയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇനിയും ഉദ്‌ബോധനം ഉള്‍ക്കൊള്ളാതെ ദുഷ്പരിണതിതന്നെ കാണണമെന്ന് ശഠിക്കുകയാണെങ്കില്‍, എങ്കില്‍ കാത്തിരുന്നുകൊള്ളുക. നമ്മുടെ പ്രവാചകനും കാത്തിരിക്കുന്നുണ്ട്. സംഭവിക്കാനുള്ളത് അതിന്റെ സമയമാകുമ്പോള്‍ മുന്നില്‍ വന്നുകൊള്ളും.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.