Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

28-ആം സൂക്തം وَتَرَى كُلَّ أُمَّةٍ جَاثِيَةً എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം. ജാസിയ എന്ന വാക്കുള്ള സൂറ എന്ന് താല്‍പര്യം.

നാമം

28-ആം സൂക്തം وَتَرَى كُلَّ أُمَّةٍ جَاثِيَةً എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ് ഈ നാമം. ജാസിയ എന്ന വാക്കുള്ള സൂറ എന്ന് താല്‍പര്യം.


അവതരണകാലം

ഈ സൂറയുടെ അവതരണ കാലം ഏതെങ്കിലും പ്രബലമായ നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഇതും സൂറ അദ്ദുഖാനിന്റെ അവതരണകാലത്തോടടുത്ത് അവതരിച്ചതാണെന്ന് ഉള്ളടക്കത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. ഇരു സൂറകളുടെയും ഉള്ളടക്കം തമ്മില്‍ അവ ഇരട്ടക്കുട്ടികളാണെന്നു തോന്നുമാറുള്ള സാദൃശ്യമുണ്ട്.


പ്രതിപാദ്യ വിഷയം

തൗഹീദ്, ആഖിറത്ത് എന്നീ ആശയങ്ങളെക്കുറിച്ച് മക്കയിലെ അവിശ്വാസികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയും ഖുര്‍ആനിക സന്ദേശങ്ങള്‍ക്കെതിരില്‍ അവര്‍ സ്വീകരിച്ച നിലപാടിനുനേരെയുള്ള താക്കീതുമാണ് ഈ സൂറയിലെ ഉള്ളടക്കം. ഏകദൈവത്വ സിദ്ധാന്തത്തിന്റെ തെളിവുകള്‍ വിവരിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിക്കുന്നത്. ഇവ്വിഷയകമായി മനുഷ്യാസ്തിത്വം മുതല്‍ ആകാശഭൂമികള്‍ വരെ സര്‍വത്ര വ്യാപിച്ചുകിടക്കുന്ന ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറയുന്നു: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും സകല വസ്തുക്കളും, നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന തൗഹീദിനെ സാക്ഷ്യപ്പെടുത്തുന്നതായി കാണാം. പലതരം ജന്തുക്കള്‍, രാപ്പകലുകള്‍, വൃഷ്ടി, അതുവഴി കിളിര്‍ത്തുവരുന്ന സസ്യലതാദികള്‍, വാതകങ്ങള്‍, മനുഷ്യന്റെതന്നെ ജന്മം, കണ്ണുതുറന്നു നോക്കുകയും നിഷ്പക്ഷബുദ്ധ്യാ ചിന്തിക്കുകയുമാണെങ്കില്‍ ഈ പ്രപഞ്ചം നിരീശ്വരമോ നിരവധി ഈശ്വരന്മാരാല്‍ നടത്തപ്പെടുന്നതോ അല്ലെന്നും അവയെല്ലാം നിര്‍വിശങ്കം ബോധ്യപ്പെടുത്തിത്തരുന്നതാണ്. ഒരേയൊരു ദൈവത്താല്‍ നിര്‍മിതമാണെന്നും അവന്‍ മാത്രമാണവയെ ആസൂത്രിതമായി പരിപാലിച്ചുകൊണ്ടിരിക്കുന്നതെന്നും അവ വിളിച്ചോതുന്നുണ്ട്. എന്നാല്‍, എന്തായാലും വിശ്വസിക്കുകയില്ലെന്ന് ശപഥം ചെയ്തിരിക്കുന്നവരുടെ കാര്യം ഒന്നുവേറെയാണ്. ശങ്കകളിലും സന്ദേഹങ്ങളിലുംതന്നെ നിലകൊള്ളാന്‍ തീരുമാനിച്ചവരുടെ കാര്യവും വേറെ. അവര്‍ക്കൊന്നും ഈ ലോകത്തെവിടെനിന്നും ഉറപ്പിന്റെയും വിശ്വാസത്തിന്റെയും സൗഭാഗ്യം നേ ടാനാവില്ല. ഇങ്ങനെ മുന്നോട്ടുപോയി രണ്ടാം ഖണ്ഡികയുടെ തുടക്കത്തില്‍ പറയുന്നു: മനുഷ്യന്‍ ഈ ലോകത്ത് എത്രയൊക്കെ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നുവോ, അതിരും എതിരുമില്ലാത്ത എന്തെല്ലാം സാധനങ്ങളും ശക്തികളും ഈ പ്രപഞ്ചത്തില്‍ അവന്റെ നന്മക്കായി സേവനം ചെയ്തുകൊണ്ടിരിക്കുന്നുവോ അവയൊന്നും എങ്ങുനിന്നും സ്വയം വന്നുചേര്‍ന്നതല്ല; ദേവീദേവന്മാര്‍ സജ്ജീകരിച്ചു വെച്ചതുമല്ല. അവയെല്ലാം ആ ഏകദൈവം തന്നില്‍നിന്ന് മനുഷ്യന്ന് നല്‍കിയതും അധീനപ്പെടുത്തിക്കൊടുത്തതുമാകുന്നു. വല്ലവനും ശരിയാംവണ്ണം ചിന്തിച്ചുനോക്കുകയാണെങ്കില്‍ ആ ഏകദൈവംതന്നെയാണ് മനുഷ്യന്ന് എല്ലാ നന്മകളും ചെയ്യുന്നതെന്നും, അതിനാല്‍ മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കാന്‍ കടപ്പെട്ടിട്ടുള്ളത് അവനോട് മാത്രമാണെന്നും അവരുടെ ബുദ്ധിതന്നെ വിളിച്ചുപറയുന്നതായി മനസ്സിലാക്കാം. അനന്തരം, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനിക സന്ദേശത്തിനുനേരെ കൈക്കൊണ്ട ധിക്കാരവും അഹന്തയും പരിഹാസവും ഉറച്ച നിഷേധവും കഠിനമായി ആക്ഷേപിക്കപ്പെട്ടിരിക്കുന്നു. നേരത്തേ ഇസ്‌റാഈല്‍ വംശത്തിന് അരുളപ്പെട്ട അതേ അനുഗ്രഹങ്ങളുമായാണ് ഈ ഖുര്‍ആന്‍ ആഗതമായിട്ടുള്ളതെന്ന് അവരെ ഉണര്‍ത്തുന്നു. ആ അനുഗ്രഹങ്ങള്‍ നിമിത്തമാണ് ഇസ്‌റാഈല്‍ വംശംN676 ലോകജനതകളില്‍ ശ്രേഷ്ഠതക്കര്‍ഹരായത്. അവര്‍ ആ അനുഗ്രഹങ്ങളെ അവമതിക്കുകയും ദീനില്‍ ഭിന്നിപ്പുണ്ടാക്കി നശിപ്പിക്കുകയും ചെയ്തപ്പോള്‍ ഈ ഭാഗ്യം നിങ്ങളിലേക്കയക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യര്‍ക്ക് ദീനിന്റെ സ്വഛമായ രാജപാത കാണിച്ചുകൊടുക്കുന്ന പ്രമാണമാണിത്. അവിവേകത്താലും മൂഢതയാലും ഇതിനെ തടയുന്നവര്‍ സ്വന്തം വിനാശത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്. ഈ ദീനിനെ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ട് ദൈവഭക്തിയില്‍ നിലകൊള്ളുന്നവര്‍ മാത്രമാകുന്നു ദൈവത്തിന്റെ കാരുണ്യത്തിനും സഹായത്തിനും അര്‍ഹരാകുന്നവര്‍. ഇതോടൊപ്പം പ്രവാചക ശിഷ്യന്മാരോട് ഇപ്രകാരം നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു: ദൈവഭയമില്ലാത്ത ഈ ആളുകള്‍ നിങ്ങളോടു കാണിക്കുന്ന അവിവേകങ്ങളെ വിട്ടുവീഴ്ചയോടും സഹനത്തോടും കൂടി നേരിടുക. നിങ്ങള്‍ സഹനമവലംബിക്കുകയാണെങ്കില്‍ അവരുടെ കഥ ദൈവംതന്നെ കഴിച്ചുകൊള്ളും. നിങ്ങള്‍ക്ക് ആ സഹനത്തിന് പ്രതിഫലമരുളുകയും ചെയ്യും. തുടര്‍ന്ന് പരലോക വിശ്വാസത്തെക്കുറിച്ച് അവിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്ന മൂഢധാരണകളെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ പറയുന്നു: ജീവിതമെന്നാല്‍ ഈ ഭൗതികജീവിതം മാത്രമേയുള്ളൂ. അനന്തരം മറ്റൊരു ജീവിതമില്ല. ഒരു ഘടികാരം കുറെക്കാലം നടന്നശേഷം നിന്നുപോകുന്നതുപോലെ മാത്രമാണ് കാലത്തിന്റെ കറക്കത്തില്‍ നാം മരിച്ചുപോകുന്നത്. പിടിക്കപ്പെടുകയും പിന്നീട് ഏതോ സന്ദര്‍ഭത്തില്‍ മനുഷ്യശരീരത്തില്‍ പുനരാവാഹിക്കപ്പെടുകയും ചെയ്യുന്ന ഒരാത്മാവൊന്നും മരണാനന്തരം അവശേഷിക്കുന്നില്ല. അതല്ല, മരണാനന്തര ജീവിതം ഉണ്ടെന്നുതന്നെ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ ഞങ്ങളുടെ മരിച്ചുപോയ പൂര്‍വികരെ ഒന്ന് ജീവിപ്പിച്ചു കാട്ടിത്തരുക. ഇതിനു മറുപടിയായി അല്ലാഹു ഏതാനും തെളിവുകള്‍ തുടരത്തുടരെ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, നിങ്ങള്‍ ഇതൊന്നും പറയുന്നത് ഒരു അറിവും വെച്ചുകൊണ്ടല്ല. വെറും അനുമാനത്തെ ആസ്പദമാക്കിയാണ് നിങ്ങള്‍ ഇത്രയും ഗുരുതരമായ വിധി രൂപവത്കരിച്ചിരിക്കുന്നത്. മരണാനന്തര ജീവിതം ഇല്ലെന്നും, ആത്മാവ് പിടിച്ചെടുക്കപ്പെടുകയല്ല, നശിച്ചുപോവുകയാണ് എന്നും യഥാര്‍ഥത്തില്‍ നിങ്ങള്‍ ഉറപ്പായി അറിഞ്ഞിട്ടുണ്ടോ? രണ്ട്, മരിച്ചുപോയവരാരും ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് കണ്ടിട്ടില്ല എന്നതു മാത്രമാണല്ലോ ഈ വാദത്തിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച ആധാരം. എന്നാല്‍, മരിച്ചവര്‍ എഴുന്നേല്‍ക്കുന്നില്ല എന്നത് യഥാര്‍ഥത്തില്‍ ഇത്ര ഗുരുതരമായ ഒരു വാദമുന്നയിക്കുന്നതിന് മതിയായ ആധാരമാണോ? ഒരു കാര്യം നിങ്ങളുടെ അനുഭവത്തിലും ദൃഷ്ടിയിലും വരാതിരിക്കുന്നതിന് ആ കാര്യം ഇല്ലാ എന്ന് അറിവുകിട്ടി എന്ന് അര്‍ഥമുണ്ടോ? മൂന്ന്, ശിഷ്ടനും ദുഷ്ടനും, ആജ്ഞാനുവര്‍ത്തിയും ധിക്കാരിയും, മര്‍ദിതനും മര്‍ദകനും എല്ലാം ഒടുവില്‍ തുല്യരായിത്തീരുക എന്നത് യുക്തിക്കും നീതിക്കും തികച്ചും വിരുദ്ധമാകുന്നു. നന്മയുടെ സദ്ഫലവും തിന്മയുടെ ദുഷ്ഫലവും ഉളവാകാതെ, മര്‍ദിതന്റെ പരാതികള്‍ പരിഹരിക്കാതെ, മര്‍ദകന്ന് അവന്റെ ചെയ്തിയുടെ ശിക്ഷ ലഭിക്കാതെ എല്ലാവരും ഒരേ തരത്തിലുള്ള പരിണതി പൂകുക! ദൈവത്തിന്റെ ഈ പ്രപഞ്ചത്തെക്കുറിച്ച് ഇത്തരമൊരു സങ്കല്‍പം രൂപവത്കരിക്കുന്നവര്‍ വമ്പിച്ചൊരു അബദ്ധ സങ്കല്‍പംതന്നെയാണ് രൂപവത്കരിക്കുന്നത്. അക്രമികളും ദുഷ്ടന്മാരുമായ ആളുകള്‍ ഇത്തരം സങ്കല്‍പം സ്വീകരിക്കുന്നത് അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ ദുഷ്ഫലം കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. എന്നാല്‍, ദൈവത്തിന്റെ ദിവ്യത്വമെന്നത് അരാജകത്വമല്ല. സത്യാധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ്. അതില്‍ ശിഷ്ടനും ദുഷ്ടനും ഒടുവില്‍ തുല്യരായിത്തീരുക എന്ന അക്രമം നടമാടുക ഒരിക്കലും സാധ്യമല്ല. പരലോകനിഷേധം കടുത്ത ധര്‍മച്യുതിക്ക് വഴിതെളിയിക്കുന്നുവെന്നാണ് നാലാമതായി ചൂണ്ടിക്കാട്ടുന്നത്. ജഡികേച്ഛകളുടെ അടിമകളായിത്തീര്‍ന്നവര്‍ മാത്രമേ പരലോക നിഷേധം അംഗീകരിക്കുകയുള്ളൂ. താന്തോന്നിത്തത്തിനുള്ള തുറന്ന സ്വാതന്ത്ര്യം കിട്ടുന്നതിനുവേണ്ടിയാണ് അവരതംഗീകരിക്കുന്നത്. കൂടാതെ ഈ സിദ്ധാന്തം അംഗീകരിക്കുന്നവരെ അത് ഇരുട്ടില്‍നിന്ന് കൂടുതല്‍ കടുത്ത ഇരുട്ടിലേക്ക് നയിച്ചുകൊണ്ടുപോകുന്നു. അങ്ങനെ അവരുടെ ധാര്‍മികബോധം തികച്ചും നിര്‍ജീവമായിത്തീരുന്നു. സന്മാര്‍ഗത്തിലേക്കുള്ള എല്ലാ കവാടങ്ങളും അവരുടെ മുന്നില്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. ഈ ന്യായങ്ങള്‍ നിരത്തിയശേഷം അല്ലാഹു ശക്തിയായി ഊന്നിപ്പറയുന്നു: എവ്വിധം നിങ്ങള്‍ സ്വയം ജീവിക്കുന്നവരാകാതെ, അല്ലാഹു ജീവിപ്പിച്ചതിനാല്‍ മാത്രം ജീവനുള്ളവരായോ അവ്വിധംതന്നെ നിങ്ങള്‍ സ്വയം മരിക്കുന്നുമില്ല. നാം മരിപ്പിക്കുന്നതിലൂടെ മാത്രമേ മരിക്കൂ. നിങ്ങളെല്ലാവരും ഒരേസമയം സമ്മേളിപ്പിക്കപ്പെടുന്ന ഒരു സന്ദര്‍ഭം തീര്‍ച്ചയായും വരുന്നുണ്ട്. നിങ്ങള്‍ സ്വന്തം മൗഢ്യത്താലും അവിദ്യയാലും ഇന്നീ വസ്തുത വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. ആ സന്ദര്‍ഭം ആസന്നമാകുമ്പോള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്നതും നിങ്ങളുടെ ഓരോ ചെയ്തിയും സാക്ഷ്യപ്പെടുത്തുന്ന കര്‍മരേഖകള്‍ ഒരേറ്റപ്പറ്റുമില്ലാതെ തയ്യാറാക്കിവെച്ചിട്ടുള്ളതും സ്വന്തം കണ്ണുകള്‍കൊണ്ടുതന്നെ കണ്ടുകൊള്ളുക. പരലോക വിശ്വാസത്തോടുള്ള ഈ നിഷേധവും പരിഹാസവും നിങ്ങളെ എന്തുമാത്രം ഭയങ്കരമായ ആപത്തിലാണ് അകപ്പെടുത്തിയതെന്ന് അപ്പോള്‍ മനസ്സിലാകും.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.