Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

25-ആം സൂക്തത്തിലെ وَأَنزَلْنَا الحَدِيدَ എന്ന വാക്യത്തില്‍നിന്നുള്ളതാണ് അധ്യായനാമം.

നാമം

25-ആം സൂക്തത്തിലെ وَأَنزَلْنَا الحَدِيدَ എന്ന വാക്യത്തില്‍നിന്നുള്ളതാണ് അധ്യായനാമം.


അവതരണകാലം

ഇത് മദനി സൂറയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിക്കവാറും ഉഹുദ് യുദ്ധത്തിനും ഹുദൈബിയാ സന്ധിN1525ക്കും ഇടയിലായിരിക്കണം ഇതവതരിച്ചതെന്ന് ഉള്ളടക്കം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നു. മദീനയിലെ കൊച്ചു ഇസ്‌ലാമികരാഷ്ട്രത്തെ അവിശ്വാസികള്‍ നാനാഭാഗത്തുനിന്നും ആക്രമിച്ചുകൊണ്ടിരിക്കുകയും ഒരുപിടി വിശ്വാസികള്‍ കടുത്ത വിഭവദൗര്‍ലഭ്യത്തിന്റെ സാഹചര്യത്തില്‍ അറേബ്യന്‍ ശക്തികളെയാകമാനം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്ത കാലമായിരുന്നു അത്. ഈ ഘട്ടത്തില്‍ ഇസ്‌ലാമിന് അതിന്റെ വാഹകരുടെ ആത്മാര്‍പ്പണം മാത്രമല്ല, അവരുടെ ധനത്യാഗവും കൂടി ആവശ്യമായിരുന്നു. ആ ത്യാഗത്തിന് ശക്തിയായി ആവശ്യപ്പെടുകയാണീ സൂറയില്‍. ഈ നിഗമനത്തെ പത്താം സൂക്തം കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. അതില്‍ വിശ്വാസികളുടെ സമാജത്തെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു അരുളുന്നു: ''വിജയം കരഗതമായ ശേഷം ധനം ചെലവഴിക്കുകയും ദൈവികമാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവര്‍ ഒരിക്കലും വിജയത്തിനു മുമ്പ് സ്വന്തം ജീവനും ധനവും ബലിയര്‍പ്പിച്ചവര്‍ക്ക് തുല്യരാവുകയില്ല.'' അനസി(റ)N1300ല്‍നിന്ന് ഇബ്‌നു മര്‍ദവൈഹിN1418 ഉദ്ധരിച്ച് ഒരു നിവേദനവും ഇതേ നിഗമനത്തെ ശക്തിപ്പെടുത്തുന്നതാണ്. أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُم لِذِكْرِ الله എന്നു തുടങ്ങുന്ന സൂക്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''ഖുര്‍ആന്റെ അവതരണം ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിശ്വാസികളെ കിടിലംകൊള്ളിക്കുന്ന ഈ സൂക്തമവതരിച്ചത്.'' ഈ കണക്കില്‍നിന്ന് ഇതിന്റെ അവതരണകാലം ഹി. നാലാം ആണ്ടോ അഞ്ചാം ആണ്ടോ ആണെന്ന് വ്യക്തമാകുന്നു.


ഉള്ളടക്കം

ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാനുള്ള ഉദ്‌ബോധനമാണിതിലെ ഉള്ളടക്കം. ഇസ്‌ലാമിക ചരിത്രത്തിലെ അത്യന്തം സന്ദിഗ്ധമായ ഘട്ടം. ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മില്‍ വിധിനിര്‍ണായകമായ സംഘട്ടനം നടന്നുവരുന്ന ആ കാലത്ത് ഈ സൂറ അവതരിപ്പിച്ചതിന്റെ മുഖ്യലക്ഷ്യം, സാമ്പത്തിക ത്യാഗങ്ങളനുഷ്ഠിക്കാന്‍ മുസ്‌ലിംകളെ സവിശേഷം സന്നദ്ധരാക്കുകയും വിശ്വാസമെന്നാല്‍ കേവലം നാവുകൊണ്ടുള്ള പ്രസ്താവനയുടെയും ഏതാനും ബാഹ്യചടങ്ങുകളുടെയും പേരല്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. വിശ്വാസത്തിന്റെ മൗലിക ചൈതന്യവും യാഥാര്‍ഥ്യവും വിശ്വാസി അല്ലാഹുവോടും അവന്റെ ദീനിനോടും നിഷ്‌കളങ്കമായ കൂറും വിധേയത്വവും ഉള്ളവനാവുക എന്നതാണ്. ഈ ചൈതന്യത്തില്‍നിന്ന് മുക്തവും ദൈവത്തിനും അവന്റെ ദീനിനുമെതിരെ സ്വന്തം ജീവന്നും പണത്തിനും താല്‍പര്യങ്ങള്‍ക്കും പ്രിയവും പ്രാധാന്യവും കല്‍പിക്കുകയും ചെയ്യുന്നവരുടെ വിശ്വാസവാദം പൊള്ളയാകുന്നു. അല്ലാഹുവിങ്കല്‍ അത്തരം വിശ്വാസത്തിന് ഒരു വിലയുമുണ്ടായിരിക്കുകയില്ല. ഈ ലക്ഷ്യത്തിനുവേണ്ടി ആദ്യം അല്ലാഹുവിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്നു. എന്തുമാത്രം മഹത്തരമായ സന്നിധാനത്തില്‍നിന്നാണ് തങ്ങള്‍ സംബോധന ചെയ്യപ്പെടുന്നതെന്ന ബോധം അത് ശ്രോതാക്കളില്‍ ഉളവാക്കുന്നു. അനന്തരം താഴെപ്പറയുന്ന വിഷയങ്ങള്‍ ക്രമാനുഗതമായി ചര്‍ച്ചചെയ്തിരിക്കുകയാണ്: -ദൈവികമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നതില്‍നിന്ന് പിന്‍മാറാതിരിക്കുക എന്നത് ഈമാനിന്റെ അനിവാര്യ താല്‍പര്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ഈമാന്ന് എതിരാണെന്നതിനു പുറമെ യാഥാര്‍ഥ്യം പരിഗണിക്കുമ്പോഴും അബദ്ധമാകുന്നു. എന്തുകൊണ്ടെന്നാല്‍, ഈ ധനം യഥാര്‍ഥത്തില്‍ ദൈവത്തിന്റെത്തന്നെ ധനമാകുന്നു. പ്രതിനിധി എന്ന നിലക്കുള്ള കൈകാര്യാധികാരമാണ് നിങ്ങള്‍ക്കതില്‍ നല്‍കപ്പെട്ടിട്ടുള്ളത്. ഇന്നലെ ഇതേസമയത്ത് മറ്റാരുടെയോ കൈകളിലായിരുന്നു. ഇന്ന് നിങ്ങളുടെ കൈകളിലായി. നാളെയത് മറ്റേതോ കൈകളിലേക്ക് നീങ്ങും. ഒടുവില്‍ അത് സകല പ്രാപഞ്ചിക വസ്തുക്കളുടെയും അന്തിമാവകാശിയായ അല്ലാഹുവിന്റെ അടുത്തുതന്നെ എത്തിച്ചേരുന്നു. ഈ ധനത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനത്തിന് വല്ല പങ്കുമുെണ്ടങ്കില്‍ അത് നിങ്ങളുടെ കൈകാര്യകാലത്ത് അതിനെ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുത്തുക എന്നതു മാത്രമാകുന്നു. - ദൈവമാര്‍ഗത്തില്‍ ജീവധനാദികള്‍ അര്‍പ്പിക്കുക എന്നത് ഏതു സന്ദര്‍ഭത്തിലും മഹത്തായ കാര്യമാകുന്നു. എങ്കിലും ആ സമര്‍പ്പണത്തിന്റെ നിലയും വിലയും സന്ദര്‍ഭത്തിന്റെ ഗൗരവവുമനുസരിച്ചാണ് നിര്‍ണയിക്കപ്പെടുക. ഒരു സന്ദര്‍ഭം ഇങ്ങനെയുള്ളതാണ്: ഒരുവശത്ത് അതിഗംഭീരമായ കുഫ്ര്‍ ശക്തി. അത് ഇസ്‌ലാമുമായി ഏറ്റുമുട്ടി ജയിച്ചേക്കുമോ എന്ന നിതാന്തമായ ഉല്‍ക്കണ്ഠ മറുവശത്തും. മറ്റൊരു സന്ദര്‍ഭം ഇപ്രകാരമാകാം: ഇസ്‌ലാമും കുഫ്‌റും തമ്മിലുള്ള സംഘട്ടനത്തില്‍ ഇസ്‌ലാമിക ശക്തിയുടെ തട്ട് കനം തൂങ്ങുകയും സത്യവിരോധികള്‍ക്കെതിരെ വിശ്വാസികള്‍ വിജയം കൊയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രണ്ടവസ്ഥകളുടെയും പ്രാധാന്യം ഒരുപോലെയല്ല. അതുകൊണ്ട് ഈ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടത്തപ്പെടുന്ന അര്‍പ്പണങ്ങളുടെ മൂല്യവും തുല്യമായിരിക്കുകയില്ല. ഇസ്‌ലാം ദുര്‍ബലമായിരുന്ന സന്ദര്‍ഭത്തില്‍ അതിനെ ഉയര്‍ത്താനും വളര്‍ത്താനും ജീവന്‍മരണപോരാട്ടങ്ങള്‍ നടത്തുകയും സാമ്പത്തിക ത്യാഗങ്ങളനുഭവിക്കുകയും ചെയ്തവരുടെ പദവിയും പുണ്യവും, ഇസ്‌ലാം വിജയിച്ചുകൊണ്ടിരിക്കെ, ആ വിജയത്തിനു കൂടുതല്‍ മാറ്റുകൂട്ടുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി ജീവനും ധനവും അര്‍പ്പിച്ചവര്‍ക്ക് പ്രാപിക്കാന്‍ കഴിയുകയില്ല. -സത്യത്തിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന ധനമേതും അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലുള്ള കടമാകുന്നു. അല്ലാഹു അത് പല മടങ്ങ് വര്‍ധിപ്പിച്ചു തിരിച്ചുതരുന്നതാണ്. അതോടൊപ്പം അവങ്കല്‍നിന്ന് ധാരാളം പ്രതിഫലമരുളുകയും ചെയ്യും. -ദൈവമാര്‍ഗത്തില്‍ തങ്ങളുടെ സമ്പത്ത് ചെലവഴിച്ച സത്യവിശ്വാസികള്‍ക്കാണ് പരലോകത്ത് അല്ലാഹുവിന്റെ പ്രകാശം ലഭിക്കാന്‍ സൗഭാഗ്യമുണ്ടാവുക. ഈ ലോകത്ത് സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുകയും സത്യത്തിന്റെയും മിഥ്യയുടെയും ജയാപജയങ്ങള്‍ സാരമാക്കാതിരിക്കുകയും ചെയ്ത കപടവിശ്വാസികള്‍ ഭൗതികജീവിതത്തില്‍ വിശ്വാസികളോടൊപ്പം കൂടിക്കലര്‍ന്ന് കഴിഞ്ഞിരുന്നവരാണെങ്കിലും പരലോകത്തവര്‍ വിശ്വാസികളില്‍നിന്ന് അകറ്റപ്പെടുന്നതും പ്രകാശത്തില്‍നിന്ന് വിലക്കപ്പെടുന്നതുമാകുന്നു. സത്യനിഷേധികളോടൊപ്പമായിരിക്കും അവര്‍ പരലോകത്ത് ഹാജരാക്കപ്പെടുക. - മുസ്‌ലിംകള്‍, ആയുസ്സത്രയും ഭൗതികപൂജയില്‍ കഴിച്ചുകൂട്ടുകയും സുദീര്‍ഘമായ അശ്രദ്ധയാല്‍ മനസ്സ് കല്ലിച്ചുപോവുകയും ചെയ്ത വേദവിശ്വാസികളെപ്പോലെ ആയിപ്പോകരുത്. ദൈവസ്മരണയാല്‍ മനസ്സ് ആര്‍ദ്രമാവുകയോ അവര്‍ അവതരിപ്പിച്ച സത്യത്തിനു വഴങ്ങുകയോ ചെയ്യാത്തവര്‍ എന്തുതരം വിശ്വാസികളാണ്? -തങ്ങളുടെ ധനം പ്രസിദ്ധിമോഹമേതുമില്ലാതെ സന്‍മനസ്സോടെ ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കുന്ന വിശ്വാസികള്‍ മാത്രമാണ് അല്ലാഹുവിന്റെ ദൃഷ്ടിയില്‍ സ്വിദ്ദീഖും ശഹീദും ആകുന്നത്. -ഭൗതികജീവിതം ഏതാനും നാളത്തെ വസന്തവും വഞ്ചനാത്മകമായ വിഭവവുമാകുന്നു. ഇവിടത്തെ കളിയും ചിരിയും, ഇവിടത്തെ അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, ഇവിടത്തെ അലങ്കാരങ്ങള്‍, ആര്‍ഭാടങ്ങള്‍, ഇവിടത്തെ കേമത്തങ്ങളെച്ചൊല്ലിയുള്ള ഊറ്റം, ഇവിടത്തെ ആളുകള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന വിത്തപ്രതാപം--എല്ലാംതന്നെ നശ്വരമാകുന്നു. അതൊരു വിളപോലെയാണ്: ആദ്യം ശാദ്വലശ്യാമളമാകുന്നു. പിന്നെ വാടിപ്പോകുന്നു. ഒടുവില്‍ ദ്രവിച്ചു വൈക്കോലായിത്തീരുന്നു. ശാശ്വതജീവിതം യഥാര്‍ഥത്തില്‍ പരലോകജീവിതമാണ്. അവിടെയാണ് വലിയ അനന്തരഫലങ്ങള്‍ പ്രത്യക്ഷമാവുക. നിങ്ങള്‍ക്ക് പരസ്പരം മുന്നേറാന്‍ പരിശ്രമിക്കേണ്ടതുണ്ടല്ലോ. ആ പരിശ്രമം സ്വര്‍ഗത്തിലേക്ക് മുന്നേറുന്നതിനായി തിരിച്ചുവിടുക. -ഈ ലോകത്ത് നേരിടുന്ന സുഖദുഃഖങ്ങളേതും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് വന്നുഭവിക്കുന്നതാണ്. ആപത്തുകളണയുമ്പോള്‍ അധീരനും വിഷണ്ണനുമായി ഇരുന്നുകളയാതിരിക്കുക എന്നതായിരിക്കണം സത്യവിശ്വാസിയുടെ രീതി. സുഖം ഭവിക്കുമ്പോള്‍ നിഗളിക്കുകയുമരുത്. അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ തന്നത്താന്‍ മറന്ന് ഊറ്റംകൊള്ളുന്നതും ആ അനുഗ്രഹദാതാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വൈമുഖ്യം കാണിക്കുന്നതും മറ്റുള്ളവര്‍ക്കുകൂടി ലുബ്ധ് ഉപദേശിക്കുന്നതും കപടവിശ്വാസികളുടെയും സത്യനിഷേധികളുടെയും സ്വഭാവമാകുന്നു. -അല്ലാഹു അവന്റെ ദൂതനെ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി, വേദവുമായി, നീതിയുടെ ത്രാസുമായി അയച്ചിരിക്കുന്നു. ജനം നീതിയില്‍ നിലകൊള്ളാനാണത്. അതോടൊപ്പം ഇരുമ്പും ഇറക്കിയിരിക്കുന്നു. അസത്യത്തെ തോല്‍പിക്കാനും സത്യം നിലനിര്‍ത്താനും ബലം പ്രയോഗിക്കാനാണത്. ഇങ്ങനെ മനുഷ്യരില്‍, തന്റെ ദീനിനെ സഹായിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവരുകയും അതിനു വേണ്ടി ജീവാര്‍പ്പണം നടത്തുകയും ചെയ്യുന്നവരാര് എന്നു കണ്ടറിയുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു ഇത്തരം സന്ദര്‍ഭങ്ങളുണ്ടാക്കിയിട്ടുള്ളത് നിങ്ങളുടെ ഉന്നതിക്കും മഹത്ത്വത്തിനും വേണ്ടിയാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സ്വന്തം കാര്യത്തിന് ആരെയും ആവശ്യമില്ല. -അല്ലാഹുവിങ്കല്‍നിന്ന് മുമ്പേ പ്രവാചകന്‍മാര്‍ വന്നുകൊണ്ടിരുന്നു. അവരുടെ പ്രബോധനഫലമായി കുറച്ചാളുകള്‍ സന്‍മാര്‍ഗസ്ഥരായി. അധികപേരും പാപികളായിരുന്നു. പിന്നീട് ഈസാ(അ) ആഗതനായി. അദ്ദേഹത്തിന്റെ പ്രബോധനം ആളുകളില്‍ വളരെ ധാര്‍മിക ഗുണങ്ങളുളവാക്കി. പക്ഷേ, അദ്ദേഹത്തിന്റെ സമുദായം സന്യാസമെന്ന ബിദ്അത്ത് സ്വീകരിച്ചുകളഞ്ഞു. ഇപ്പോള്‍ അല്ലാഹു മുഹമ്മദി(സ)നെ നിയോഗിച്ചിരിക്കുകയാണ്. ആര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും ചെയ്യുന്നുവോ അവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹവിഹിതം ഇരട്ടിപ്പിച്ചുകൊടുക്കും. അവര്‍ക്കവന്‍ പ്രകാശവും നല്‍കും. അതുവഴി അവര്‍ക്ക് ഭൗതികജീവിതത്തിലെ ഓരോ ചുവടും വക്രമാര്‍ഗങ്ങള്‍ക്കിടയിലുള്ള ഋജുമാര്‍ഗം നോക്കിക്കണ്ടുകൊണ്ട് നടക്കാന്‍ കഴിയുന്നു. വേദവാഹകര്‍ വേണമെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മൊത്തക്കരാറുകാരെന്ന് സ്വയം വിചാരിച്ചുകൊള്ളട്ടെ. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹം അവന്റെത്തന്നെ ഹസ്തത്തിലാണുള്ളത്. താനിച്ഛിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹമരുളാന്‍ അവന്ന് സമ്പൂര്‍ണമായ അധികാരമുണ്ട്. ഇതാണ് ഈ സൂറയില്‍ യഥാക്രമം പ്രതിപാദിക്കുന്ന വിഷയങ്ങളുടെ സംഗ്രഹം.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.