പ്രഥമ സൂക്തത്തിലെ 'അല്‍വാഖിഅ' എന്ന പദമാണ് അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടത്.
പ്രഥമ സൂക്തത്തിലെ 'അല്‍വാഖിഅ' എന്ന പദമാണ് അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടത്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)N1342 സൂറകളുടെ അവതരണക്രമം വിവരിച്ചിട്ടുള്ളതില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ആദ്യം സൂറ ത്വാഹായും അനന്തരം അല്‍വാഖിഅയും അതിനുശേഷം അശ്ശുഅറാഉമാണ് അവതരിച്ചത് (സുയൂത്വിN1080-അല്‍ഇത്ഖാന്‍N1109). ഇതേ ക്രമമാണ് ഇക്‌രിമയുംN154 ഉദ്ധരിച്ചത് (ബൈഹഖിN674-ദലാഇലുന്നുബുവ്വ) ഉമറി(റ)N1512ന്റെ മാനസാന്തരത്തെക്കുറിച്ച് ഇബ്‌നു ഇസ്ഹാഖിN176ല്‍നിന്ന് ഇബ്‌നുഹിശാംN185 ഉദ്ധരിക്കുന്ന കഥ ഇതിനെ ബലപ്പെടുത്തുന്നുണ്ട്: ഉമര്‍(റ) സഹോദരിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ സൂറ ത്വാഹാ പാരായണം ചെയ്യപ്പെട്ടിരുന്നു എന്ന് അതില്‍ പ്രസ്താവമുണ്ട്. അദ്ദേഹത്തിന്റെ കാലൊച്ച കേട്ട് അവര്‍ ഖുര്‍ആന്‍ താളുകള്‍ ഒളിപ്പിച്ചുവെച്ചു. ഉമര്‍ ആദ്യം അളിയനെ പിടികൂടി. അദ്ദേഹത്തെ രക്ഷിക്കാനെത്തിയ സഹോദരിയെയും ഭയങ്കരമായി പ്രഹരിച്ചു. അവരുടെ ശിരസ്സില്‍ മുറിവേറ്റു. പെങ്ങളുടെ ശിരസ്സില്‍നിന്നു ചോരയൊലിക്കുന്നതു കണ്ട് ഉമറിന് വലിയ വേദന തോന്നി. അദ്ദേഹം പറഞ്ഞു: ''ശരി, നിങ്ങള്‍ ഒളിപ്പിച്ച ആ ഏടൊന്ന് എനിക്ക് തരൂ. അതിലെന്താണ് എഴുതിയിട്ടുള്ളതെന്ന് ഞാനൊന്ന് കാണട്ടെ.'' സഹോദരി പറഞ്ഞു: ''അങ്ങ് അങ്ങയുടെ ബഹുദൈവത്വം മൂലം അശുദ്ധനാണ്. ശുദ്ധിയുള്ളവര്‍ക്കേ ഇത് സ്പര്‍ശിക്കാനാവൂ.( وانه لا يمسها الا الطاهر )" ഉമര്‍ ഉടനെ കുളിച്ചു വന്നു. എന്നിട്ട് ആ ഏടുകള്‍ പാരായണം ചെയ്തു. അന്ന് 'സൂറ അല്‍വാഖിഅ' അവതരിച്ചിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കാരണം, لا يمسه الا المطهرون എന്ന വാക്യം അതിലാണ് വന്നിട്ടുള്ളത്. പ്രവാചകത്വത്തിന്റെ അഞ്ചാം ആണ്ടില്‍ അബിസീനിയന്‍ ഹിജ്‌റക്ക് ശേഷമാണ് ഉമറിന് മാനസാന്തരമുണ്ടായതെന്ന് ചരിത്രപരമായി സ്ഥിരപ്പെട്ടിരിക്കുന്നു.
പരലോകം, ഏകദൈവത്വം, ഖുര്‍ആന്‍ എന്നിവ സംബന്ധിച്ച് നിഷേധികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന സന്ദേഹങ്ങള്‍ ദൂരീകരിക്കുകയാണ് ഇതിന്റെ ഉള്ളടക്കം. അവര്‍ക്ക് ബോധ്യപ്പെടാത്ത കാര്യം ഇതായിരുന്നു: ഈ ലോകം ഒരു നാള്‍ അവസാനിച്ചുപോകും, ആകാശഭൂമികളുടെ ഈ സംവിധാനമെല്ലാം താറുമാറാവും, എന്നിട്ട്, അന്നുവരെ മരിച്ച സകല മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കുക, അവര്‍ വിചാരണ ചെയ്യപ്പെടുക, അനന്തരം സജ്ജനം സ്വര്‍ഗീയാരാമങ്ങളില്‍ വസിപ്പിക്കപ്പെടുക, പാപികളായിട്ടുള്ള ജനം നരകത്തില്‍ തള്ളപ്പെടുക--ഇതൊക്കെ യാഥാര്‍ഥ്യലോകത്ത് അസംഭവ്യമായ കേവല ഭാവനകളാണെന്നായിരുന്നു അവരുടെ വാദം. അതിനു മറുപടിയായി അരുളുന്നു: ആ സംഭവം നിലവില്‍വരുന്ന സമയത്ത് ഇതൊന്നും ഉണ്ടായിട്ടില്ല എന്നു നുണ പറയുന്ന ആരെയും കാണില്ല. അതിന്റെ ആഗമനം തടഞ്ഞുനിര്‍ത്താനോ അതിനെ അതല്ലാതാക്കാനോ കരുത്തുള്ളവനായും ആരും ഉണ്ടാവില്ല. അന്ന് മനുഷ്യരാസകലം മൂന്ന് വകുപ്പുകളായി വിഭജിക്കപ്പെടുന്നതായിരിക്കും: ഒന്ന്, സാബിഖീന്‍-- നന്‍മയില്‍ മുന്നേറിയവര്‍. രണ്ട്, സാദാ സജ്ജനം. മൂന്ന്, അന്ത്യശ്വാസം വരെ പരലോകത്തെ നിഷേധിക്കുകയും ബഹുദൈവത്വത്തിലും സത്യവിരോധത്തിലും മഹാപാപങ്ങളിലും ആണ്ടു നിലകൊള്ളുകയും ചെയ്തവര്‍. ഈ മൂന്ന് വിഭാഗങ്ങളോടുമുള്ള അല്ലാഹുവിന്റെ സമീപനമാണ് 7 മുതല്‍ 56 വരെ സൂക്തങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളത്. അതിനുശേഷം 57 മുതല്‍ 74 വരെ സൂക്തങ്ങളില്‍, സത്യനിഷേധികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഇസ്‌ലാമിന്റെ രണ്ട് മൗലികസിദ്ധാന്തങ്ങളായ പരലോകവും ഏകദൈവത്വവും സത്യമാണെന്ന് തെളിയിക്കുന്ന ദൃഷ്ടാന്തങ്ങള്‍ തുടരത്തുടരെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ തെളിവുകളില്‍ ആകാശഭൂമികളിലെ മറ്റു ദൃഷ്ടാന്തങ്ങളെയെല്ലാം മാറ്റിനിര്‍ത്തി മനുഷ്യന്റെ ശ്രദ്ധയെ അവന്റെ അസ്തിത്വത്തിലേക്കും അവന്‍ തിന്നുന്ന അന്നത്തിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും അന്നം പാകം ചെയ്യാന്‍ അവനുപയോഗിക്കുന്ന അഗ്നിയിലേക്കും പ്രത്യേകം ക്ഷണിച്ചിരിക്കുന്നു. എന്നിട്ട് ഈ പ്രശ്‌നത്തെക്കുറിച്ച് സ്വയം ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ദൈവം സൃഷ്ടിച്ചതിനാല്‍ ഉണ്ടായിത്തീരുകയും അവന്‍ നല്‍കിയ വിഭവങ്ങളാല്‍ പരിപാലിതരാവുകയും ചെയ്യുന്നവര്‍ക്ക് അവന്നെതിരില്‍ സ്വയം പരമാധികാരികളാവാനോ അവനല്ലാത്ത മറ്റാരുടെയെങ്കിലും അടിമത്തം സ്വീകരിക്കാനോ എന്തവകാശമാണുള്ളത്? ഒരിക്കല്‍ നിങ്ങള്‍ക്ക് ഉണ്‍മയേകിയ ശേഷം അവന്നു വേണമെന്നുവച്ചാല്‍ രണ്ടാമതൊരിക്കല്‍കൂടി നിങ്ങള്‍ക്ക് ഉണ്‍മ നല്‍കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ അനുമാനിക്കുന്നതെന്തടിസ്ഥാനത്തിലാണ്? അനന്തരം 75 മുതല്‍ 82 വരെ സൂക്തങ്ങളില്‍, ഖുര്‍ആനെക്കുറിച്ച് അവരുന്നയിച്ചുകൊണ്ടിരുന്ന സംശയങ്ങളെ നീക്കുകയാണ്. അവരെ ഉദ്‌ബോധിപ്പിക്കുന്നു: ഭാഗ്യഹീനരേ, മഹത്തായ ഒരനുഗ്രഹമാണ് നിങ്ങളില്‍ വന്നിട്ടുള്ളത്. നിങ്ങളോ ആ അനുഗ്രഹത്തോടുള്ള സ്വന്തം റോള്‍, അതിനെ തള്ളിപ്പറയുകയും അത് പ്രയോജനപ്പെടുത്തുന്നതിനു പകരം അവഗണിച്ചുകളയുകയും ചെയ്യുക എന്നതാണാക്കിയിരിക്കുന്നത്. ഖുര്‍ആന്റെ യാഥാര്‍ഥ്യത്തിന് രണ്ടു സംക്ഷിപ്ത വചനങ്ങളിലൂടെ നല്‍കിയിട്ടുള്ള നിസ്തുലമായ തെളിവ് ഇതാണ്: അതിനെക്കുറിച്ച് ആലോചിച്ചുനോക്കിയാല്‍, പ്രപഞ്ചത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുമാത്രം സുഭദ്രമായി സംവിധാനിക്കപ്പെട്ടിരിക്കുന്നുവോ അതുപോലെത്തന്നെ സുഭദ്രമായി സംവിധാനിക്കപ്പെട്ടതാണ് അതെന്ന് ബോധ്യമാകുന്നതാണ്. ഇതുതന്നെ പ്രപഞ്ചസംവിധായകന്‍തന്നെയാണ് ഈ വേദത്തിന്റെ രചയിതാവും എന്നതിനുള്ള തെളിവാകുന്നു. അനന്തരം സത്യനിഷേധികളോട് പറയുന്നു: അത് സൃഷ്ടികളുടെ കൈക്കടത്തലിനതീതമായ വിധിലിഖിതത്തില്‍ സ്ഥിരപ്പെട്ടതാകുന്നു. മുഹമ്മദ് നബി (സ)ക്ക് ചെകുത്താന്‍മാര്‍ കൊണ്ടുവന്നുകൊടുത്തതാണതെന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍, ലൗഹുല്‍ മഹ്ഫൂളില്‍(സുരക്ഷിത ഫലകം)നിന്ന് മുഹമ്മദ് നബി (സ) വരെ അതെത്തിച്ച മാധ്യമത്തില്‍ വിശുദ്ധാത്മാക്കളായ മലക്കുകള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരണുമണിത്തൂക്കം പ്രവേശനമുണ്ടായിട്ടില്ല. അവസാനമായി മനുഷ്യനോട് പറയുന്നു: നീ എന്തുമാത്രം താന്‍പോരിമയുടെ തലക്കനത്തിലും സ്വാധികാരത്തിന്റെ അഹന്തയിലുമകപ്പെട്ടാലും യാഥാര്‍ഥ്യങ്ങളുടെ നേരെ എത്രമാത്രം അന്ധനായിപ്പോയാലും മരണവേള നിന്റെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാകുന്നു. അന്നേരം നീ തികച്ചും നിസ്സഹായനായിത്തീരും. സ്വന്തം മാതാപിതാക്കളെ രക്ഷിക്കാനാവുന്നില്ല. മക്കളെ രക്ഷിക്കാനാവുന്നില്ല. ശിഷ്യന്‍മാരെയും ആചാര്യന്‍മാരെയും പ്രിയപ്പെട്ട നേതാക്കന്‍മാരെയും രക്ഷിക്കാനാവുന്നില്ല. എല്ലാവരും നിന്റെ കണ്‍മുമ്പില്‍, നീ നോക്കിനില്‍ക്കെ മരിച്ചുപോകുന്നു. മീതെ ശാസകനായ ഒരു ശക്തിയൊന്നുമില്ലെങ്കില്‍ ഈ ലോകത്ത് ഞാന്‍ മാത്രമാണെന്നും ദൈവം ഇല്ലെന്നുമുള്ള നിന്റെ വാദം ശരിയാണെങ്കില്‍ ഒരു മരിച്ച മനുഷ്യനെ പുറത്തെടുത്തു ജീവന്‍ തിരിച്ചുകൊടുക്കാത്തതെന്തുകൊണ്ട്? ഇക്കാര്യത്തില്‍ നീ എത്രമാത്രം നിസ്സഹായനാണോ അതുപോലെ നിന്റെ ശക്തിയിലും അധികാരത്തിലും പെട്ടതല്ല ദൈവത്തിന്റെ വിചാരണയെയും രക്ഷാശിക്ഷകളെയും തടയുകയെന്നതും. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും മരിച്ചുപോയവന്‍ മരണാനന്തരം തന്റെ കര്‍മഫലങ്ങള്‍ കണ്ടെത്തുകതന്നെ ചെയ്യും. മുഖര്‍റബീങ്ങളില്‍ (ദൈവസാമീപ്യം നേടിയവരില്‍) പെട്ടവനാണെങ്കില്‍ മുഖര്‍റബീങ്ങളുടെ പരിണതി. സജ്ജനത്തില്‍ പെട്ടവനാണെങ്കില്‍ സജ്ജനത്തിന്റെ പരിണതി. പ്രവാചകന്മാരെ തള്ളിപ്പറഞ്ഞ ദുര്‍മാര്‍ഗികളില്‍പെട്ടവനാണെങ്കില്‍ പാപികളുടെ പരിണതി.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.