പ്രഥമ സൂക്തത്തിലെ لِمَ تُحَرِّمُ എന്ന വാക്കില്‍നിന്ന് നിഷ്പന്നമാണ് ഈ നാമം. ഇത് സൂറഃയുടെ ഉള്ളടക്കത്തിന്റെ ശീര്‍ഷകമല്ല. 'തഹ്‌രീം' സംഭവം പരാമര്‍ശിക്കുന്ന സൂറഃ എന്നേ ഈ നാമകരണംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂ.
പ്രഥമ സൂക്തത്തിലെ لِمَ تُحَرِّمُ എന്ന വാക്കില്‍നിന്ന് നിഷ്പന്നമാണ് ഈ നാമം. ഇത് സൂറഃയുടെ ഉള്ളടക്കത്തിന്റെ ശീര്‍ഷകമല്ല. 'തഹ്‌രീം' സംഭവം പരാമര്‍ശിക്കുന്ന സൂറഃ എന്നേ ഈ നാമകരണംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂ.
സൂക്തത്തില്‍ പറയുന്ന തഹ്‌രീം സംഭവവുമായി ബന്ധപ്പെട്ട ഹദീസുകളില്‍ അക്കാലത്ത് നബി(സ)യുടെ സഹധര്‍മിണികളായിരുന്ന രണ്ടു വനിതകളെക്കുറിച്ചു പറയുന്നുണ്ട്. ഒന്ന് ഹ. സ്വഫിയ്യN1521യും മറ്റേത് ഹ. മാരിയ്യതുല്‍ ഖിബ്ത്വിയ്യN1518യുമാണ്. ഇവരില്‍ ഹ. സ്വഫിയ്യ(റ)യെ ഖൈബര്‍N355 വിമോചനത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. ഖൈബര്‍ വിമോചനം ഹി. 7-ആം ആണ്ടിലാണുണ്ടായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാരിയ്യതുല്‍ ഖിബ്ത്വിയ്യയെയാകട്ടെ, ഹി. ഏഴാം ആണ്ടില്‍ ഈജിപ്തിലെ മുഖൗഖിസ് രാജാവ് തിരുമേനിക്ക് സമ്മാനിച്ചതായിരുന്നു. ഹി. 8-ആം ആണ്ട് ദുല്‍ഹജ്ജ് മാസത്തില്‍ അവര്‍ തിരുമേനിയുടെ പുത്രന്‍ ഇബ്‌റാഹീമിനെ പ്രസവിച്ചു. ഈ സൂറഃ അവതരിച്ചത് ഹി. 7-8 ആണ്ടുകാലത്ത് എപ്പോഴോ ആണെന്ന് ഈ ചരിത്രസംഭവങ്ങളില്‍നിന്നു നിര്‍ണിതമാകുന്നു.
തിരുമേനി(സ)യുടെ പരിശുദ്ധ പത്‌നിമാരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഗുരുതരമായ ഏതാനും സംഗതികളിലേക്ക് വെളിച്ചംവീശുന്ന സുപ്രധാനമായ ഒരധ്യായമാണിത്. ഒന്ന്: ഹിതാഹിതങ്ങളുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനുള്ള പരമാധികാരം ഖണ്ഡിതമായും അല്ലാഹുവിന്റെ കൈകളിലാകുന്നു. സാധാരണക്കാരിരിക്കട്ടെ, പ്രവാചകവര്യന്മാര്‍ക്കുപോലും അതില്‍ പങ്കു ലഭിച്ചിട്ടില്ല. പ്രവാചകന്ന് പ്രവാചകന്‍ എന്ന നിലക്ക് വല്ല സംഗതിയും ഹലാലോ ഹറാമോ ആയി നിശ്ചയിക്കാന്‍ കഴിയുന്നത് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെയോ ഗുപ്തമായി മറ്റു വഹ്‌യിലൂടെയോ അങ്ങനെ ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുള്ളപ്പോള്‍ മാത്രമാണ്. ഇതല്ലാതെ അല്ലാഹു സ്വയം അനുവദനീയമാക്കിയ ഒരു കാര്യം നിഷിദ്ധമാക്കാനുള്ള അനുവാദം നബിക്കുപോലുമില്ല. മറ്റുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. രണ്ട്: സമൂഹത്തില്‍ പ്രവാചകന്നുള്ള സ്ഥാനം വളരെ നിര്‍ണായകമാകുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു പ്രാധാന്യവും ഇല്ലാത്ത സാധാരണ കാര്യംപോലും പ്രവാചകന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിന് നിയമത്തിന്റെ സ്വഭാവം കൈവരുന്നു. അതുകൊണ്ട് പ്രവാചകന്‍മാരുടെ ജീവിതത്തിന്‍മേല്‍ അവരുടെ ഒരു നടപടിയിലും അല്ലാഹുവിന്റെ ഇംഗിതത്തെ മറികടക്കാതിരിക്കാന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള കര്‍ശനമായ മേല്‍നോട്ടമുണ്ട്. പ്രവാചകനില്‍നിന്ന് അങ്ങനെ വല്ലതും സംഭവിക്കാനിടയായാല്‍ത്തന്നെ ഉടനടി അത് തിരുത്തപ്പെടുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ രൂപത്തില്‍ മാത്രമല്ലാതെ, പ്രവാചകന്റെ വിശിഷ്ട മാതൃകയുടെ രൂപത്തില്‍കൂടി ഇസ്‌ലാമിക നിയമങ്ങളും അതിന്റെ മൗലികതത്ത്വങ്ങളും തികച്ചും സാധുവും സംശുദ്ധവുമായി ജനങ്ങള്‍ക്ക് ലഭിക്കുന്നതിനും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനു നിരക്കാത്ത ഒരു കാര്യവും അണു അളവുപോലും അതില്‍ കലര്‍ന്നുപോകാതിരിക്കുന്നതിനുമാണിത്. മൂന്ന്: മുന്‍ചൊന്ന കാര്യത്തില്‍നിന്ന് ഈ വസ്തുത സ്വയം വെളിപ്പെടുന്നു. പ്രവാചകന്റെ ഒരു നിസ്സാരകാര്യത്തില്‍ അല്ലാഹു ഇടപെടുകയും അതു തിരുത്തുക മാത്രമല്ലാതെ, തിരുത്തപ്പെട്ടതിനെ രേഖയില്‍ ഉള്‍പ്പെടുത്തുക കൂടി ചെയ്താല്‍ അത് നമ്മുടെ മനസ്സില്‍ ഇപ്രകാരമൊരു ഉറച്ച ബോധ്യമുളവാക്കുന്നു: തിരുമേനിയുടെ വിശുദ്ധ ജീവിതത്തില്‍നിന്ന്, അല്ലാഹുവിന്റെ വിമര്‍ശനമോ തിരുത്തല്‍രേഖയോ ഇല്ലാതെ നമുക്ക് കിട്ടുന്ന ഏതു കര്‍മങ്ങളും വിധികളും മാര്‍ഗനിര്‍ദേശങ്ങളും തികച്ചും സത്യവും അല്ലാഹുവിന്റെ പ്രീതിക്കനുഗുണവുമാകുന്നു. നമുക്കവയില്‍നിന്ന് ആധികാരികമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും നേടാന്‍ കഴിയുന്നതുമാകുന്നു. നാല്: പരിശുദ്ധ റസൂലിന്റെ മഹത്ത്വവും ആദരണീയതയും ദൈവദാസന്‍മാരെ സംബന്ധിച്ചിടത്തോളം ഉറച്ചുവിശ്വസിക്കേണ്ട സംഗതിയായി അല്ലാഹുതന്നെ ഈ വചനത്തില്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുകയാണ്. അദ്ദേഹം തന്റെ ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി, അല്ലാഹു അനുവദിച്ച ഒരു കാര്യം തനിക്ക് നിഷിദ്ധമാക്കിക്കളഞ്ഞു എന്ന് ഈ സൂറഃയില്‍ വിമര്‍ശിക്കുന്നുണ്ട്. അല്ലാഹുതന്നെ സകല വിശ്വാസികളുടേയും മാതാക്കളെന്ന് വിശേഷിപ്പിക്കുകയും ആദരിക്കണമെന്ന് കല്‍പിക്കുകയും ചെയ്തിട്ടുള്ള പവിത്രകളായ പ്രവാചക പത്‌നിമാരെയും അവരുടെ ചില വീഴ്ചകളുടെ പേരില്‍ അവന്‍ ഈ സൂറഃയില്‍ രൂക്ഷമായി താക്കീതു ചെയ്തിരിക്കുന്നു. പ്രവാചകന്റെ നേരെയുള്ള ഈ വിമര്‍ശനവും പ്രവാചക പത്‌നിമാരോടുള്ള താക്കീതും ഒട്ടും പരോക്ഷമായിട്ടുള്ളതുമല്ല. പ്രത്യുത, മുസ്‌ലിംസമൂഹം എന്നെന്നും പാരായണം ചെയ്യേണ്ട വേദഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അല്ലാഹുവിന്റെ റസൂലിനെയും വിശ്വാസികളുടെ മാതാക്കളെയും വിശ്വാസികളുടെ ദൃഷ്ടിയില്‍ ഇകഴ്ത്തിക്കാണിക്കുകയല്ല --ആയിരിക്കുക സാധ്യമല്ല-- ദൈവിക ഗ്രന്ഥത്തില്‍ അതുള്‍പ്പെടുത്തിയതിന്റെ ലക്ഷ്യമെന്ന് വ്യക്തമാണല്ലോ. വിശുദ്ധ ഖുര്‍ആനിലെ ഈ സൂറഃ പാരായണം ചെയ്യുന്ന ഏതെങ്കിലും മുസ്‌ലിമിന്റെ മനസ്സില്‍നിന്ന് അവരോടുള്ള ആദരവ് നീങ്ങിപ്പോകണമെന്നതുമല്ല അതിന്റെ താല്‍പര്യമെന്ന് വ്യക്തം. എങ്കില്‍ പിന്നെ വിശ്വാസികള്‍ക്ക് അവരുടെ മഹാന്മാരോടുണ്ടായിരിക്കേണ്ട ആദരവിന്റെ പരിധി പരിചയപ്പെടുത്തിത്തരുക എന്നതല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ ഈ സംഗതി ഉള്‍പ്പെടുത്തിയതിന്റെ താല്‍പര്യമെന്താണ്? പ്രവാചകന്‍ പ്രവാചകനാണ്. ഒരു പാകപ്പിഴവും പറ്റാന്‍ പാടില്ലാത്ത ദൈവമല്ല. പ്രവാചകന്‍ ആദരണീയനാകുന്നത് അദ്ദേഹത്തില്‍നിന്ന് വല്ല പാകപ്പിഴവുമുണ്ടാവുക അസംഭവ്യമാണ് എന്ന അടിസ്ഥാനത്തിലല്ല; പ്രത്യുത, അദ്ദേഹം ദൈവപ്രീതിയുടെ സമ്പൂര്‍ണ പ്രതിനിധിയാണ് എന്ന അടിസ്ഥാനത്തിലും അദ്ദേഹത്തില്‍നിന്നുണ്ടാകുന്ന അതിനിസ്സാരമായ പിഴവുകള്‍പോലും അല്ലാഹു തിരുത്താതെ വിടുകയില്ല എന്ന അടിസ്ഥാനത്തിലുമാണ്. അതുവഴി പ്രവാചകന്റെ അംഗീകൃത മാതൃകകളെല്ലാം അല്ലാഹുവിന്റെ പ്രീതിയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്ക് ഉറപ്പു ലഭിക്കുന്നു. ഇതേപ്രകാരം, പ്രവാചകന്റെ പരിശുദ്ധ പത്‌നിമാരാവട്ടെ, സ്വഹാബെ കിറാമാകട്ടെ അവരെല്ലാവരും മനുഷ്യരാണ്. ആരും മാലാഖമാരോ അതിമാനുഷരോ അല്ല. അവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാം. അവര്‍ എത്ര ഉയര്‍ന്ന പദവി നേടിയിട്ടുണ്ടെങ്കിലും ശരി. അതിനു കാരണം, അല്ലാഹുവിന്റെ മാര്‍ഗദര്‍ശനവും അവന്റെ ദൂതന്റെ ശിക്ഷണവും അവരെ മാനവികതയുടെ അതിവിശിഷ്ട മാതൃകകളാക്കി വളര്‍ത്തിയെടുത്തു എന്നതാണ്. അവര്‍ എത്ര മഹത്ത്വമുള്ളവരായാലും ശരി, ആ മഹത്ത്വത്തിനാധാരം അവര്‍ അബദ്ധങ്ങളില്‍നിന്ന് പൂര്‍ണമുക്തമായ അസ്തിത്വങ്ങളാണ് എന്ന സങ്കല്‍പമല്ല. അതിനാല്‍, നബി (സ)യുടെ അനുഗൃഹീത കാലഘട്ടത്തില്‍ പ്രവാചക പത്‌നിമാരില്‍നിന്നോ സ്വഹാബികളില്‍നിന്നോ മാനുഷികമായ തെറ്റുകുറ്റങ്ങളുണ്ടാകുമ്പോഴൊക്കെ അത് തിരുത്തപ്പെട്ടിരുന്നു. പ്രവാചകന്‍(സ)തന്നെ അവരുടെ ചില അബദ്ധങ്ങള്‍ തിരുത്തിയതായി ഹദീസുകളില്‍ ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ചില തെറ്റുകള്‍ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുതന്നെയാണ് തിരുത്തിയിട്ടുള്ളത്. മുസ്‌ലിംകള്‍ അവരുടെ മഹാന്മാരെ ആദരിക്കുമ്പോള്‍ അവരെ മാനവികതയുടെ തലത്തില്‍നിന്നുയര്‍ത്തി ദേവീദേവന്‍മാരുടെ സ്ഥാനത്തെത്തിക്കുന്ന അമിതമായ സങ്കല്‍പങ്ങള്‍ പുലര്‍ത്താതിരിക്കുന്നതിനു വേണ്ടിയാണിത്. വിശുദ്ധ ഖുര്‍ആന്‍ കണ്ണുതുറന്നു വായിച്ചു നോക്കിയാല്‍ അടിക്കടി ഇതിനുള്ള ഉദാഹരണങ്ങള്‍ കാണാം. സൂറഃ ആലുഇംറാനില്‍ ഉഹുദ്‌യുദ്ധം പരാമര്‍ശിച്ചുകൊണ്ട് സ്വഹാബത്തിനെ അഭിസംബോധന ചെയ്യുന്നു: ''അല്ലാഹു നിങ്ങളോട് ചെയ്ത (പിന്തുണയുടേതും ജയത്തിന്റേതുമായ) വാഗ്ദാനം അവന്‍ പാലിച്ചിരിക്കുന്നു. അവന്റെ അനുമതിയാല്‍ നിങ്ങളവരെ വകവരുത്തിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ. പിന്നെ, നിങ്ങള്‍ ചഞ്ചലരാവുകയും സ്വന്തം കര്‍ത്തവ്യത്തില്‍ ഭിന്നിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്ന ആ കാര്യത്തിലുള്ള മോഹത്തില്‍ അകപ്പെട്ടുപോയപ്പോള്‍ അവന്റെ ആജ്ഞ ധിക്കരിച്ചുകളയുകയും ചെയ്തു. നിങ്ങളില്‍ ചിലര്‍ ഭൗതികനേട്ടം കാംക്ഷിക്കുന്നവരായിരുന്നു. ചിലര്‍ പാരത്രികനേട്ടം കാംക്ഷിക്കുന്നവരും. അപ്പോള്‍ അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടി, അവരെ നേരിടുന്നതില്‍നിന്ന് നിങ്ങളെ തിരിച്ചുകളഞ്ഞു. എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് മാപ്പുതന്നിരിക്കുന്നു. വിശ്വാസികളോട് ഏറ്റം ഔദാര്യമുള്ളവനാണല്ലാഹു.'' (സൂ:152). സൂറഃ അന്നൂറില്‍, ഹ. ആഇശ(റ)N1413യെക്കുറിച്ചുണ്ടായ അപവാദത്തെ പരാമര്‍ശിച്ചുകൊണ്ട് സ്വഹാബത്തിനോട് പറയുന്നു: ''അതു കേട്ടപ്പോള്‍തന്നെ വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് സ്വയം നല്ലതു തോന്നുകയും ഇത് വെറും അപവാദമെന്ന് പറയുകയും ചെയ്യാതിരുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് അക്കൂട്ടര്‍ ആരോപണം തെളിയിക്കുന്നതിന് നാലു സാക്ഷികളെ കൊണ്ടുവന്നില്ല? നാലു സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ അവര്‍ കള്ളം പറയുന്നവര്‍തന്നെയാകുന്നു. ഇഹത്തിലും പരത്തിലും നിങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഏര്‍പ്പെട്ടുപോയ വര്‍ത്തമാനങ്ങളുടെ ഫലമായി നിങ്ങള്‍ക്ക് ഭയങ്കരമായ ശിക്ഷ ഭവിക്കുമായിരുന്നു. ഈ അപവാദം നിങ്ങള്‍ നാക്കുകള്‍ മാറിമാറി പകര്‍ന്നുകൊണ്ടും നിങ്ങള്‍ക്ക് ഒരറിവുമില്ലാത്ത കാര്യം പറഞ്ഞുകൊണ്ടുമിരുന്നപ്പോള്‍ നിങ്ങളത് ഒരു നിസ്സാര കാര്യമായി കരുതി; അല്ലാഹുവിങ്കലോ, അത് ഗുരുതരമായ ദുരാരോപണമാണല്ലോ. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതേ നമുക്ക് ഭൂഷണമല്ല എന്ന് നിങ്ങള്‍ പറയാതിരുന്നതെന്ത്? മേലില്‍ ഒരിക്കലും ഇത്തരം ചെയ്തി ആവര്‍ത്തിക്കരുതെന്ന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു-- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍'' (സൂ: 12-17). സൂറഃ അല്‍അഹ്‌സാബില്‍ പ്രവാചക പത്‌നിമാരെ അഭിസംബോധന ചെയ്ത് പ്രസ്താവിക്കുന്നു: ''അല്ലയോ പ്രവാചകരേ, താങ്കളുടെ ഭാര്യമാരോട് പറയുക: ഇഹലോകവും അതിലെ വിഭവങ്ങളുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വരുവിന്‍, വിഭവങ്ങള്‍ തന്ന് ഞാന്‍ നിങ്ങളെ ഭംഗിയായി പിരിച്ചയക്കാം. അതല്ല, നിങ്ങളാഗ്രഹിക്കുന്നത് അല്ലാഹുവിനെയും അവന്റെ ദൂതനെയും പരലോകത്തെയുമാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങളില്‍ സുകൃതികളായവര്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.'' (സൂ: 28-39). സൂറഃ അല്‍ജുമുഅയില്‍ സ്വഹാബത്തിനെക്കുറിച്ച് പറഞ്ഞു: ''വല്ല കച്ചവടമോ വിനോദമോ കണ്ടാല്‍ അവര്‍ അങ്ങോട്ട് പിരിഞ്ഞുപോവുകയും താങ്കളെ നിന്നപടി ഉപേക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അവരോട് പറയുക: അല്ലാഹുവിങ്കലുള്ളത് കച്ചവടത്തെക്കാളും വിനോദത്തെക്കാളും ശ്രേഷ്ഠമായതാകുന്നു. വിഭവദായകരില്‍ അത്യുത്തമനല്ലോ അല്ലാഹു.'' (സൂ: 11) സൂറഃ അല്‍മുംതഹിനയില്‍ ഒരു ബദ്‌രീ സ്വഹാബിയായ ഹാത്വിബ് ബ്‌നു അബീബല്‍തഅN1230യെ, അദ്ദേഹം മക്കാ വിമോചനത്തിനു മുമ്പ് ആ സംരംഭത്തെക്കുറിച്ച് ഖുറൈശികളെ രഹസ്യമായി അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ ഉദാഹരണങ്ങളെല്ലാം ഖുര്‍ആനില്‍നിന്നുതന്നെയുള്ളതാണ്. അതേ ഖുര്‍ആന്‍തന്നെ സ്വഹാബത്തിന്റെയും പരിശുദ്ധ പത്‌നിമാരുടെയും മഹത്ത്വവും ശ്രേഷ്ഠതയും എടുത്തുപറയുകയും അവര്‍ക്ക് رَضِيَ اللهُ عَنْهُمْ وَرَضُوا عَنْهُ എന്ന് സംപ്രീതിയുടെ രേഖയരുളുക കൂടി ചെയ്തിരിക്കുന്നു. മഹാന്മാരോടുള്ള ആദരവിനെ സംബന്ധിച്ച സന്തുലിതത്വത്തിലധിഷ്ഠിതമായ ഈ അധ്യാപനമാണ് മുസ്‌ലിംകളെ ക്രൈസ്തവരും ജൂതന്മാരും ആപതിച്ച വ്യക്തിപൂജയുടെ ഗര്‍ത്തത്തില്‍ ആപതിക്കുന്നതില്‍നിന്ന് രക്ഷിച്ചത്. അതിന്റെ ഫലമായി ഹദീസ്, തഫ്‌സീര്‍, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അഹ്‌ലുസ്സുന്നത്തിലെ പ്രഗല്‍ഭന്മാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ പ്രമുഖ സ്വഹാബിമാരുടെയും പരിശുദ്ധ പത്‌നിമാരുടെയും മറ്റു മഹാന്മാരുടെയും ശ്രേഷ്ഠതകളും മികവുകളും വിവരിച്ചിട്ടുള്ളതോടൊപ്പം അവരുടെ വീഴ്ചകളുടെയും അബദ്ധങ്ങളുടെയും കഥകള്‍ പറയുന്നതിലും ഒട്ടും അമാന്തിച്ചിട്ടില്ല. എന്നാലോ, ഇന്നത്തെ കൃത്രിമ ആദരവുകാരെയും ബഹുമാനക്കാരെയും അപേക്ഷിച്ച് ആ ഗ്രന്ഥകാരന്മാര്‍ ഈ മഹാന്മാരുടെ മഹത്ത്വവും ശ്രേഷ്ഠതയും കൂടുതല്‍ അംഗീകരിച്ചിരുന്നവരും ആദരിച്ചിരുന്നവരുമാണ്. ആദരവിന്റെ അതിരുകളും അവര്‍ക്ക് കൂടുതല്‍ നന്നായറിയാമായിരുന്നു. അല്ലാഹുവിന്റെ ദീന്‍ തികച്ചും നിഷ്പക്ഷമാണ് എന്നതാകുന്നു ഈ സൂറഃ തുറന്നുപറയുന്ന അഞ്ചാമത്തെ സംഗതി. അതില്‍ ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ അര്‍ഹിക്കുന്നത് ലഭിക്കുന്നു. ഏതെങ്കിലും മഹാനുമായുള്ള കുടുംബബന്ധം മാത്രം ആര്‍ക്കും ഒരു പ്രയോജനവും ചെയ്യുകയില്ല. ഏതെങ്കിലും അധമനുമായുള്ള കുടുംബ ബന്ധം ആരുടെയും കുറ്റമായിത്തീരുകയുമില്ല. ഈ വിഷയത്തില്‍ പരിശുദ്ധ പത്‌നിമാരുടെ മുമ്പില്‍ മൂന്നുതരം സ്ത്രീകളെ ഉദാഹരണമായി അവതരിപ്പിച്ചിരിക്കുന്നു. ഒന്ന്. ഹ. നൂഹിന്റെയും ഹ. ലൂത്വിന്റെയും ഭാര്യമാര്‍. ഇവര്‍ വിശ്വസിക്കുകയും ആദര്‍ശത്തില്‍ തങ്ങളുടെ വിശിഷ്ടമായ പതിമാരുടെ കൂട്ടാളികളാവുകയും ചെയ്തിരുന്നുവെങ്കില്‍ മുസ്‌ലിംസമൂഹത്തില്‍, മുഹമ്മദ് നബി (സ)യുടെ പരിശുദ്ധ പത്‌നിമാര്‍ക്കുള്ള സ്ഥാനം അവര്‍ക്കും ലഭിക്കുമായിരുന്നു. പക്ഷേ, അവര്‍ നേരെ വിരുദ്ധമായ നിലപാടാണ് കൈക്കൊണ്ടത്. അതിനാല്‍, പ്രവാചക പത്‌നിമാരായതുകൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. അവര്‍ നരകാവകാശികളായിത്തീരുകയാണുണ്ടായത്. രണ്ടാമത്തെ ഉദാഹരണം, ഫറവോന്റെ ഭാര്യയാണ്. അവര്‍ ഒരു കടുത്ത ദൈവധിക്കാരിയുടെ സഹധര്‍മിണിയായിരുന്നു. പക്ഷേ, സത്യവിശ്വാസം കൈക്കൊണ്ട് ഫറവോന്റെ സമൂഹത്തിന്റെ കര്‍മ രീതിയില്‍നിന്ന് തന്റെ കര്‍മരീതി വ്യതിരിക്തമാക്കി. അതുകൊണ്ട് ഫറവോനെപ്പോലെ കാഫിറുകളില്‍ കാഫിറായ ഒരാളുടെ ഭാര്യയായതുകൊണ്ട് അവര്‍ക്കൊരു ദോഷവുമുണ്ടായില്ല. അല്ലാഹു അവരെ സ്വര്‍ഗാവകാശിയാക്കി. മൂന്നാമത്തെ ഉദാഹരണം: ഹ. മര്‍യമിന്റെതാണ്. അല്ലാഹു അവരെ കടുത്ത പരീക്ഷണത്തിലകപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ വണക്കത്തോടെ അതു സ്വീകരിക്കാന്‍ സന്നദ്ധമായതുകൊണ്ടാണ് അവര്‍ക്ക് ഈ മഹത്തായ പദവി ലഭിച്ചത്. അവരകപ്പെടുത്തപ്പെട്ടത് ലോകത്ത് മറ്റൊരു മഹതിക്കും അകപ്പെടാനിടവന്നിട്ടില്ലാത്ത അതിരൂക്ഷമായ ഒരു പരീക്ഷണത്തിലായിരുന്നു. കന്യകയായിരിക്കെ അല്ലാഹുവിന്റെ ആജ്ഞയാല്‍ ഒരു ദിവ്യാദ്ഭുതമെന്നോണം അവര്‍ ഗര്‍ഭിണിയായി. അവരുടെ നാഥന്‍ അവരെക്കൊണ്ട് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സേവനമെന്തെന്ന് അവരെ അറിയിച്ചു. മര്‍യം അതിന്റെ പേരില്‍ അക്ഷമയായി അലമുറ കൂട്ടിയില്ല. ഒരു യഥാര്‍ഥ സത്യവിശ്വാസിനി എന്ന നിലയില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സഹിക്കേണ്ടതെല്ലാം അവര്‍ സഹിക്കാന്‍ സന്നദ്ധമായി. അങ്ങനെ അല്ലാഹു അവര്‍ക്ക് സ്വര്‍ഗീയ വനിതകളുടെ നായിക ( سَيِدةُ النِسَاءِ فِي الجَنَةِ) എന്ന ഉന്നത പദവിയരുളി. ഈ സംഗതികള്‍ക്കു പുറമെ ഈ സൂറഃ നമുക്ക് മനസ്സിലാക്കിത്തരുന്ന മറ്റൊരു സുപ്രധാന യാഥാര്‍ഥ്യമിതാണ്. അല്ലാഹുവിങ്കല്‍നിന്ന് നബി(സ)ക്ക് ലഭിച്ചിട്ടുള്ള ജ്ഞാനം ഖുര്‍ആനില്‍ ഉള്‍ക്കൊണ്ടത് മാത്രമല്ല, ഖുര്‍ആന്‍ പരാമര്‍ശിക്കാത്ത മറ്റുചില കാര്യങ്ങളെ സംബന്ധിച്ച ജ്ഞാനവും ദിവ്യബോധനം വഴി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ഈ സൂറഃയിലെ മൂന്നാം സൂക്തം ഇതിനുള്ള വ്യക്തമായ തെളിവാകുന്നു. അതില്‍ പറയുന്നു: നബി (സ) തന്റെ പത്‌നിമാരിലൊരാളോട് ഒരു രഹസ്യം പറഞ്ഞു. അവരത് മറ്റൊരു പത്‌നിയോട് പറഞ്ഞു. അല്ലാഹു അക്കാര്യം നബിയെ അറിയിച്ചു. പിന്നീട് തിരുമേനി ആ പത്‌നിയെ ഈ തെറ്റിനെക്കുറിച്ച് താക്കീതു ചെയ്തു. അവര്‍ ചോദിച്ചു: എന്റെ ഈ തെറ്റ് ആരാണ് അങ്ങയോട് പറഞ്ഞത്? തിരുമേനി പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവന്‍ അത് എന്നെ അറിയിച്ചു. ഇവിടെ പ്രശ്‌നമിതാണ്: ''ഓ പ്രവാചകരേ, താങ്കള്‍ ഭാര്യയോട് പറഞ്ഞ രഹസ്യം അവര്‍ മറ്റൊരുവളെ അറിയിച്ചിരിക്കുന്നു'' എന്നൊരു സൂക്തം ഖുര്‍ആനിലെവിടെയുമില്ലെങ്കില്‍ നബിക്ക് ഖുര്‍ആന്‍ അല്ലാതെയും ദിവ്യബോധനം ലഭിച്ചിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുതന്നെയാണത്. പ്രവാചകന്ന് ഖുര്‍ആനല്ലാതെ ഒരു ദിവ്യസന്ദേശവും ലഭിച്ചിട്ടില്ല എന്ന ഹദീസ്‌നിഷേധികളുടെ വാദത്തെ പൂര്‍ണമായും ഇത് ഖണ്ഡിക്കുന്നു.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.