പ്രഥമ സൂക്തത്തിലെ تَبَارَكَ الذِى بِيَدِهِ الْمُلْكُ എന്ന വാക്യത്തില്‍നിന്നുള്ള പദമാണ് അധ്യായനാമം.
പ്രഥമ സൂക്തത്തിലെ تَبَارَكَ الذِى بِيَدِهِ الْمُلْكُ എന്ന വാക്യത്തില്‍നിന്നുള്ള പദമാണ് അധ്യായനാമം.
ഈ സൂറ അവതരിച്ചതെന്നാണെന്ന് പ്രബലമായ നിവേദനങ്ങളില്‍നിന്നൊന്നും വ്യക്തമാകുന്നില്ല. എങ്കിലും ഇത് നബി(സ)യുടെ മക്കാജീവിതത്തിലെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നുണ്ട്.
ഇതില്‍ ഒരുവശത്ത്, ഇസ്‌ലാമികാധ്യാപനങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, പ്രജ്ഞാശൂന്യതയില്‍ വിഹരിക്കുന്ന ആളുകളെ ഉള്ളില്‍ത്തട്ടുംവണ്ണം താക്കീതു ചെയ്തിരിക്കുകയാണ്. ഇസ്‌ലാമികാധ്യാപനങ്ങളുടെ സാകല്യവും മുഹമ്മദ് നബിയുടെ നിയോഗലക്ഷ്യവും അവതരിപ്പിക്കുക എന്നത് മക്കീ സൂറകളുടെ സവിശേഷതയാണ്. വിശദമായിട്ടല്ല, സംക്ഷിപ്തമായി അത് ക്രമേണ ജനമനസ്സുകളില്‍ അടിയുറയ്ക്കുന്നതിനുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അതോടൊപ്പം അവയില്‍ ജനങ്ങളുടെ പ്രജ്ഞാരാഹിത്യം ദൂരീകരിക്കുന്നതിനും അവരെ ചിന്തിക്കാന്‍ പ്രേരിതരാക്കുന്നതിനും അവരുടെ ഉറങ്ങിക്കിടക്കുന്ന മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഒന്ന് മുതല്‍ അഞ്ചു വരെ സൂക്തങ്ങളില്‍, മനുഷ്യരെ അവര്‍ നിവസിക്കുന്ന ഈ പ്രപഞ്ചം അത്യന്തം വ്യവസ്ഥാപിതവും സുഭദ്രവുമായ ഒരു സാമ്രാജ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിലെവിടെയും എത്ര പരതിനോക്കിയാലും ഒരു കുറ്റമോ കുറവോ വൈകല്യമോ കാണാവതല്ല. ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തിന് ഉണ്‍മയേകിയത് അല്ലാഹു മാത്രമാകുന്നു. അതിന്റെ ആസൂത്രണത്തിന്റെയും സംവിധാനത്തിന്റെയും ഭരണത്തിന്റെയും സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. അവന്റെ കഴിവുകള്‍ അറ്റമില്ലാത്തതാണ്. അതോടൊപ്പം യുക്തിബന്ധുരമായ ഈ സംവിധാനത്തില്‍ മനുഷ്യന്‍ അലക്ഷ്യമായി സൃഷ്ടിക്കപ്പെട്ടവനല്ല എന്നുകൂടി ജനങ്ങളെ ധരിപ്പിക്കുന്നു. അവനിവിടെ പരീക്ഷാര്‍ഥം നിയോഗിക്കപ്പെട്ടവനാകുന്നു. തന്റെ സല്‍പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ പരീക്ഷയില്‍ വിജയം നേടാന്‍ കഴിയൂ. ആറു മുതല്‍ 11 വരെ സൂക്തങ്ങളില്‍, സത്യനിഷേധത്തിന് പരലോകത്ത് പ്രത്യക്ഷപ്പെടുന്ന ഭയാനകമായ അനന്തര ഫലങ്ങള്‍ വര്‍ണിച്ചിരിക്കുന്നു. അല്ലാഹു പ്രവാചകന്‍മാരെ അയച്ച് ഈ അനന്തര ഫലത്തെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇനി നിങ്ങള്‍ പ്രവാചകസന്ദേശം കൈക്കൊണ്ട് സ്വന്തം നിലപാടു ശരിപ്പെടുത്തുന്നില്ലെങ്കില്‍ പരലോകത്ത് നിങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷക്ക് യഥാര്‍ഥത്തില്‍ നിങ്ങള്‍ അര്‍ഹര്‍തന്നെയാണെന്ന് സ്വയം സമ്മതിക്കേണ്ടിവരും. 12 മുതല്‍ 14 വരെ സൂക്തങ്ങളില്‍, സ്രഷ്ടാവ് ഒരിക്കലും അവന്റെ സൃഷ്ടികളെക്കുറിച്ച് അശ്രദ്ധനാവുകയില്ല എന്ന യാഥാര്‍ഥ്യം ഊന്നിപ്പറഞ്ഞിരിക്കുകയാണ്. അവന്‍ നിങ്ങളുടെ പരസ്യവും പരോക്ഷവുമായ ഏതു കാര്യവും, എന്തിനേറെ, നിങ്ങളുടെ വിചാരങ്ങള്‍ പോലും അറിയുന്നു. അതിനാല്‍, സദാ ദര്‍ശിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ വിചാരണയെ ഭയപ്പെട്ടുകൊണ്ട് തിന്മകളില്‍നിന്നകന്ന് വര്‍ത്തിക്കുക എന്നതാണ് സ്വഭാവ ധര്‍മങ്ങളുടെ സാധുവായ അടിത്തറ. ഇഹലോകത്ത് ഏതെങ്കിലും ശക്തി അതിന്റെ പേരില്‍ തന്നെ ശിക്ഷിക്കുമോ എന്നതും ഈ ലോകത്ത് അതിന്റെ പേരില്‍ തനിക്ക് വല്ല നഷ്ടവും വന്നേക്കുമോ എന്നതും അതില്‍ പ്രസക്തമായിക്കൂടാ. ഈ കര്‍മരീതി സ്വീകരിക്കുന്നവര്‍ മാത്രമാണ് പരലോകത്ത് അനുഗൃഹീതരും മഹത്തായ പ്രതിഫലത്തിനര്‍ഹരുമായിത്തീരുന്നത്. 15 മുതല്‍ 23 വരെ സൂക്തങ്ങളില്‍, മനുഷ്യന്‍ കാര്യമായി ശ്രദ്ധിക്കാതെ സര്‍വസാധാരണമെന്നു കരുതി അവഗണിക്കുന്ന ചില പ്രാഥമിക യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ആവര്‍ത്തിച്ചുള്ള സൂചനകളിലൂടെ അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഹ്വാനംചെയ്യുന്നു. അല്ലാഹു പറയുന്നു: ''നിങ്ങള്‍ സമാധാനത്തോടെ നടക്കുന്ന ഈ ഭൂമി നോക്കൂ. അതില്‍നിന്ന് നിങ്ങള്‍ വിഭവങ്ങള്‍ നേടുന്നു. അല്ലാഹുവാണ് അതിനെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്. ഇല്ലെങ്കില്‍ ഏതു സമയത്തും നിങ്ങള്‍ മണ്ണായിപ്പോകാവുന്ന ഭൂകമ്പമുണ്ടാകാം. അല്ലെങ്കില്‍ നിങ്ങളെ കുഴച്ചു മറിച്ചുകളയുന്ന കൊടുങ്കാറ്റുണ്ടാകാം. നിങ്ങള്‍ക്കു മീതെ പറന്നുകൊണ്ടിരിക്കുന്ന പക്ഷികളെ നോക്കൂ. ദൈവംതന്നെയാണ് അവയെ അന്തരീക്ഷത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. നിങ്ങളുടെ ഉപകരണങ്ങളെയും ഉപാധികളെയുമെല്ലാം കുറിച്ച് ചിന്തിച്ചുനോക്കൂ. ദൈവം നിങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെങ്കില്‍ ആര്‍ക്കാണ് നിങ്ങളെ രക്ഷിക്കാന്‍ കഴിയുക? ദൈവം നിങ്ങളുടെ വിഭവകവാടങ്ങള്‍ അടച്ചിട്ടാല്‍ ആര്‍ക്കാണത് തുറന്നുതരാനാവുക? നിങ്ങളെ യാഥാര്‍ഥ്യബോധമുള്ളവരാക്കാന്‍ ഈ സംഗതികളൊക്കെയുണ്ട്. പക്ഷേ, നിങ്ങള്‍ ദൃശ്യങ്ങളില്‍നിന്ന് അനന്തരഫലം ഗ്രഹിക്കാന്‍ കഴിയാത്ത മൃഗങ്ങളെപ്പോലെയാണ് അവയെ നോക്കുന്നത്. മനുഷ്യരെന്ന നിലയില്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ കേള്‍വിയെയും കാഴ്ചയെയും ചിന്താശക്തിയെയും നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ സന്മാര്‍ഗം കണ്ടെത്താത്തത്.'' 24 മുതല്‍ 27 വരെ സൂക്തങ്ങളില്‍, ഒടുവില്‍ അനിവാര്യമായും നിങ്ങളെല്ലാവരും ദൈവത്തിന്റെ മുമ്പില്‍ ഹാജരാകേണ്ടിവരുമെന്നുണര്‍ത്തുകയാണ്. അതിന്റെ കാലവും തിയ്യതിയും നിങ്ങള്‍ക്ക് പറഞ്ഞുതരുകയല്ല നബിയുടെ ദൗത്യം. അത് വന്നെത്തുംമുമ്പ് അതേക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണ് അദ്ദേഹത്തിന്റെ ദൗത്യം. ഇന്ന് നിങ്ങളതു വിശ്വസിക്കുന്നില്ല. ആ സമയം ഇങ്ങു കൊണ്ടുവന്ന് നിങ്ങളെ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അത് ആഗതമാവുകയും നേരില്‍ കാണാറാവുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ബോധംകെട്ടുപോകും. അപ്പോള്‍ നിങ്ങളോടു പറയപ്പെടും: ''ഇതാണ് വന്നെത്താന്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ആ സംഭവം.'' 28, 29 സൂക്തങ്ങള്‍, നബി(സ)യെയും ശിഷ്യന്മാരെയും എതിര്‍ത്തുകൊണ്ടിരിക്കുന്ന മക്കാ മുശ്‌രിക്കുകള്‍ക്കുള്ള മറുപടിയാണ്. അവര്‍ പ്രവാചകനെ ശപിച്ചുകൊണ്ടിരുന്നു. പ്രവാചക ശിഷ്യന്മാരുടെ നാശത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അതേപ്പറ്റി അരുളുകയാണ്: നിങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഒരുപക്ഷേ, നാശമണഞ്ഞാല്‍ത്തന്നെ അല്ലാഹു അവര്‍ക്ക് കരുണ ചൊരിഞ്ഞുകൊടുക്കും. അതുകൊണ്ട് എങ്ങനെയാണ് നിങ്ങളുടെ ഭാഗധേയത്തില്‍ മാറ്റമുണ്ടാവുക? നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുക. നിങ്ങളെ ദൈവശിക്ഷ ബാധിച്ചാല്‍ ആരാണ് രക്ഷിക്കുക? സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവത്തില്‍ സര്‍വം സമര്‍പ്പിക്കുകയും ചെയ്തവരെ നിങ്ങള്‍ മാര്‍ഗഭ്രഷ്ടരായി കരുതിയിരിക്കുകയാണല്ലോ. എന്നാല്‍, യഥാര്‍ഥത്തില്‍ മാര്‍ഗഭ്രഷ്ടരായത് ആരാണെന്ന് വെളിപ്പെടുന്ന ഒരു നാള്‍ വരുന്നുണ്ട്. അവസാനമായി, ജനങ്ങളുടെ മുമ്പില്‍ ഒരു ചോദ്യമുന്നയിച്ച് അവരെ അതേക്കുറിച്ച് ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്: ''അറേബ്യന്‍ മരുഭൂമിയിലും പര്‍വത പ്രദേശങ്ങളിലും നിങ്ങളുടെ ജീവിതത്തിന്റെ സര്‍വാവലംബം ഭൂമിയിലവിടവിടെ ഉറവെടുക്കുന്ന ജലമാണല്ലോ. ഈ ജലം ഭൂമിയിലേക്ക് ആണ്ടിറങ്ങി അപ്രത്യക്ഷമാവുകയാണെങ്കില്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് നിങ്ങള്‍ക്ക് ജീവജലം തിരികെ കൊണ്ടുവന്നുതരാനാവുക?''
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.