പ്രഥമ സൂക്തത്തിലെ وَالْمُرْسَلاَتِ എന്ന വാക്ക് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പ്രഥമ സൂക്തത്തിലെ وَالْمُرْسَلاَتِ എന്ന വാക്ക് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഈ സൂറ പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യനാളുകളില്‍ അവതരിച്ചതാണെന്ന് ഇതിന്റെ ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നു. ഇതിനു തൊട്ടുമുമ്പുള്ള അദ്ദഹ്ര്‍, അല്‍ഖിയാമ എന്നീ രണ്ടു സൂറകളും തൊട്ടുപിറകിലുള്ള അന്നബഅ്, അന്നാസിആത് എന്നീ സൂറകളും ഈ സൂറയുമായി ചേര്‍ത്തുവായിച്ചുനോക്കിയാല്‍ ഇവയെല്ലാം വ്യത്യസ്ത ശൈലികളിലൂടെ ഒരേ ആശയം മക്കാനിവാസികളെ ഉദ്‌ബോധിപ്പിക്കുന്നതിനു വേണ്ടി ഒരേ കാലയളവില്‍ അവതരിച്ചവയാണെന്ന് ബോധ്യമാകും.
പരലോകവും ഉയിര്‍ത്തെഴുന്നേല്‍പും യാഥാര്‍ഥ്യമാണെന്നു സ്ഥാപിക്കുകയും, ആ യാഥാര്‍ഥ്യങ്ങള്‍ നിഷേധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ അന്തിമഫലത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നതാണീ അധ്യായം. ആദ്യത്തെ ഏഴു സൂക്തങ്ങളിലായി, വായുവിന്റെ സംവിധാനം, വിശുദ്ധ ഖുര്‍ആനും മുഹമ്മദ്‌നബി(സ)യും പ്രവചിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ് അനിവാര്യമായും സംഭവിക്കുന്നതുതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായി ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ന്യായം ഇതാണ്: അത്യദ്ഭുതകരമായ ഈ അന്തരീക്ഷവായു സംവിധാനിച്ച സര്‍വശക്തന്‍ ഉയിര്‍ത്തെഴുന്നേല്‍പ് നടപ്പാക്കാന്‍ അശക്തനാവുകയില്ല. ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണപ്പെടുന്ന യുക്തിബദ്ധത, ഒരു പരലോകം ഉണ്ടായേ തീരൂ എന്ന് അസന്ദിഗ്ധമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാരണം, യുക്തിമാന്റെ ഒരു കാര്യവും അലക്ഷ്യമോ വ്യര്‍ഥമോ ആകാവതല്ല. പരലോകമില്ലെന്നാണെങ്കില്‍ ഈ നിര്‍മാണശാലയഖിലം തികച്ചും വ്യര്‍ഥമാണെന്നത്രേ അതിനര്‍ഥം. മക്കാവാസികള്‍ നിരന്തരം ഉന്നയിക്കാറുള്ള ഒരു വാദം ഇതായിരുന്നു: താന്‍ ഭീഷണിപ്പെടുത്തുന്ന ആ അന്ത്യനാള്‍ ഒന്നിങ്ങു കൊണ്ടുവന്നു കാണിക്ക്, അപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചുകൊള്ളാം. 8 മുതല്‍ 15 വരെ സൂക്തങ്ങളില്‍, അവരുടെ ഈ ആവശ്യം പരാമര്‍ശിക്കാതെ അതിനു മറുപടി പറയുകയാണ്: അതൊരു കളിതമാശയൊന്നുമല്ല, വല്ല ഫലിതപ്രിയനും അത് കാണണമെന്നാവശ്യപ്പെട്ടാല്‍ ഉടനടി കാണിച്ചുകൊടുക്കാന്‍. മനുഷ്യവംശത്തിന്റെയാകമാനം-അതിലെ ഓരോ വ്യക്തിയുടെയും-- കേസുകള്‍ തീരുമാനിക്കുന്ന ദിവസമാണത്. അതിന് അല്ലാഹു ഒരു പ്രത്യേക സമയം നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ആ സമയമായാല്‍ അത് സമാഗതമാവുകതന്നെ ചെയ്യും. അത് സമാഗതമാകുമ്പോള്‍ അതിബീഭത്സമായ രൂപത്തിലാണാഗതമാവുക. ഇന്ന് അത് കാണണമെന്ന് പരിഹാസപൂര്‍വം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ അന്ന് ബോധംകെട്ടുപോകും. ഇന്ന് അതേപ്പറ്റി ഏതൊരു പ്രവാചകന്‍ നല്‍കുന്ന മുന്നറിയിപ്പിനെയാണോ അവര്‍ നിസ്സങ്കോചം തള്ളിക്കളയുന്നത്, അതേ പ്രവാചകന്റെ സാക്ഷിമൊഴിയനുസരിച്ചുതന്നെയായിരിക്കും അവരുടെ കേസുകള്‍ തീരുമാനിക്കുക. തങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് ആത്മനാശത്തിനുള്ള ആയുധങ്ങളൊരുക്കിക്കൊണ്ടിരുന്നത് എപ്രകാരമായിരുന്നുവെന്ന് അപ്പോഴവര്‍ക്ക് മനസ്സിലാവുകയും ചെയ്യും. 16 മുതല്‍ 28 വരെ സൂക്തങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്, പരലോകം എന്നിവയുടെ സംഭവ്യതയുടെയും അനിവാര്യതയുടെയും തെളിവുകള്‍ തുടര്‍ച്ചയായി നിരത്തിയിരിക്കുന്നു. അതില്‍ പറയുന്നു: മാനവചരിത്രം, മനുഷ്യോല്‍പത്തി, അവര്‍ ജീവിക്കുന്ന ഭൂമിയുടെ ഘടന ഇവയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പും പരലോകവും ഉണ്ടാവുക സംഭവ്യമാണെന്നു മാത്രമല്ല, അത് അല്ലാഹുവിന്റെ യുക്തിയുടെ താല്‍പര്യമാണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരലോകത്തെ നിഷേധിച്ച ഏതു സമൂഹവും ഒടുവില്‍ തകിടംമറിയുകയും വിനാശത്തില്‍ പതിക്കുകയും ചെയ്തതായി മനുഷ്യചരിത്രം ചൂണ്ടിക്കാണിക്കുന്നു. അതിനര്‍ഥം ഇതാണ്: പരലോകം പോലുള്ള യാഥാര്‍ഥ്യങ്ങളോട് ഏറ്റുമുട്ടല്‍നയം സ്വീകരിക്കുന്ന ഏതൊരു സമുദായത്തിന്റെയും പരിണതി, പാഞ്ഞുവരുന്ന വണ്ടിക്കു നേരെ കുതിച്ചുചെല്ലുന്ന അന്ധന്റെ പരിണതിയായിരിക്കും. പ്രപഞ്ചത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പദാര്‍ഥനിയമങ്ങള്‍ മാത്രമല്ല, ഒരു ധാര്‍മികനിയമവും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്നുകൂടി ഇതിനര്‍ഥമുണ്ട്. അതിനനുസരിച്ചാണ് ഈ ഭൗതികലോകത്തുതന്നെയും കര്‍മഫലശൃംഖല നടന്നുവരുന്നത്. പക്ഷേ, ഭൗതികലോകത്തെ നിലവിലുള്ള ജീവിതത്തില്‍ ഈ കര്‍മഫലം അതിന്റെ സമ്പൂര്‍ണവും മികച്ചതുമായ രൂപത്തില്‍ സംഭവിക്കുന്നില്ല. അതുകൊണ്ട് സമ്പൂര്‍ണമായ രീതിയില്‍ കര്‍മഫലം യാഥാര്‍ഥ്യമാവുകയും ഇവിടെ പ്രതിഫലം വിലക്കപ്പെടുകയോ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയോ ചെയ്ത എല്ലാ നന്മതിന്മകള്‍ക്കും തികഞ്ഞ രക്ഷാശിക്ഷകള്‍ ലഭിക്കുകയും ചെയ്യുന്ന ഒരു നാള്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രപഞ്ചത്തിന്റെ ധാര്‍മികനിയമം താല്‍പര്യപ്പെടുന്നു. അതിന് മരണാനന്തരജീവിതമില്ലാതെ പറ്റില്ല. ഈ ലോകത്ത് എങ്ങനെയാണ് മനുഷ്യരുണ്ടാകുന്നതെന്ന് ഗൗരവപൂര്‍വം ചിന്തിക്കുന്ന ഏതൊരു സാമാന്യബുദ്ധിക്കും, നിസ്സാരമായ രേതസ്‌കണത്തില്‍നിന്ന് തുടങ്ങി അതിനെ ഒരു പൂര്‍ണ മനുഷ്യനാക്കി നിര്‍മിച്ച ദൈവത്തിന് അതേ മനുഷ്യനെ വീണ്ടും സൃഷ്ടിക്കാന്‍ തീര്‍ച്ചയായും കഴിയുമെന്ന കാര്യം നിഷേധിക്കാനാവില്ല. ജീവിതകാലം മുഴുവന്‍ മനുഷ്യന്‍ ഏതു ഭൂമിയില്‍ വസിച്ചാലും, മരണാനന്തരം അവന്‍ എവിടെച്ചെന്നു മറഞ്ഞാലും അതേ ഭൂമിയില്‍ അവന്റെ ഓരോ അണുവും നിലനില്‍ക്കുന്നുണ്ട്. ഇതേ ഭൂമിയുടെ ഖജനാവുകളില്‍നിന്നാണവന്‍ ഉണ്‍മ കൈക്കൊള്ളുകയും വളര്‍ന്നു വലുതാവുകയും ചെയ്തത്. പിന്നീടവന്‍ ആ ഭൂമിയുടെ ഖജനാവുകളില്‍ത്തന്നെ തിരികെ ശേഖരിക്കപ്പെടുന്നു. നേരത്തേ ഭൂമിയുടെ ഈ ഖജനാവുകളില്‍നിന്ന് അവനെ പ്രാദുര്‍ഭവിപ്പിച്ച ദൈവത്തിന്, തിരികെ ശേഖരിക്കപ്പെട്ടശേഷം വീണ്ടും അവനെ പ്രാദുര്‍ഭവിപ്പിക്കാന്‍ കഴിയും. അവന്റെ അപാരമായ കഴിവിനെക്കുറിച്ച് ആലോചിച്ചുനോക്കിയാല്‍ അവന്ന് അപ്രകാരം ചെയ്യാന്‍ കഴിയുമെന്ന കാര്യം നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. അവന്റെ യുക്തിജ്ഞാനത്തെക്കുറിച്ച് ആലോചിച്ചുനോക്കിയാല്‍, അവന്‍ നിങ്ങള്‍ക്കേകിയിട്ടുള്ള സ്വാതന്ത്ര്യങ്ങളെ നിങ്ങള്‍ ശരിയായാണോ തെറ്റായാണോ ഉപയോഗിച്ചത് എന്ന് വിചാരണചെയ്യേണ്ടത് തീര്‍ച്ചയായും അവന്റെ യുക്തിയുടെ താല്‍പര്യമാണെന്നും മനുഷ്യനെ വിചാരണ കൂടാതെ വിടുന്നത് തികച്ചും യുക്തിവിരുദ്ധമായിരിക്കുമെന്നും സമ്മതിക്കാതെ നിര്‍വാഹമുണ്ടായിരിക്കുകയില്ല. അനന്തരം 28 മുതല്‍ 40 വരെ സൂക്തങ്ങളില്‍ പരലോകനിഷേധികളുടെയും 41 മുതല്‍ 45 വരെ സൂക്തങ്ങളില്‍ പരലോകവിശ്വാസം കൈക്കൊണ്ട് ഭൗതിക ജീവിതത്തില്‍ തങ്ങളുടെ പാരത്രിക ജീവിതം ശോഭനമാക്കുന്നതിന് പരിശ്രമിക്കുകയും ഭൗതിക ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്നതാണെങ്കിലും പാരത്രിക ജീവിതത്തെ പീഡിതമാക്കുന്ന എല്ലാ വിശ്വാസങ്ങളെയും ചര്യകളെയും പ്രവര്‍ത്തനങ്ങളെയും വര്‍ജിക്കുകയും ചെയ്യുന്നവരുടെയും പര്യവസാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. അവസാനം, പരലോകത്തെ നിഷേധിക്കുകയും അല്ലാഹുവിന് കീഴടങ്ങുന്നതില്‍നിന്ന് പിന്തിരിയുകയും ചെയ്യുന്നവരെ ഇപ്രകാരം താക്കീതുചെയ്യുന്നു: ഭൗതികലോകത്തെ ഏതാനും നാളുകളിലെ ജീവിതത്തില്‍ ആസ്വദിക്കാവുന്ന സുഖങ്ങളൊക്കെ ആസ്വദിച്ചുകൊള്ളുക. അവസാനം നിങ്ങളുടെ പരിണതി ദാരുണമായ നാശമായിരിക്കും. ഈ ഖുര്‍ആന്‍കൊണ്ട് സന്മാര്‍ഗദര്‍ശനം നേടാത്തവര്‍ക്ക് ഇനി ഈ ലോകത്ത് മറ്റൊന്നുകൊണ്ടും സന്മാര്‍ഗം പ്രാപിക്കാന്‍ സാധിക്കുകയില്ല എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രഭാഷണം പര്യവസാനിക്കുന്നത്.
The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.
Surah Information is available in multiple languages and can be downloaded in SQLite
, CSV
, and JSON
formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.