Surah Info - Malayalam

Surah by Surah
Surah information in Malayalam language

Tags

Download Links

രണ്ടാം സൂക്തത്തിലുള്ള عَنِ النَّبَإِ الْعَظِيم എന്ന വാക്യത്തിലെ النَّبَأ എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു നാമം മാത്രമല്ല, സൂറയുടെ ഉള്ളടക്കത്തിന്റെ ശീര്‍ഷകം കൂടിയാകുന്നു. النَّبَأ എന്നതുകൊണ്ട് വിവക്ഷ ഉയിര്‍ത്തെഴുന്നേല്‍പും പരലോകവുമാണ്. സൂറയിലെ ചര്‍ച്ച മുഴുവന്‍ അതേപ്പറ്റിത്തന്നെയാണ്.

നാമം

രണ്ടാം സൂക്തത്തിലുള്ള عَنِ النَّبَإِ الْعَظِيم എന്ന വാക്യത്തിലെ النَّبَأ എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു നാമം മാത്രമല്ല, സൂറയുടെ ഉള്ളടക്കത്തിന്റെ ശീര്‍ഷകം കൂടിയാകുന്നു. النَّبَأ എന്നതുകൊണ്ട് വിവക്ഷ ഉയിര്‍ത്തെഴുന്നേല്‍പും പരലോകവുമാണ്. സൂറയിലെ ചര്‍ച്ച മുഴുവന്‍ അതേപ്പറ്റിത്തന്നെയാണ്.


അവതരണകാലം

സൂറ അല്‍മുര്‍സലാത്തിന്റെ ആമുഖത്തില്‍ നാം വിശദമാക്കിയിട്ടുള്ളതുപോലെ അല്‍ഖിയാമ മുതല്‍ അന്നാസിആത് വരെയുള്ള സൂറകളുടെയെല്ലാം പ്രമേയം പരസ്പരബന്ധിതവും സദൃശവുമാകുന്നു. ഇവയെല്ലാം പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യനാളുകളില്‍ അവതരിച്ചതാണെന്ന് മനസ്സിലാക്കാം.


ഉള്ളടക്കം

സൂറ അല്‍മുര്‍സലാത്തില്‍ പ്രതിപാദിച്ച വിഷയംതന്നെയാണ് ഈ സൂറയുടെയും ഉള്ളടക്കം. അതായത്, പുനരുത്ഥാനത്തിന്റെയും പരലോകത്തിന്റെയും സ്ഥിരീകരണവും, അതംഗീകരിക്കുന്നതിന്റെയും അംഗീകരിക്കാതിരിക്കുന്നതിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കലും. വിശുദ്ധ മക്കയില്‍ നബി (സ) ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അതിന്റെ അസ്തിവാരം മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്: അല്ലാഹുവിന്റെ കൂടെ ദിവ്യത്വത്തില്‍ പങ്കാളികളുണ്ടെന്ന് സമ്മതിക്കാതിരിക്കുക. രണ്ട്: മുഹമ്മദി(സ)നെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിക്കുക. മൂന്ന്: ഈ ലോകം ഒരിക്കല്‍ അവസാനിച്ചുപോകുമെന്നും അനന്തരം മറ്റൊരു ലോകം നിലവില്‍വരുമെന്നും അതില്‍ ആദിമ മനുഷ്യന്‍ മുതല്‍ അന്തിമന്‍ വരെയുള്ള സകലരും ഇഹലോകത്തു ജീവിച്ചിരുന്ന അതേ ശരീരങ്ങളിലായി പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും, എന്നിട്ട് അവരുടെ വിശ്വാസങ്ങളും കര്‍മങ്ങളും വിചാരണ ചെയ്യപ്പെടുകയും ആ വിചാരണയില്‍ സത്യവിശ്വാസികളും സച്ചരിതരുമെന്ന് തെളിഞ്ഞവര്‍ ശാശ്വതമായ സ്വര്‍ഗത്തിലേക്കും, അവിശ്വാസികളും ദുഷ്ടരുമെന്ന് തെളിഞ്ഞവര്‍ ശാശ്വതമായ നരകത്തിലേക്കും അയക്കപ്പെടുമെന്നും വിശ്വസിക്കുക. ഈ മൂന്നാശയങ്ങളില്‍ ഒന്നാമത്തേത് മക്കാനിവാസികള്‍ക്ക് വളരെ അരോചകംതന്നെയായിരുന്നു. എങ്കിലും അവര്‍ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിച്ചിരുന്നില്ല. അവന്‍ പരമേശ്വരനും സ്രഷ്ടാവും അന്നദാതാവുമാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ആരാധിച്ചുവരുന്ന മറ്റു ദൈവങ്ങളെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും സമ്മതിച്ചിരുന്നു. തര്‍ക്കമുണ്ടായിരുന്നത് അല്ലാഹുവിന്റെ ഗുണങ്ങളിലും അധികാരങ്ങളിലും ദിവ്യസത്തയിലും അവന്ന് വേറെ പങ്കാളികളുണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ മാത്രമായിരുന്നു. മക്കക്കാര്‍ അംഗീകരിക്കാന്‍ തയ്യാറില്ലാതിരുന്നതും എന്നാല്‍, നിഷേധിക്കാന്‍ അവര്‍ക്കസാധ്യവുമായിരുന്ന മറ്റൊരു സംഗതി ഇതായിരുന്നു: പ്രവാചകത്വവാദം ഉന്നയിക്കുന്നതിനു മുമ്പ് മുഹമ്മദ് (സ) 40 വര്‍ഷക്കാലം അവര്‍ക്കിടയില്‍ത്തന്നെയാണ് ജീവിച്ചിരുന്നത്. അദ്ദേഹം ഒരു വ്യാജനോ തട്ടിപ്പുകാരനോ സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി അവിഹിതമാര്‍ഗങ്ങളവലംബിക്കുന്നവനോ ആണെന്ന് അന്നൊന്നും ഒരിക്കലും അവര്‍ക്കനുഭവപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ജ്ഞാനത്തെയും വിവേകത്തെയും അഭിപ്രായസുബദ്ധതയെയും ഉയര്‍ന്ന ധര്‍മനിഷ്ഠയെയും അവര്‍തന്നെ തലകുലുക്കി സമ്മതിച്ചിരുന്നതാണ്. തന്മൂലം, തിരുമേനിയുടെ എല്ലാ ഇടപാടുകളും ന്യായവും സത്യസന്ധവുമാണെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ പ്രവാചകത്വവാദം മാത്രം-മആദല്ലാഹ്-കള്ളമാണെന്നും മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിരിക്കട്ടെ, തങ്ങളെത്തന്നെ വിശ്വസിപ്പിക്കുകയെന്നത് ആയിരക്കണക്കിന് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിട്ടും അവര്‍ക്ക് അത്യന്തം ക്ലേശകരമായിരുന്നു. ഈ നിലക്ക് ആദ്യത്തെ രണ്ടു കാര്യങ്ങള്‍ ഈ മൂന്നാമത്തേതിന്റെ അത്രതന്നെ മക്കാവാസികളെസ്സംബന്ധിച്ചിടത്തോളം സങ്കീര്‍ണമായിരുന്നില്ല. അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ അവര്‍ ഏറ്റവുമധികം പരിഹസിച്ചിരുന്നത് ഈ ആശയത്തെയാണ്. അതിലവര്‍ അദ്ഭുതവും പരിഭ്രാന്തിയും പ്രകടിപ്പിച്ചു. ബുദ്ധിക്ക് നിരക്കാത്തതും അസംഭവ്യവുമായ കാര്യമെന്നു ഗണിച്ചുകൊണ്ട്, വിശ്വസിക്കാനാവാത്തത് എന്നല്ല, സങ്കല്‍പിക്കാനേ പറ്റാത്ത കാര്യം എന്ന മട്ടില്‍ എങ്ങും ചര്‍ച്ചകള്‍ നടന്നുവന്നു. പക്ഷേ, അവരെ ഇസ്‌ലാമികസരണിയിലേക്ക് കൊണ്ടുവരണമെങ്കില്‍ അവരുടെ ഹൃദയങ്ങളില്‍ പരലോകവിശ്വാസം ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. കാരണം, ആ വിശ്വാസമില്ലാതെ സത്യാസത്യങ്ങള്‍ സംബന്ധിച്ച വിചാരഗതികള്‍ നേരെയാവുക സാധ്യമല്ല. നന്മ-തിന്മകള്‍ സംബന്ധിച്ച അവരുടെ മാനദണ്ഡം മാറ്റിയെടുക്കാനും ഭൗതികപൂജ വെടിഞ്ഞ് ഇസ്‌ലാം ആവശ്യപ്പെടുന്ന മാര്‍ഗത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും പരലോകവിശ്വാസം കൂടിയേ തീരൂ. ഇക്കാരണത്താല്‍തന്നെയാണ് വിശുദ്ധ മക്കയിലെ ആദ്യനാളുകളിലവതരിപ്പിച്ച സൂറകള്‍, ജനഹൃദയങ്ങളില്‍ പരലോകവിശ്വാസം അതിശക്തമായി പ്രതിഷ്ഠിക്കുന്നതിനായി വിനിയോഗിക്കപ്പെട്ടത്. ഏകദൈവത്വ സങ്കല്‍പത്തെക്കൂടി മനസ്സില്‍ രൂഢമൂലമാക്കുന്ന രീതിയിലാണതിന്റെ തെളിവുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നുമാത്രം. ഇടയ്ക്കിടെ റസൂലും ഖുര്‍ആനും യാഥാര്‍ഥ്യമാണെന്നതിനുള്ള തെളിവുകളും സംക്ഷിപ്തമായി നല്‍കുന്നുണ്ട്. ഈ കാലയളവിലവതരിച്ച സൂറകളില്‍ പരലോകം എന്ന വിഷയം ഇങ്ങനെ ആവര്‍ത്തിച്ചതിന്റെ കാരണം ശരിക്കും ഗ്രഹിച്ചശേഷം ഈ സൂറയുടെ ഉള്ളടക്കം സമഗ്രമായി ഒന്ന് നിരീക്ഷിക്കുക. ഇതിലാദ്യം പരാമര്‍ശിക്കുന്നത്, പുനരുത്ഥാന വൃത്താന്തം കേട്ട അവിശ്വാസികള്‍ മക്കയുടെ മുക്കുമൂലകളിലും അങ്ങാടികളിലും സഭകളിലും എല്ലാം നിരന്തരം നടത്തിക്കൊണ്ടിരുന്ന ചര്‍ച്ചകളെയും പിറുപിറുപ്പുകളെയുമാണ്. അനന്തരം അവിശ്വാസികളോടു ചോദിക്കുന്നു: 'നാം നിങ്ങള്‍ക്കായി വിരിച്ചുതന്ന ഈ ഭൂമി നിങ്ങള്‍ കാണുന്നില്ലേ? ഭൂമിയില്‍ ഉറപ്പിച്ചുവെച്ച ഉയര്‍ന്ന പര്‍വതങ്ങളെയും? നാം നിങ്ങളെ സ്ത്രീ-പുരുഷ ജോടികളായി സൃഷ്ടിച്ചിട്ടുള്ളതെവ്വിധമാണെന്ന് ചിന്തിക്കുന്നില്ലേ? നിങ്ങളുടെ നിദ്രയെക്കുറിച്ചാലോചിച്ചിട്ടുണ്ടോ? നിങ്ങളെ ഈ ലോകത്ത് പ്രവര്‍ത്തനയോഗ്യരായി നിലനിര്‍ത്തുന്നതിനുള്ള ഉപാധിയാണത്. ഏതാനും മണിക്കൂറുകളിലെ അധ്വാനത്തിനുശേഷം ഏതാനും മണിക്കൂറുകളില്‍ വിശ്രമിക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികച്ചും ഇണങ്ങുന്നവിധത്തില്‍ നാം ചിട്ടയോടെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന രാപകലുകളുടെ ഗമനാഗമനം നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ക്കു മീതെ ഭദ്രമായി ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ള വാനലോക സംവിധാനം കാണുന്നില്ലേ? നിങ്ങള്‍ക്ക് ചൂടും വെളിച്ചവും ചൊരിഞ്ഞുതരുന്ന സൂര്യനെക്കുറിച്ചു ചിന്തിച്ചിട്ടില്ലേ? മഴയായി വര്‍ഷിക്കുകയും അങ്ങനെ ധാന്യങ്ങളും പച്ചക്കറികളും ഇടതിങ്ങിയ തോട്ടങ്ങളും വളര്‍ന്നുവരാന്‍ ഇടയാക്കുകയും ചെയ്യുന്ന മേഘങ്ങളെ കണ്ടിട്ടില്ലേ? ഇതെല്ലാം സൃഷ്ടിച്ച സര്‍വശക്തന്‍ പുനരുത്ഥാനം സംഭവിപ്പിക്കാന്‍ അശക്തനായിരിക്കുമെന്നതുതന്നെയാണോ ഈ സംഗതികളെല്ലാം നിങ്ങളോടു പറയുന്നത്? ഈ പ്രവര്‍ത്തനശാലയഖിലം തെളിഞ്ഞുനില്‍ക്കുന്ന അത്യുന്നത യുക്തിയുടെയും ജ്ഞാനത്തിന്റെയും പ്രവര്‍ത്തനം കാണുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു? ഈ പ്രവര്‍ത്തനശാലയുടെ ഓരോ ഘടകവും ഓരോരോ പ്രവര്‍ത്തനവും തികച്ചും ലക്ഷ്യാധിഷ്ഠിതമാണെങ്കിലും ഈ തൊഴില്‍ശാല മൊത്തത്തില്‍ ലക്ഷ്യരഹിതവും ഉദ്ദേശ്യശൂന്യവുമാണെന്നുതന്നെയോ? ഈ പ്രവര്‍ത്തനശാലയില്‍ ഒരു ഫോര്‍മാന്റെ പദവിയില്‍ നിയോഗിക്കപ്പെടുകയും വിപുലമായ അധികാര-സ്വാതന്ത്ര്യങ്ങള്‍ നല്‍കപ്പെടുകയും ചെയ്ത മനുഷ്യന്‍ തന്റെ കടമ പൂര്‍ത്തിയാക്കി ഇവിടെനിന്ന് വിരമിച്ചാല്‍ വെറുതെയങ്ങ് ഉപേക്ഷിക്കപ്പെടുക എന്നതില്‍പരം വൃഥാവും വ്യര്‍ഥവുമായ കാര്യം മറ്റെന്തുണ്ട്? അയാളുടെ മികച്ച പ്രവര്‍ത്തനം പെന്‍ഷനും പുരസ്‌കാരവും അര്‍ഹിക്കുന്നില്ലേ? അയാളുടെ തെറ്റായ നടപടികള്‍ക്ക് വിചാരണയും ശിക്ഷയും വേണ്ടതല്ലേ?' ഈ തെളിവുകള്‍ നിരത്തിയശേഷം വിധിദിനം അതിന്റെ നിര്‍ണിതമായ സമയത്ത് വന്നെത്തുകതന്നെ ചെയ്യുമെന്ന് ശക്തമായി ഊന്നിപ്പറഞ്ഞിരിക്കുന്നു. കാഹളത്തില്‍ ഒന്ന് ഊതേണ്ട താമസം നിങ്ങള്‍ക്ക് താക്കീതു ചെയ്യപ്പെട്ട കാര്യങ്ങളെല്ലാം കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുകയായി. ഇനി നിങ്ങള്‍ക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങള്‍ മരിച്ചു മണ്ണടിഞ്ഞുപോയത് എവിടെയാണെങ്കിലും അവിടെനിന്ന് അന്ന് നിങ്ങള്‍ വിചാരണാവിധേയരാകാന്‍ കൂട്ടംകൂട്ടമായി എഴുന്നേറ്റുവരും. നിങ്ങളുടെ നിഷേധത്തിന് അതിന്റെ ആഗമനത്തെ ഒട്ടും തടയാനാവില്ല. അനന്തരം 21 മുതല്‍ 30 വരെ സൂക്തങ്ങളില്‍ പറയുന്നു: കര്‍മപുസ്തകം പ്രതീക്ഷിക്കാത്തവരും നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞവരുമുണ്ടല്ലോ, അവരുടെ ഓരോരോ ചെയ്തികളും നമ്മുടെ സന്നിധിയില്‍ എണ്ണിയെണ്ണി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അവര്‍ താക്കീതു ചെയ്യപ്പെട്ട നരകം അവരെ ഗ്രസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അവിടെ അവരുടെ പ്രവൃത്തികള്‍ക്ക് തികഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. തുടര്‍ന്ന് 31-36 സൂക്തങ്ങളില്‍, ഉത്തരവാദിത്വം ചുമത്തപ്പെട്ടവരും വിചാരണ ചെയ്യപ്പെടുന്നവരുമാണെന്ന ബോധത്തോടെ നേരത്തേതന്നെ പാരത്രിക ജീവിതം വിജയകരമാക്കുന്നതിനുവേണ്ടി പരിശ്രമിച്ചവര്‍ക്കുള്ള വിശിഷ്ട സമ്മാനങ്ങള്‍ വിവരിക്കുന്നു. അവരുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമല്ല അവര്‍ക്ക് ലഭിക്കുകയെന്നും അതോടൊപ്പം ധാരാളം സമ്മാനങ്ങളും ലഭിക്കുമെന്നും ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ദൈവിക കോടതിയെ ഇപ്രകാരം ചിത്രീകരിച്ചിരിക്കുന്നു: അവിടെ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ, തങ്ങളുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നേടിക്കൊടുത്തോ ആരെയും വിട്ടയക്കുന്ന പ്രശ്‌നമേയുദിക്കുന്നില്ല. അനുമതിയില്ലാതെ ആര്‍ക്കും അവിടെ നാവനക്കാനേ കഴിയില്ല. വല്ലവര്‍ക്കും അനുമതി ലഭിക്കുകയാണെങ്കില്‍ത്തന്നെ അത് സോപാധികമായിരിക്കും. ആര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യാനാണോ അനുമതി നല്‍കിയിട്ടുള്ളത് അയാള്‍ക്കുവേണ്ടി മാത്രമേ ശുപാര്‍ശകന്‍ ശിപാര്‍ശ ചെയ്യാവൂ. ശിപാര്‍ശയില്‍ അന്യായമോ അസത്യമോ പറയാന്‍ പാടില്ല. അതുപോലെ, ഈ ലോകത്ത് സത്യവചനം അംഗീകരിച്ച് ജീവിക്കുകയും കേവലം കുറ്റവാളിയായിപ്പോവുകയും ചെയ്തവരുടെ കാര്യത്തില്‍ മാത്രമേ ശിപാര്‍ശക്ക് അനുമതി നല്‍കപ്പെടുകയുള്ളൂ. തുടര്‍ന്ന് ഇപ്രകാരം താക്കീതു ചെയ്തുകൊണ്ടാണ് പ്രഭാഷണം അവസാനിപ്പിക്കുന്നത്: വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പു നല്‍കുന്ന ആ ദിവസം വരുമെന്നുള്ളത് യാഥാര്‍ഥ്യംതന്നെയാകുന്നു. അത് വിദൂരമാണെന്നു വിചാരിക്കേണ്ട. സമീപസ്ഥംതന്നെയാണത്. ഇനി ഇഷ്ടമുള്ളവര്‍ക്ക് അതംഗീകരിച്ച് തന്റെ നാഥന്റെ മാര്‍ഗം കൈക്കൊള്ളാം. എന്നാല്‍, ഈ മുന്നറിയിപ്പു കിട്ടിയിട്ടും അതിനെ നിഷേധിക്കുന്നവന്റെ കര്‍മങ്ങളെല്ലാം സ്വന്തം കണ്‍മുന്നില്‍ വരുമ്പോള്‍ നെടുംഖേദത്തോടെ അവന്‍ പറയും: 'കഷ്ടം, ഞാന്‍ ഈ ലോകത്ത് ജനിക്കുകയേ ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായേനെ!' അതെ, ഇന്നവനെ അനുരാഗമുഗ്ധനാക്കിയിട്ടുള്ള ഇതേ ഭൗതികലോകത്തെക്കുറിച്ച് അന്നവന്നുണ്ടാകുന്ന മനോഭാവം അതായിരിക്കും.

The Surah Information resource provides detailed information for each Surah. It includes key themes and topics, reasons for revelation, summaries, and other contextual insights to help readers better understand the message of the Surah.

Surah Information is available in multiple languages and can be downloaded in SQLite, CSV, and JSON formats. Some languages include both a short summary and a longer, detailed version. The detailed version may use HTML tags for formatting the text.