Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Ahzab — Ayah 50

يَٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ٥٠
നബിയേ! താങ്കൾ മഹ്ർ നൽകിയിട്ടുള്ള താങ്കളുടെ ഭാര്യമാരെ നാം താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു യുദ്ധതടവുകാരിൽ നിന്ന് താങ്കൾക്ക് നൽകിയ, താങ്കൾ ഉടമപ്പെടുത്തുന്ന (അടിമ) സ്ത്രീകളെയും താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. താങ്കളോടൊപ്പം മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്ന താങ്കളുടെ പിതൃസഹോദരൻ്റെ പെണ്മക്കളെയും, പിതൃസഹോദരിമാരുടെ പെൺമക്കളെയും, മാതൃസഹോദരൻ്റെ പെൺമക്കളെയും, മാതൃസഹോദരിയുടെ പെൺമക്കളെയും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവളായ ഒരു സ്ത്രീ സ്വയം തന്നെ താങ്കൾക്ക് സമർപ്പിച്ചാൽ -താങ്കൾ ഉദ്ദേശിക്കുന്നെങ്കിൽ- മഹ്റില്ലാതെ അവളെ വിവാഹം കഴിക്കുന്നതും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. ഈ പറഞ്ഞ രൂപത്തിൽ (സ്വയം സമർപ്പിച്ച സ്ത്രീയെ) വിവാഹം കഴിക്കുന്നത് നബി -ﷺ- ക്ക് മാത്രം അനുവദിക്കപ്പെട്ടതാകുന്നു; അവിടുത്തെ സമൂഹത്തിലുള്ള മറ്റാർക്കും അത് അനുവദനീയമല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ അവരുടെ ഇണകളുടെ കാര്യത്തിൽ നാം നിർബന്ധമാക്കിയ നിയമം എന്താണെന്ന് തീർച്ചയായും നമുക്കറിയാം; അതായത് അവർക്ക് നാല് ഭാര്യമാരിൽ കൂടുതൽ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്നതും, അവരുടെ അടിമസ്ത്രീകളിൽ നിന്ന് അവർ ഉദ്ദേശിക്കുന്നവരെ പ്രത്യേക എണ്ണപരിധിയില്ലാതെ ആസ്വദിക്കാമെന്നുമുള്ള നിയമം. താങ്കൾക്ക് പുറമെയുള്ളവർക്ക് അനുവദിച്ചു നൽകാത്തത് താങ്കൾക്കായി നാം അനുവദിച്ചു നൽകിയത് അങ്ങേക്ക് ഒരു പ്രയാസമോ ഇടുക്കമോ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.