Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Mumtahanah — Ayah 10

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا جَآءَكُمُ ٱلۡمُؤۡمِنَٰتُ مُهَٰجِرَٰتٖ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِيمَٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَٰتٖ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ لَا هُنَّ حِلّٞ لَّهُمۡ وَلَا هُمۡ يَحِلُّونَ لَهُنَّۖ وَءَاتُوهُم مَّآ أَنفَقُواْۚ وَلَا جُنَاحَ عَلَيۡكُمۡ أَن تَنكِحُوهُنَّ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّۚ وَلَا تُمۡسِكُواْ بِعِصَمِ ٱلۡكَوَافِرِ وَسۡـَٔلُواْ مَآ أَنفَقۡتُمۡ وَلۡيَسۡـَٔلُواْ مَآ أَنفَقُواْۚ ذَٰلِكُمۡ حُكۡمُ ٱللَّهِ يَحۡكُمُ بَيۡنَكُمۡۖ وَٱللَّهُ عَلِيمٌ حَكِيمٞ ١٠
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! (ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീകൾ അനിസ്ലാമിക നാടുകളിൽ നിന്ന് നിങ്ങളുടെ അടുത്തേക്ക് -ഇസ്ലാമിക നാടുകളിലേക്ക്- പാലായനം ചെയ്തു വന്നാൽ അവരുടെ വിശ്വാസത്തിൻ്റെ സത്യസന്ധത നിങ്ങൾ പരിശോധിക്കുക. അവരുടെ വിശ്വാസത്തെ കുറിച്ച് ഏറ്റവും അറിയുന്നത് അല്ലാഹുവിനാകുന്നു. ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെക്കുന്നതൊന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. നിങ്ങളുടെ പരിശോധനക്ക് ശേഷം അവർ (ഇസ്ലാമിൽ) സത്യസന്ധമായി വിശ്വസിച്ചവരാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ പിന്നെ അവരുടെ അമുസ്ലിംകളായ ഭർത്താക്കന്മാരുടെ അടുത്തേക്ക് അവരെ നിങ്ങൾ പറഞ്ഞയക്കരുത്. മുസ്ലിംകളായ സ്ത്രീകൾക്ക് അമുസ്ലിമായ പുരുഷനെ വിവാഹം കഴിക്കുക എന്നത് അനുവദനീയമല്ല. മുസ്ലിംകളായ പുരുഷന്മാർക്ക് അമുസ്ലിംകളായ സ്ത്രീകളെ വിവാഹം കഴിക്കുക എന്നതും അനുവദനീയമല്ല. അവരുടെ -മുസ്ലിംകളായ സ്ത്രീകളുടെ- ഭർത്താക്കന്മാർ ഇവർക്ക് നൽകിയ 'മഹ്ർ' (ഭർത്താവ് ഭാര്യക്ക് വിവാഹസമയം നൽകുന്ന സമ്പാദ്യം) നിങ്ങൾ അവർക്ക് തിരിച്ചു നൽകുക. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! (ഇസ്ലാം സ്വീകരിച്ച) സ്ത്രീകളെ അവരുടെ 'ഇദ്ദ' (ഭർത്താവ് മരിച്ച ശേഷം സ്ത്രീ വിവാഹിതയാകാതെ മാറിയിരിക്കുന്ന കാലാവധി) കഴിഞ്ഞ ശേഷം, അവർക്ക് 'മഹ്ർ' നൽകിക്കൊണ്ട് നിങ്ങൾക്ക് വിവാഹം കഴിക്കാം; അതിൽ തെറ്റില്ല. എന്നാൽ ആരുടെയെങ്കിലും ഭാര്യ അമുസ്ലിമോ, ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടയായവളോ ആണെങ്കിൽ അവളെ നിങ്ങൾ പിടിച്ചു വെക്കരുത്. കാരണം ഇസ്ലാമിൽ നിന്ന് പുറത്തു പോയതോടെ അവളുമായുള്ള വിവാഹബന്ധവും മുറിഞ്ഞു പോയിരിക്കുന്നു. നിങ്ങൾ (അമുസ്ലിംകളായ) ഇവർക്ക് വേണ്ടി ചിലവാക്കിയ 'മഹ്ർ' അമുസ്ലിംകളോട് നിങ്ങൾ ചോദിക്കുക. അവർ (ഇസ്ലാം സ്വീകരിച്ച) അവരുടെ ഭാര്യമാർക്ക് വേണ്ടി ചിലവഴിച്ചത് നിങ്ങളോടും ചോദിച്ചു കൊള്ളട്ടെ. -അവരും നിങ്ങളും മഹ്ർ മടക്കി കൊടുക്കുക- എന്ന ഈ വിധി അല്ലാഹുവിൻ്റെ വിധിയാകുന്നു. അവൻ ഉദ്ദേശിക്കുന്നത് പ്രകാരം നിങ്ങൾക്കിടയിൽ വിധി നിശ്ചയിക്കുന്നു. അല്ലാഹു അവൻ്റെ സൃഷ്ടികളുടെ അവസ്ഥകളും പ്രവർത്തനങ്ങളും ഏറ്റവും അറിയുന്ന 'അലീമാ'കുന്നു. അവന് ഒരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ അടിമകൾക്ക് നിശ്ചയിക്കുന്ന നിയമങ്ങളിൽ അങ്ങേയറ്റം മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു അവൻ.